ദുബായ്-മംഗളൂരു എയർ ഇന്ത്യ വിമാനം പുറപ്പെടാൻ ഏറെ വൈകി; അവസാന നിമിഷം ഭർത്താവിനരികിലെത്താനാകാതെ വിതുമ്പിയ സ്ത്രീ ഒടുവിൽ ബോധരഹിതയായി.
ദുബായ് : ദുബായിൽ നിന്ന് മംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് IX-814 വിമാനം അനിശ്ചിതമായി വൈകിയതിനെ തുടർന്ന് യാത്രക്കാർ കനത്ത പ്രതിസന്ധിയിലായി. ബുധനാഴ്ച രാത്രി യുഎഇ സമയം 11.40-ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിൽ കയറിയ യാത്രക്കാരെ ഏതാണ്ട് ഒരു മണിക്കൂറോളം ഇരുത്തിയശേഷം പുറത്തിറക്കുകയായിരുന്നു. ഇതോടെ രോഗികളും വയോധികരും കുട്ടികളും സ്ത്രീകളും അടക്കമുള്ള യാത്രക്കാർ വലിയ ബുദ്ധിമുട്ടുകൾ നേരിട്ടു. ഭർത്താവ് മരിച്ചതിനെ തുടർന്ന് അടിയന്തരമായി നാട്ടിലേക്ക് പോകുന്ന മംഗളൂരു സ്വദേശിനി ബോധരഹിതയായി വീണു, തുടർന്ന് അവർക്കു പ്രാഥമിക ചികിത്സ നൽകി. ഇതുപോലെ അടിയന്തരമായി നാട്ടിലേയ്ക്ക് പോകേണ്ടിയിരുന്ന ഒട്ടേറെ യാത്രക്കാരും വലയേണ്ടി വന്നു. വിമാനത്തിന്റെ വാതിലടയാത്ത സാങ്കേതിക തകരാറാണ് വൈകിയതിന്റെ കാരണം എന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.
യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്ന് മണിക്കൂറുകൾ മുൻപേ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാർക്ക് ആദ്യം 1.10ന് വിമാനം പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും, പിന്നീട് വീണ്ടും വൈകുമെന്ന് അറിയിക്കുകയും ചെയ്തു. യാത്രക്കാർ വിമാനത്തിനകത്ത് ഇരിക്കുമ്പോൾ ചൂട് മൂലം കുട്ടികൾ അസ്വസ്ഥരായി കരഞ്ഞു. ക്യാപ്റ്റൻ പ്രശ്നം ഉടൻ പരിഹരിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും യാത്ര വീണ്ടും നീണ്ടു. സ്ഥിതി വഷളായതോടെ അധികൃതർ യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. തുടർന്നു യാത്രക്കാരെ ബസിൽ കയറ്റിയെങ്കിലും അത് ഒരു മണിക്കൂറിലേറെ വിമാനത്താവള പരിധിയിൽ അങ്ങോട്ടുമിങ്ങോട്ടും നീങ്ങി. ഒടുവിൽ പുലർച്ചെ നാലരയോടെ യാത്രക്കാരെ വിമാനത്താവളത്തിനകത്തേക്ക് തിരിച്ചെത്തിച്ചു.
യാത്രക്കാർ പ്രതിഷേധം ശക്തമാക്കിയതോടെ എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ സാങ്കേതിക തകരാർ പരിഹരിക്കാതെ വിമാനം പുറപ്പെടാനാകില്ലെന്നും എല്ലാവരെയും ഹോട്ടലിലേക്ക് മാറ്റുമെന്നും അറിയിച്ചു. ഹോട്ടലിൽ താമസിക്കാൻ താത്പര്യമില്ലാത്തവർക്ക് ടിക്കറ്റ് റദ്ദാക്കി പണം തിരിച്ചു നൽകുമെന്നും അറിയിച്ചതിനെ തുടർന്ന് ഭർത്താവ് മരിച്ച സ്ത്രീയടക്കം ചിലർ മറ്റ് വിമാനങ്ങളിൽ യാത്ര തിരിച്ചു.
എന്നാൽ ഭൂരിഭാഗം യാത്രക്കാരും ഇപ്പോഴും ഹോട്ടലിൽ കാത്തിരിക്കുകയാണ്. അവസാനമായി ലഭിച്ച വിവരമനുസരിച്ച് വിമാനം ഇന്ന് വൈകുന്നേരത്തോടെ പുറപ്പെടുമെന്നാണ് അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് ആദ്യം ബർഗറും പിന്നീട് ഹോട്ടലിൽ ഭക്ഷണവും നൽകിയതായി റിപ്പോർട്ടുണ്ട്.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments