*ബിഹാർ സ്വദേശിയുടെ അരയിൽ ഉപകരണം ഘടിപ്പിച്ച് ബംഗ്ലാദേശിയെന്ന് മുദ്രകുത്തി യുപി പൊലീസ്*
ലഖ്നൗ : ബംഗ്ലാദേശിയെന്ന് ആരോപിച്ച് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ആക്രമണവും ആൾക്കൂട്ടക്കൊലയും പതിവായിരിക്കെ അതിക്രമത്തിന് പ്രേരിപ്പിക്കുന്ന ഗുരുതരനീക്കവുമായി യുപി പൊലീസ്. ബംഗ്ലാദേശിയെന്ന് വരുത്തിത്തീർക്കാൻ ബിഹാർ സ്വദേശിയായ ആളുടെ അരയിൽ ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ കൗശമ്പി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അജയ് ശർമയുടേതാണ് നടപടി.
ഡിസംബർ 23നായിരുന്നു സംഭവം. കൗശമ്പി പ്രദേശത്തെ ചേരികളിൽ സിആർപിഎഫ് അംഗങ്ങൾക്കൊപ്പം തിരച്ചിൽ നടത്തുന്നതിനിടെയായിരുന്നു സംഭവം. എസ്എച്ച്ഒ ഇവിടെ താമസിക്കുന്ന മധ്യവയസ്കനോടും മകളോടും അവരുടെ ജന്മനാടിനെക്കുറിച്ച് ചോദിക്കുകയായിരുന്നു. ബിഹാറിലെ അരാരിയ ജില്ലക്കാരാണ് തങ്ങളെന്ന് ഇരുവരും പറയുകയും തിരിച്ചറിയൽ രേഖകൾ കാണിക്കുകയും ചെയ്തു. 1986 മുതൽ ഇവിടെയാണ് തങ്ങൾ താമസിക്കുന്നതെന്നും ഇരുവരും പറഞ്ഞു.
എന്നാൽ ഇത് വിശ്വസിക്കാതിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇരുവരും കള്ളം പറയുകയാണെന്നും ആരോപിച്ചു. പിതാവും മകളും ബംഗ്ലാദേശികളാണെന്ന് ആരോപിച്ച പൊലീസ് ഉദ്യോഗസ്ഥൻ പൗരത്വ പരിശോധനയെന്നോണം ഒരു മൊബൈൽ ഫോൺ ഇവരുടെ പുറകിൽ വച്ച് സ്കാൻ ചെയ്ത ശേഷം ഒരു ഉപകരണം അരയിൽ ഘടിപ്പിക്കുകയായിരുന്നു.
ഇരുവരും ബംഗ്ലാദേശി പൗരന്മാരാണെന്ന് ഉപകരണം തിരിച്ചറിഞ്ഞതായും ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു. എന്നാൽ, ഉദ്യോഗസ്ഥൻ സ്കാൻ ചെയ്ത ആൾ ബിഹാറിലെ അരാരിയയിൽ നിന്നുള്ളയാളാണെന്ന് ചേരി നിവാസികൾ പറഞ്ഞു.
അതേസമയം, സംഭവത്തിൽ പ്രതിഷേധം ശക്തമായെങ്കിലും എസ്എച്ച്ഒയെ താക്കീത് ചെയ്യുക മാത്രമാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ചെയ്തത്. ഭാവിയിൽ ഇത്തരം രീതികൾ സ്വീകരിക്കരുതെന്ന് എസ്എച്ച്ഒയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ഇന്ദിരാപുരം അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ അഭിഷേക് ശ്രീവാസ്തവ പറഞ്ഞു.
സത്യം പുറത്തുകൊണ്ടുവരാൻ പിതാവിന്റെയും മകളുടേയും മേൽ മാനസിക സമ്മർദം ചെലുത്താൻ ശ്രമിക്കുകയായിരുന്നു എസ്എച്ച്ഒയെന്നും എസിപി വാദിച്ചു. തെറ്റായ തന്ത്രങ്ങൾ സ്വീകരിച്ചതിന് ശർമയെ താക്കീത് ചെയ്തിട്ടുണ്ടെന്നും എസിപി ശ്രീവാസ്തവ കൂട്ടിച്ചേർത്തു.
ഡിസംബർ 24ന് ഒഡിഷയിലെ സാംബൽപൂരിൽ പശ്ചിമ ബംഗാളിൽ നിന്നുള്ള തൊഴിലാളിയെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരനാണെന്ന് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നിരുന്നു. പ്രദേശത്ത് ജോലി ചെയ്തിരുന്നയ ജുവൽ ഷെയ്ക്ക് (30) ആണ് കൊല്ലപ്പെട്ടത്. നഗരത്തിലെ ശാന്തി നഗർ പ്രദേശത്തെ ഒരു ചായക്കടയിലായിരുന്നു സംഭവം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments