*മൂന്ന് നിലയുള്ള വീടും ഫ്ലാറ്റും; ഒപ്പം സ്വന്തമായി കാറും ഡ്രൈവറും പലിശ ബിസിനസും – ഇൻഡോറിലെ ഭിക്ഷക്കാരന്‍റെ ആസ്തികൾ കണ്ട് ഞെട്ടി ഉദ്യോഗസ്ഥർ*
നഗരത്തെ ഭിക്ഷാടനമുക്തമാക്കാൻ ലക്ഷ്യമിട്ട് മധ്യപ്രദേശ് സർക്കാർ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് ഉദ്യോഗസ്ഥർ ഇൻഡോറിലെ ഭിക്ഷക്കാരനായ മംഗി ലാലുമായി സംസാരിക്കുന്നത്. തന്റെ സ്വത്ത് വിവരങ്ങൾ അയാൾ വെളിപ്പെടുത്താൻ തുടങ്ങിയതോടെ പരിശോധിക്കാനെത്തിയവരുടെ കണ്ണ് തള്ളി. കാരണം ഇൻഡോറിലെ സറഫ ബസാറിൽ ചക്രങ്ങളുള്ള തടിപ്പലകയിൽ കൈകൾ നിലത്തൂന്നി നടക്കുന്ന ഒരു മനുഷ്യൻ തനിക്ക് കിട്ടിയ ഭിക്ഷക്കാശ് കൊണ്ട് പടുത്തുയർത്തിയത് കോടികളുടെ സാമ്രാജ്യമാണ്.
ഭിക്ഷക്കാരൻ എന്ന മുദ്രകുത്തി മംഗിലാലിനെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാൻ ഒരുങ്ങിയപ്പോഴാണ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ സ്വത്ത് വിവരങ്ങൾ അറിഞ്ഞത്. ഭഗത് സിങ് നഗറിൽ മൂന്നുനില വീട്, ശിവ് നഗറിൽ 600 ചതുരശ്ര അടി വിസ്തീർണമുള്ള വീടും ഇദ്ദേഹത്തിന് സ്വന്തമായുണ്ട്.
കൂടാതെ ഭിന്നശേഷി വിഭാഗത്തിൽ സർക്കാരിന്റെ പിഎംഎവൈ പദ്ധതിവഴി ലഭിച്ച ഒരു ബെഡ്‌റൂം ഫ്‌ളാറ്റും ഇദ്ദേഹത്തിന്‍റെ പേരിലുണ്ട്. സ്വന്തമായുള്ള സ്വിഫ്റ്റ് ഡിസയർ കാർ ഓടിക്കാൻ ഡ്രൈവറെയും മംഗി ലാൽ നിയമിച്ചിരുന്നു. കൂടാതെ, വാടകയ്ക്ക് കൊടുക്കുന്ന മൂന്ന് ഓട്ടോറിക്ഷകളും ഇയാൾക്ക് സ്വന്തം. ഇതിന് പുറമെ പണം പലിശക്ക് കൊടുക്കുന്ന ബിസിനസും ഇയാൾക്കുണ്ടെന്നത് ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. യാചിച്ച് കിട്ടുന്ന പണമാണ് മംഗി ലാൽ സറഫ ബസാറിലെ ജ്വല്ലറി വ്യാപാരികൾക്ക് ഉയർന്ന പലിശയ്ക്ക് കടം നൽകിയിരുന്നത്.
മംഗി ലാൽ എത്ര മാത്രം സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് ഏകദേശ ധാരണ ലഭിച്ചിട്ടുണ്ടെന്നും ഇയാളുടെ സാമ്പത്തിക വിവരങ്ങൾ പരിശോധിച്ചു വരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മധ്യപ്രദേശിലെ വനിതാ-ശിശു വികസന വകുപ്പിലെ ഉദ്യോഗസ്ഥരാണ് ഭിക്ഷക്കാരെ പുനരധിവസിപ്പിക്കുന്നതിന്‍റെ ഭാഗമായി പരിശോധന നടത്താനെത്തിയത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments