Breaking News

*ഗ്യാസ് സിലിണ്ടറുമായി വീടിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; 'വിജയ് പറഞ്ഞാൽ താഴെയിറങ്ങാം'; കൊണ്ടോട്ടിയിൽ നാടകീയ രംഗങ്ങൾ*

കൊണ്ടോട്ടി : പള്ളിക്കൽ അങ്കപ്പറമ്പിൽ സ്വന്തം വീടിന് മുകളിൽ കയറി മാരകായുധങ്ങളുമായി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ മണിക്കൂറുകൾ നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിൽ നാട്ടുകാരും പോലീസും ചേർന്ന് പിന്തിരിപ്പിച്ചു. വീട്ടിലെ ഗ്യാസ് സിലിണ്ടറും ലൈറ്ററുമായി ടെറസിന് മുകളിൽ കയറിയ ബിടെക് ബിരുദധാരിയായ യുവാവ്, ഗ്യാസ് തുറന്നുവിട്ട് കത്തിച്ച് ആത്മഹത്യ ചെയ്യുമെന്നാണ് ഭീഷണി മുഴക്കിയത്.

തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്ന ആരോപണവുമായാണ് യുവാവ് മുകളിൽ കയറിയത്. തന്റെ ആരാധനാപാത്രമായ നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ് നേരിട്ട് ആവശ്യപ്പെട്ടാൽ മാത്രമേ താൻ താഴെയിറങ്ങൂ എന്ന് ഇയാൾ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഇതിനിടെ കൈവശമുണ്ടായിരുന്നു ബ്ലേഡ് ഉപയോഗിച്ച് സ്വന്തം കൈയിൽ വരഞ്ഞ് ഇയാൾ സ്വയം മുറിവേൽപ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ് തേഞ്ഞിപ്പലം പോലീസും മീഞ്ചന്ത ഫയർഫോഴ്സും സ്ഥലത്തെത്തി നിരന്തരം ചർച്ചകൾ നടത്തിയെങ്കിലും യുവാവ് വഴങ്ങിയില്ല.

ഒടുവിൽ അയൽവാസികളായ രണ്ടുപേരുമായി മാത്രം സംസാരിക്കാൻ യുവാവ് തയ്യാറായി. വീട്ടിൽ നിന്നും മാറിത്താമസിക്കുന്ന തന്റെ പിതാവിൽ നിന്നും തനിക്ക് വലിയൊരു തുക ലഭിക്കാനുണ്ടെന്നും, ആ പണം കിട്ടിയാൽ ആത്മഹത്യാശ്രമം ഉപേക്ഷിക്കാമെന്നും ഇയാൾ മധ്യസ്ഥരെ അറിയിച്ചു. എന്നാൽ പിതാവിന്റെ കൈവശം തൽക്കാലം അത്രയും തുക ഇല്ലാതിരുന്നതിനാൽ, ചർച്ചയിൽ പങ്കെടുത്ത അയൽവാസി തന്നെ ആ തുക തൽക്കാലത്തേക്ക് നൽകാമെന്ന് ഏൽക്കുകയായിരുന്നു. പണം ലഭിക്കുമെന്ന് ഉറപ്പായതോടെ യുവാവ് താഴെയിറങ്ങാൻ സമ്മതിച്ചു. തുടർന്ന് ആത്മഹത്യാശ്രമം ഉപേക്ഷിച്ച ഇയാളെ അടിയന്തര ചികിത്സകൾക്കായി പോലീസ് ആശുപത്രിയിലേക്ക് മാറ്റി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments