Breaking News

പിഴവുകൾ പ്രകടമായിട്ടും 'വിശ്വസ്തനെ' സർക്കാർ തൊട്ടില്ല


 തിരുവനന്തപുരം:സി.പി.എമ്മിനുള്ളിലും പുറത്തും പോലീസിനെതിരേ നിരന്തരവിമർശനം ഉയർന്നപ്പോഴും ഒരു പോറലുമേൽക്കാതെ സംരക്ഷിക്കപ്പെട്ട ഉന്നതനാണ് എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ. സേനയിൽ രണ്ടാമനാണ് എ.ഡി.ജി.പി.യെങ്കിലും ‘മുഖ്യമന്ത്രിയുടെ വിശ്വസ്തൻ’ എന്ന നില അജിത്കുമാറിനെ ഒന്നാമനാക്കി.ക്രമസമാധാനച്ചുമതല മുൻപ്‌ ഉത്തര-ദക്ഷിണ മേഖലാതലത്തിലായിരുന്നു. ലോക്നാഥ് ബെഹ്റ ഡി.ജി.പി.യായ കാലത്താണ് ഒറ്റ എ.ഡി.ജി.പി. ക്രമസമാധാനച്ചുമതല വഹിച്ചുതുടങ്ങിയത്. ഷേഖ് ദർവേഷ് സാഹിബ് ആയിരുന്നു ആദ്യം. പിന്നെ വിജയ് സാഖറെ. ചുമതയിലെത്തുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥനാണ് അജിത്‌കുമാർ.

സർക്കാർ താത്‌പര്യം സംരക്ഷിക്കാൻ ഭരണകക്ഷിക്ക് ഏറ്റവും വേണ്ടപ്പെട്ടയാൾക്കാണ് പോലീസിൽ ക്രമസമാധാനച്ചുമതലയുള്ള പദവി നൽകുക. 2022 ഒക്ടോബറിൽ അജിത്കുമാർ ഈ പദവിയിലെത്തി. എല്ലാ ജില്ലാ പോലീസ് മേധാവികളും ദൈനംദിനം റിപ്പോർട്ട് ചെയ്യുന്ന ഉദ്യോഗസ്ഥൻ. ഓരോ ചലനങ്ങളും അപ്പപ്പോൾ അറിയേണ്ടതിനാൽ, മുഖ്യമന്ത്രി ഏറ്റവും കൂടുതൽ ബന്ധപ്പെടുന്ന ആൾരണ്ടുവർഷത്തിനുള്ളിൽ പോലീസിനെതിരേ പ്രതിഷേധമുയർന്ന സംഭവങ്ങളേറെ. പിഴവുകൾ പ്രകടമായിട്ടും സർക്കാർ അജിത്കുമാറിനെ തൊട്ടില്ല. കണ്ടറിഞ്ഞു സഹായിച്ച എ.ഡി.ജി.പി.യെ ചേർത്തുനിർത്തി.

1. നവകേരള സദസ്സായിരുന്നു ഇതിൽ പ്രധാനം. മുഖ്യമന്ത്രിക്ക് കരിങ്കൊടികാണിച്ച സമരക്കാർക്കുനേരേ പോലീസ് വേട്ട. മുഖ്യമന്ത്രി വിശേഷിപ്പിച്ച രക്ഷാപ്രവർത്തനം നടത്തിയ ഡി.വൈ.എഫ്.ഐ.ക്കാർക്കെതിരേ കേസുമെടുത്തില്ല. പ്രതിഷേധക്കാരെ നേരിടാൻ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ നേരിട്ടിറങ്ങിയതും വിവാദമായി. പ്രതിപക്ഷത്തെ ഒതുക്കി എ.ഡി.ജി.പി. ‘ക്രമസമാധാനം’ കാത്തു.               2. ശബരിമല തീർഥാടനവേളയിലും വിവാദം കത്തി. തീർഥാടകരെ വഴിയിൽ തടഞ്ഞതിലും സന്നിധിയിൽ പ്രവേശനം നിയന്ത്രിച്ചതിലും പോലീസിനെതിരേ പ്രതിഷേധം. ദർശനത്തിന് ഒരു ദിവസം 60,000 പേരിൽ കൂടുതൽ പാടില്ലെന്ന് എ.ഡി.ജി.പി.യുടെ തിട്ടൂരം.

3. ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്തെ തൃശ്ശൂർപ്പൂരം. പോലീസിന്റെ വിവാദ ഇടപെടൽ നടക്കുമ്പോൾ എ.ഡി.ജി.പി. സ്ഥലത്തുണ്ടായിരുന്നു. പോലീസ് കമ്മിഷണർ അങ്കിത് അശോകിനെ മാറ്റിയതൊഴിച്ചാൽ എ.ഡി.ജി.പി. അടക്കം സുരക്ഷിതൻ.

4. വയനാട് ദുരന്തമേഖലയിൽ ഭക്ഷണമെത്തിക്കുന്നത് എ.ഡി.ജി.പി.യുടെ നിർദേശപ്രകാരം പോലീസ് വിലക്കിയെന്ന് സി.പി.ഐ. വിമർശനം. വയനാട് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിയെ നയിക്കാനുള്ള ദൗത്യമേൽപ്പിച്ചതും അജിത്കുമാറിനെ.

No comments