Breaking News

ഉത്തർപ്രദേശിൽ 180 വർഷം പഴക്കമുള്ള നൂരി മസ്ജിദിന്റെ പ്രധാന ഭാഗങ്ങൾ തകർത്തു

ഫത്തേപൂർ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ 180 വർഷം പഴക്കമുള്ള നൂരി ജുമാ മസ്ജിദിന്റെ പ്രധാന ഭാഗങ്ങൾ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. ലലൗലി ടൗണിലെ സാദർ ബസാറിലുള്ള പള്ളി റോഡ് കയ്യേറി നിർമിച്ചതാണെന്ന് ആരോപിച്ചാണ് ജില്ലാ ഭരണകൂടം ഇന്ന് രാവിലെ ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. കയ്യേറ്റം ആരോപിച്ചുള്ള ജില്ലാ ഭരണകൂടത്തിന്റെ നോട്ടീസിനെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹരജി അലഹബാദ് ഹൈക്കോടതി 13ന് പരിഗണിക്കാനിരിക്കെയാണ് ജില്ലാ ഭരണകൂടം തിരക്കിട്ട് പ്രധാനഭാഗങ്ങൾ പൊളിച്ചത്.

എഡിഎം അവിനാഷ് ത്രിപാഠി, എഎസ്പി വിജയ് ശങ്കർ മിശ്ര എന്നിവരുടെ സാന്നിധ്യത്തിൽ വൻ സായുധ പൊലീസ് സംഘത്തെ പ്രദേശത്ത് വിന്യസിച്ചാണ് പള്ളിയുടെ ഭാഗങ്ങൾ പൊളിച്ചത്. പ്രദേശവാസികളായ 25,000 പേർ വീട്ടുതടങ്കലിലാണ് എന്നാണ് അനൗദ്യോഗിക വിവരം.


റോഡ് വികസനത്തിന്റെ ഭാഗമായി ഡ്രൈനേജ് നിർമാണത്തിന് ഈ വർഷം സെപ്റ്റംബർ 24നാണ് യുപി പൊതുമരാമത്ത് വകുപ്പ് മസ്ജിദ് കമ്മിറ്റിക്ക് നോട്ടീസ് നൽകിയത്. മസ്ജിദിന്റെ പിൻഭാഗവും 133 വീടുകളും കടകളും റോഡ് കയ്യേറി നിർമിച്ചതാണ് എന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വാദം. പൊതുമരാമത്ത് വകുപ്പിന്റെ നടപടിക്കെതിരെ മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പിൻഭാഗം പൊളിച്ചുനീക്കുന്നത് മസ്ജിദിന് കാര്യമായ കേടുപാടുണ്ടാക്കും. മസ്ജിദ് പൊളിക്കുന്നത് തടയാൻ അടിയന്തര ഇടപെടലുണ്ടാവണം. 180 വർഷത്തോളം പഴക്കമുള്ള മസ്ജിദ് കേവലം ആരാധനാലയം മാത്രമല്ല, രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ നിർണായക ഭാഗമാണ് എന്നായിരുന്നു അഭിഭാഷകനായ സയ്യിദ് അസീമുദ്ദീൻ മുഖേന മസ്ജിദ് കമ്മിറ്റി നൽകിയ ഹരജിയിലെ വാദം.

പള്ളിയുടെ ഭാഗങ്ങൾ പൊളിച്ചുനീക്കുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന ആരാധനാ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. നൂറു വർഷത്തിലധികമായി പഴക്കമുള്ള പള്ളി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുന്നതാണ്. മസ്ജിദ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷിത സ്മാരകങ്ങളിൽ ഉൾപ്പെടാൻ നിർദേശിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.

മസ്ജിദുകൾക്കെതിരെ യുപി സർക്കാർ തുടരുന്ന അതിക്രമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. രാജ്യത്തെ ആരാധനാലയങ്ങൾ 1947 ആഗസ്റ്റ് 15ന് ഉള്ളതുപോലെ നിലനിർത്തണമെന്നാണ് 1991ലെ ആരാധനാലയ സംരക്ഷണ നിയമം പറയുന്നത്. ഇത് തുടർച്ചയായി അവഗണിക്കപ്പെടുകയാണ്. ഇത് ന്യൂനപക്ഷങ്ങൾക്കെതിരായ നേരിട്ടുള്ള പ്രകോപനമാണെന്നും ആക്ടിവിസ്റ്റായ സൽമാൻ നിസാമി എക്‌സിൽ കുറിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/GMHsqdYpoAr9GnbbDdWBn
https://chat.whatsapp.com/JL8Lu4g1r8uKYAnoj8NtQJ

No comments