Breaking News

*മദീനയിൽ പ്രാർത്ഥിച്ചു മടക്കം; അപകടം ജീവനെടുത്തത് ഒരുവീട്ടിലെ 4 പേരുടെ; പ്രവാസലോകത്തെ പ്രിയപ്പെട്ട ജലീലിനും കുടുംബത്തിനും പ്രവാചകന്റെ ചാരത്ത് അന്ത്യനിദ്ര..!*

മദീന : മൂന്നു പതിറ്റാണ്ടിലധികമായി പ്രവാസ ലോകത്ത് ജീവിതം കെട്ടിപ്പടുത്ത ജലീലിന്റെ അന്ത്യവിശ്രമവും സൗദിയിലെ മണ്ണിലായി. മദീനയിൽ പ്രവാചകൻ അന്തിയുറങ്ങുന്ന റൗളാ ശരീഫ് കണ്ടുമടങ്ങവേ അപകടത്തിൽ മരിച്ച കുടുംബാംഗങ്ങളെ മദീനയുടെ മണ്ണിൽ തന്നെ മറവു ചെയ്യാനായിരുന്നു കുടുംബാംഗങ്ങളുടെ തീരുമാനം.

സ്വന്തമായി അലങ്കാര ലൈറ്റുകളുടെ ബിസിനസ് നടത്തിവരികയായിരുന്നു ജലീൽ. പിതാവ് എൻ.ഇസ്മായിലിൻ്റെ മരണശേഷം മാതാവ് മൈമൂന പലതവണ ജലീലിന്റെ കുടുംബത്തോടൊപ്പം ജിദ്ദയിൽ എത്തി താമസിച്ചിരുന്നു. നവംബർ 17ന് ആണ് ഒടുവിൽ ഉംറ വീസയിൽ ജിദ്ദയിൽ എത്തിയത്.

കാൽമുട്ടിന് ശസ്ത്രക്രിയ നടത്തിയതിന്റെ പ്രയാസങ്ങൾ ഏറെയുണ്ടെങ്കിലും 79-ാം വയസ്സിലും ഉംറ തീർഥാടനത്തിനായി എത്തിയതായിരുന്നു അവർ. കുടുംബബന്ധത്തെ ഏറെ പ്രാധാന്യത്തോടെ കണ്ടിരുന്ന ജലീലിന്റെ അന്ത്യയാത്രയും കുടുംബത്തോടൊപ്പമായി.

തിരൂർക്കാട് വെള്ളില യു.കെ പടി തോണിക്കര സ്വദേശികളായ കുടുംബമാണ് അപകടത്തില്‍ പെട്ടത്. വെള്ളില സ്വദേശി നടുവത്ത് കളത്തില്‍ ജലീല്‍ (52), ഭാര്യ തസ്ന തോടേങ്ങല്‍ (40), മാതാവ് മൈമൂനത്ത് കാക്കേങ്ങല്‍, ജലീലിന്റെ മകൻ ആദില്‍ (13) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ജിഎംസി യുകോണ്‍ കാർ പുല്ല് കൊണ്ടുപോകുന്ന ട്രെക്കിന് പിറകില്‍ ഇടിക്കുകയായിരുന്നു.

വാഹനത്തില്‍ ജലീല്‍, ജലീലിന്റെ ഉമ്മ, ഭാര്യ, നാല് മക്കള്‍ എന്നിങ്ങനെ ഏഴു പേർ ഉണ്ടായിരുന്നു. മൂന്ന് മക്കള്‍ രണ്ട് വ്യത്യസ്ത ഹോസ്പിറ്റലുകളിലായി തീവ്ര പരിചരണ വിഭാഗത്തിലാണ്.

ജലീലിന്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവർ ആണ് സാരമായ പരിക്കുകളോടെ മദീനയിലെ കിങ് ഫഹദ്, സൗദി ജർമൻ എന്നീ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയന്നത്.

മരണവാർത്തയറിഞ്ഞ് തിരൂർക്കാട് തോണിക്കരയിലെ വീട്ടിൽ ഏറെപ്പേരെത്തി. നാട്ടിലുള്ള മക്കൾ ജലീലിന്റെ സഹോദരി മുനീറ ഉൾപ്പെടെയുള്ള ഏതാനും ബന്ധുക്കളുടെ കൂടെ തങ്ങളുടെ ഉറ്റവരെ അവസാനമായി ഒരുനോക്കു കാണാൻ മദീനയിലേക്ക് പോയിരുന്നു. ഇവരുടെ ഭർത്താവ് കിഴിശ്ശേരി സ്വദേശി സിദ്ദീഖ് അപകടവിവരങ്ങൾ നൽകുന്നതിനിടെ വാക്കുകൾ മുഴുമിപ്പിക്കാനാവാതെ വിതുമ്പി.

തോണിക്കരയിലെ ജലീലിന്റെ വീടിനും നമസ്കാര പള്ളിക്കും ഒറ്റ മതിലാണ്. ഇതേ ബന്ധം മതനിഷ്ഠയിലും കുടുംബബന്ധം കാത്തുസൂക്ഷിക്കുന്നതിലും ജലീൽ പുലർത്തിയിരുന്നതായി സിദ്ദീഖ്.

അവസരം കിട്ടുന്ന വെള്ളിയാഴ്ചകളിലെല്ലാം മക്കയിലോ മദീനയിലോ ജുമുഅയിൽ പങ്കെടുക്കാൻ ജലീൽ ശ്രദ്ധിച്ചിരുന്നു. ഒടുവിൽ മദീനയിൽ പ്രാർഥിച്ചു മടങ്ങവേയാണ് ജലീലിന്റെ ജീവിതയാത്ര അവസാനിച്ചതും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments