Breaking News

*അമേരിക്കൻ യുദ്ധകപ്പലുകൾ ഇന്ത്യൻ സമുദ്രമേഖലയിൽ പ്രവേശിച്ചു; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി*

ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷസാധ്യത ശക്തമാകുന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള വാക്പോര് രൂക്ഷമായതോടെയാണ് സ്ഥിതി​ഗതികൾ രൂക്ഷമായത്. പസിഫിക് സമുദ്രമേഖലയിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കൻ യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലേക്ക് നീങ്ങിത്തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്.


സൗത്ത് ചൈന കടലിലുണ്ടായിരുന്ന യുഎസ് പോർവിമാനവാഹിനിയായ യുഎസ്എസ് ഏബ്രഹാം ലിങ്കൺ ഉൾപ്പെടെ മൂന്ന് യുദ്ധക്കപ്പലുകൾ ചൊവ്വാഴ്ച ഇന്ത്യൻ സമുദ്രമേഖലയിൽ പ്രവേശിച്ചതായാണ് വിവരം. മേഖലയിൽ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.

ഇതിനിടെ, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി അമേരിക്കയ്‌ക്കെതിരെ കടുത്ത മുന്നറിയിപ്പ് നൽകി. “ജൂണിലെ ആക്രമണ സമയത്ത് ഇറാൻ നിയന്ത്രണം പാലിച്ചു. എന്നാൽ ഇനി ആക്രമണമുണ്ടായാൽ മുഴുവൻ ശക്തിയോടെയും തിരിച്ചടിക്കാൻ സൈന്യം തയ്യാറാണ്,”-അബ്ബാസ് അറഗ്ചി പറഞ്ഞു.

ഇറാനിൽ നടന്ന പ്രക്ഷോഭം 72 മണിക്കൂർ മാത്രമാണ് നീണ്ടതെന്നും, പിന്നീട് രാജ്യവ്യാപകമായി പ്രശ്നങ്ങൾ സൃഷ്ടിച്ചത് സായുധ കലാപകാരികളാണെന്നും വോൾ സ്ട്രീറ്റ് ജേർണലിൽ എഴുതിയ ലേഖനത്തിൽ അറഗ്ചി ആരോപിച്ചു. സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ അടിച്ചമർത്തിയെന്നാരോപണത്തെ തുടർന്ന് ലോക സാമ്പത്തിക ഫോറത്തിലേക്കുള്ള ഇറാന്റെ ക്ഷണം നേരത്തെ റദ്ദാക്കിയിരുന്നു.

അതേസമയം, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ ലക്ഷ്യമിട്ടാൽ അതിന്റെ ഫലം പൂർണയുദ്ധമായിരിക്കുമെന്നു ഇറാൻ മുന്നറിയിപ്പ് നൽകി. ഖമനയിക്കെതിരെ കൈ ചൂണ്ടിയാൽ കനത്ത പ്രതികരണം ഉണ്ടാകുമെന്നു ഇറാൻ സായുധസേനയും വ്യക്തമാക്കി.

തന്നെ വധിച്ചാൽ ഇറാനെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പറഞ്ഞത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ഖമനയിയുടെ ഭരണം അവസാനിപ്പിക്കണമെന്നും ട്രംപ് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച ഗൾഫ് രാജ്യങ്ങൾ ഇടപെട്ടതോടെ താൽക്കാലിക ശാന്തത നിലനിന്നിരുന്നെങ്കിലും, പുതിയ നീക്കങ്ങൾ മേഖല വീണ്ടും അസ്ഥിരതയിലേക്കു നീങ്ങുകയാണെന്ന സൂചന നൽകുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments