*അപകടം കൂടിയെങ്കിലും സംസ്ഥാനത്ത് അപകടമരണം കുറയുന്നു; 2025 ൽ കിടപ്പിലായത് 39,902 പേർ*
തിരുവനന്തപുരം : സംസ്ഥാനത്ത് അപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം കുറയുന്നത് ശുഭസൂചകമാണെങ്കിലും അപകടങ്ങളുടെയും പരുക്കേറ്റ് കിടപ്പിലാവുന്നവരുടെയും എണ്ണം കൂടുന്നു. വാഹനങ്ങളുടെ എണ്ണത്തിലെ വർധന അപകടം കൂടാൻ കാരണമാണെങ്കിലും ഗുരുതരമായി പരുക്കേൽക്കുന്നവരുടെ എണ്ണം കൂടാൻ പ്രധാനകാരണം അമിതവേഗമാണെന്നാണ് വിലയിരുത്തൽ. 2025 ൽ 39,902 പേരാണ് അപകടങ്ങളെത്തുടർന്ന് കിടപ്പിലായത്. 2024 ൽ ഇത് 38,117 ആയിരുന്നു. 2024 ൽ 48,834 അപകടങ്ങളിലായി 3880 പേർ മരിച്ചു. 2025 ൽ 49,801 അപകടങ്ങളുണ്ടായെങ്കിലും മരണം 3725 ആയി കുറയ്ക്കാൻ കഴിഞ്ഞു.
ആധുനിക ചികിത്സാ സൗകര്യങ്ങളാണ് ജീവൻ നഷ്ടമാവാതെ നോക്കുന്നതെങ്കിലും ദീർഘകാലം കിടപ്പിലാവുന്നവരുടെ എണ്ണം പെരുകുന്നത് കുടുംബങ്ങളിലും സമൂഹത്തിലും വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ പഠനം നടത്താനാണ് റോഡ് സുരക്ഷാ അതോറിറ്റിയുടെ തീരുമാനം. കഴിഞ്ഞ 3 വർഷത്തെ അപകടങ്ങളുടെ എണ്ണത്തിൽ 2025 ഏറ്റവും ഉയർന്ന നിലയിലാണ്. 2022 ൽ 43,910 അപകടങ്ങളിൽ 4317 പേരും 2023 ൽ 48,144 അപകടങ്ങളിൽ 4010 പേരുമാണ് മരിച്ചത്. തൃശൂർ, ഇടുക്കി, കൊല്ലം ജില്ലകളിലാണ് അപകടവും മരണവും കൂടിയത്. നഗരങ്ങളിൽ ഗതാഗത കുരുക്ക് മറികടക്കാൻ ചെറിയ വഴികൾ തേടി അപകടത്തിലാവുന്നവരുടെ എണ്ണവും വർധിച്ചു.
കേരളത്തിൽ വർഷം തോറും വാഹന വളർച്ച നിരക്ക് 12% ആണ്. 7 വർഷം കൂടുമ്പോൾ വണ്ടികളുടെ എണ്ണം ഇരട്ടിയാകും. 1.3 കോടി വാഹനങ്ങൾ കേരളത്തിലെ റോഡിലുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ വാഹന സാന്ദ്രതയും കേരളത്തിലാണ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments