*ജാമ്യമില്ല; ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിൽ തുടരും; ഗുൽഫിഷയടക്കം അഞ്ച് പേർക്ക് ജാമ്യം*
ഡൽഹി : ഡൽഹി കലാപ ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യമില്ല. സുപ്രിംകോടതി ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി അൻജാരിയാ അടങ്ങുന്ന ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. എന്നാൽ മറ്റ് അഞ്ച് പേർക്ക് കോടതി ജാമ്യം അനുവദിച്ചു. ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫഉർറഹ്മാൻ, മുഹമ്മദ് സലീം ഖാൻ, ഷദാബ് അഹമ്മദ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഒമ്പത് പേരാണ് ഹരജി നൽകിയിരുന്നതെങ്കിലും ഇന്ന് ഏഴു പേരുടെ ഹരജിയിലാണ് വിധി പറഞ്ഞത്.
ഉമറിനും ഷർജീലിനും ജാമ്യം നൽകരുതെന്ന ഡൽഹി പൊലീസ് ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇവർക്ക് കുറ്റകൃത്യത്തിൽ പങ്കുള്ളതായി പ്രഥമദൃഷ്ട്യാ കോടതിക്ക് തോന്നുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഡൽഹി ഹൈക്കോടതി വിധി ന്യായം അംഗീകരിച്ചാണ് സുപ്രിംകോടതി വിധി. അഞ്ച് വർഷമായി വിചാരണയില്ലെന്നത് ജാമ്യം അനുവദിക്കാനുള്ള കാരണമല്ലെന്ന് വ്യക്തമാക്കിയാണ് ഉമർ ഖാലിദിനും ഷർജീലിനും ജാമ്യം നിഷേധിച്ചത്.
വിചാരണ വേഗത്തിലാക്കണമെന്ന് സുപ്രിംകോടതി നിർദേശിച്ചു. കർശന വ്യവസ്ഥയിലാണ് അഞ്ച് പേർക്ക് ജാമ്യം അനുവദിച്ചത്. വ്യവസ്ഥകൾ തെറ്റിച്ചാൽ ജാമ്യം റദ്ദാക്കുമെന്ന് കോടതി അറിയിച്ചു. 12 ജാമ്യ വ്യവസ്ഥകളാണ് കോടതി മുന്നോട്ടുവച്ചിരിക്കുന്നത്. ഉമർ ഖാലിദിനും ഷർജീലിനും ഒരു വർഷത്തിനുള്ളിൽ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവർ അഞ്ച് വർഷത്തിലധികമായി ജയിലിലാണ്. ഡൽഹി ജെൻയുവിലെ മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവർ ഡൽഹി ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രിംകോടതിയിൽ അപ്പീൽ നൽകിയത്. ഉമർ ഖാലിദിനെ കൂടാതെ ഷർജീൽ ഇമാം, ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, അഥർഖാൻ, അബ്ദുൽ ഖാലിദ് സെഫി, മുഹമ്മദ് സലിം ഖാൻ, ഷിഫാഉർറഹ്മാൻ, ശദാബ് അഹമ്മദ് എന്നിവരാണ് ഹരജി നൽകിയത്.
സെപ്തംബർ രണ്ടിനാണ് ഡൽഹി ഹൈക്കോടതി ഇവർക്ക് ജാമ്യം നിഷേധിച്ചത്. സാധാരണ ചെയ്തുവരുന്ന സമരം മാത്രമാണ് തങ്ങൾ നടത്തിയതെന്നും ഡൽഹി പൊലീസ് ആരോപിക്കുന്ന കുറ്റം ചാർത്താനാവില്ല എന്നുമാണ് ഹൈക്കോടതിയിൽ വാദിച്ചത്. എന്നാൽ, പെട്ടെന്നുണ്ടായതല്ല, മറിച്ച് മുൻകൂട്ടി ആസൂത്രണം ചെയ്ത സമരമാണ് ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവർ ചെയ്തത് എന്നായിരുന്നു ഡൽഹി കോടതിയുടെ കണ്ടെത്തൽ
ഡൽഹി കലാപ ഗൂഢാലോചനയുമായി പ്രതികളെ ഒരിക്കലും ബന്ധപ്പെടുത്താൻ കഴിയില്ലെന്ന വാദമാണ് അഭിഷേക് മനു സിങ്‌വി, കപിൽ സിബൽ തുടങ്ങിയ അഭിഭാഷകർ സുപ്രിംകോടതിയിൽ ഉന്നയിച്ചത്. വിചാരണ കൂടാതെ ദീർഘകാലം ജയിലിൽ അടച്ചതിലെ കുഴപ്പങ്ങളും വിചാരണ ഇനിയും ആരംഭിക്കാത്തതിനെ പറ്റിയും വിശദമായ വാദം നടത്തി. യുഎപിഎ ചുമത്തിയത് എന്തിനാണെന്നും സുപ്രിംകോടതി ഒരുഘട്ടത്തിൽ ചോദിച്ചിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments