Breaking News

*മരിച്ചെന്ന്' പഞ്ചായത്ത്; മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ജീവിച്ചിരിക്കുന്നയാൾക്ക് നോട്ടീസ്*

ജീവിച്ചിരിക്കുന്ന ആൾ തന്റെ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന പഞ്ചായത്തിന്റെ വിചിത്രമായ നിർദേശത്തിൽ ഞെട്ടിയിരിക്കുകയാണ് പ്രമാടം സ്വദേശി ഗോപിനാഥൻ നായരും കുടുംബവും. സ്വന്തം മരണവാർത്ത ഔദ്യോഗികമായി ലഭിച്ച നടുക്കത്തിലാണ് ഈ വയോധികൻ.


പ്രമാടം പഞ്ചായത്തിൽ നിന്നും തപാലിൽ വന്ന കത്ത് പൊട്ടിച്ചു വായിച്ച ഗോപിനാഥൻ നായർ ആദ്യം ഒന്ന് അമ്പരന്നു. തന്റെ മരണം സ്ഥിരീകരിച്ചതായും, ആയതിനാൽ എത്രയും വേഗം മരണ സർട്ടിഫിക്കറ്റ് പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്നുമാണ് കത്തിലെ ഉള്ളടക്കം.

സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് പഞ്ചായത്ത് ഇത്തരമൊരു നടപടി സ്വീകരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ച ഈ കത്ത് ഗോപിനാഥൻ നായർ കൈപ്പറ്റിയത്.
കത്ത് ലഭിച്ച് മൂന്ന് ദിവസത്തിനകം ആധാർ കാർഡും മരണ സർട്ടിഫിക്കറ്റുമായി ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസിലെ കർശന നിർദേശം. എന്നാൽ ജീവനോടെ മുന്നിൽ നിൽക്കുന്ന ആൾ എങ്ങനെ മരണ സർട്ടിഫിക്കറ്റ് നൽകുമെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ അധികൃതർക്ക് കഴിയുന്നില്ല. സംഭവം വിവാദമായതോടെ വിശദീകരണവുമായി പഞ്ചായത്ത് അധികൃതർ രംഗത്തെത്തി. ഗോപിനാഥൻ നായർ മരണപ്പെട്ടതായി ആരോ വിവരം നൽകിയതിനെത്തുടർന്നാണ് ഇത്തരമൊരു കത്തയച്ചത് എന്നാണ് പഞ്ചായത്തിന്റെ ഔദ്യോഗിക വിശദീകരണം.
എന്നാൽ, യാതൊരു അന്വേഷണവും നടത്താതെ ഒരു വ്യക്തി മരിച്ചെന്ന് എങ്ങനെയാണ് രേഖകളിൽ ഉൾപ്പെടുത്തുക എന്ന് കുടുംബം ചോദിക്കുന്നു. ആരാണ് ഇത്തരമൊരു തെറ്റായ വിവരം പഞ്ചായത്തിൽ നൽകിയതെന്ന് വ്യക്തമാക്കണമെന്നാണ് ഗോപിനാഥൻ നായരുടെ ബന്ധുക്കളുടെ ആവശ്യം.

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണിതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കൃത്യമായ പരിശോധനകൾ നടത്താതെ പെൻഷൻ ഗുണഭോക്താക്കളെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ കാണിക്കുന്ന ധൃതിയാണ് ഇത്തരം അബദ്ധങ്ങൾക്ക് കാരണമെന്നും ആക്ഷേപമുണ്ട്. സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. നിലവിൽ പഞ്ചായത്തിന്റെ നടപടിക്കെതിരെ പരാതി നൽകാനുള്ള ഒരുക്കത്തിലാണ് ഗോപിനാഥൻ നായരും കുടുംബവും



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments