അജീഷിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി; 10 ലക്ഷം നഷ്ടപരിഹാരം: പ്രതിഷേധം അവസാനിപ്പിച്ചു

സര്‍വകക്ഷി യോഗത്തില്‍ തീരുമാനത്തില്‍ എത്തിയതോടെ അജീഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വയനാട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ആനയെ മയക്കുവെടി വച്ച് പിടികൂടിയ ശേഷം മുത്തങ്ങ ക്യാംപിലേക്ക് മാറ്റാനാണ് തീരുമാനം. എന്നാല്‍ ആനയെ കൊല്ലണമെന്ന് പ്രതിഷേധിച്ച നാട്ടുകാര്‍ ആവശ്യപ്പെട്ടു.
നേരത്തേ, ഭാര്യയ്ക്ക് താല്‍ക്കാലിക ജോലി നല്‍കുമെന്നായിരുന്നു വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞത്. എന്നാല്‍ യോഗത്തില്‍ സ്ഥിരം ജോലി നല്‍കാന്‍ ശുപാര്‍ശ ചെയ്യാന്‍ തീരുമാനമായി. യോഗതീരുമാനങ്ങള്‍ കലക്ടര്‍ വായിച്ചു കേള്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ വീണ്ടും പ്രതിഷേധിച്ചു. എന്നാല്‍ പിന്നീട് പൊലീസ് വാഹനത്തില്‍ കലക്ടറെ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
മരിച്ച അജീഷിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷംരൂപ തിങ്കളാഴ്ച തന്നെ നല്‍കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് കലക്ടർ രേണു രാജ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഭാര്യയ്ക്ക് ജോലി നൽകണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ സംസാരിച്ചിട്ടുണ്ട്. സ്ഥിരം ജോലിക്കുള്ള ശുപാർശ ഉടൻതന്നെ നൽകും. 10 ലക്ഷത്തിനു പുറമെ 40 ലക്ഷം കൂടി നൽകണമെന്ന ആവശ്യത്തിൽ അനുകൂല റിപ്പോർട്ട് നൽകുമെന്നും കലക്ടർ വ്യക്തമാക്കി. അജീഷിന്റെ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് തന്നെ ബന്ധുക്കൾക്കു വിട്ടുനൽകും.
No comments