ഉദുമ മണ്ഡലത്തിൽ നിർണ്ണായക നീക്കവുമായി നാഷണൽ ലീഗ്. എൻ കെ അസീസ് ഉദുമയിൽ സ്ഥാനാർത്ഥി.....
കാസറഗോഡ് : ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഉദുമ നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ മുന്നണിയിലെ കക്ഷിയായ നാഷണൽ ലീഗ് നിർണ്ണായക നീക്കങ്ങൾ നടത്തുന്നതായി സൂചന.
മറ്റു എല്ലാ ജില്ലകളിലും ഇടതു മുന്നണി നാഷണൽ ലീഗിനെ പരിഗണിക്കുന്നുണ്ടെങ്കിലും കാസറഗോഡ് ജില്ലയിൽ പരിഗണിക്കാത്തതും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അവഗണിക്കുകയും ചെയ്തത് പാർട്ടി പ്രവർത്തകരിൽ വലിയ പ്രതിഷേധം ഉണ്ടാക്കിയിരുന്നു.
സിറ്റിംഗ് സീറ്റായ ഉദുമ നിലനിർത്താൻ എൽ.ഡി.എഫ് ഒരുങ്ങുമ്പോഴാണ്, തങ്ങളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് ഐ എൻ എല്ലിലെ വഹാബ് വിഭാഗമായ നാഷണൽ ലീഗ് സ്വന്തമായി സ്ഥാനാർത്ഥിയെ നിർത്താനും അതല്ലെങ്കിൽ യു ഡി എഫിനെ പിന്തുണക്കാനുള്ള സാധ്യതയെക്കുറിച്ചും ആലോചിക്കുന്നത്. ഉദുമയിൽ നാഷണൽ ലീഗ് മത്സരിക്കുകയാണെങ്കിൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രെട്ടറി എൻ കെ അസീസ് സ്ഥാനാർത്ഥിയാകാൻ സാധ്യത.
ഐ.എൻ.എല്ലിൽ നിന്ന് തെറ്റിപ്പിരിഞ്ഞു നാഷണൽ ലീഗ് എന്ന പേരിൽ പ്രത്യേക ബ്ലോക്കായി പ്രവർത്തിക്കുന്ന വഹാബ് വിഭാഗത്തിന് മണ്ഡലത്തിൽ നിർണ്ണായക സ്വാധീനമുണ്ടെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തങ്ങളെ പൂർണ്ണമായും തിരസ്കരിച്ചതാണ് ഇവരെ ചൊടിപ്പിച്ചത്. ഇതിന് മറുപടിയായി യു.ഡി.എഫ് ശക്തികേന്ദ്രമായ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ ബേക്കൽ ഡിവിഷനിൽ വഹാബ് വിഭാഗം സ്വതന്ത്രനായി മത്സരിച്ച സ്ഥാനാർത്ഥി ബേക്കലിലെ രണ്ടു വാർഡുകളിൽ നിന്നായി 441 വോട്ടുകൾ പിടിച്ചെടുത്ത് തങ്ങളുടെ കരുത്ത് തെളിയിച്ചിരുന്നു.
ജില്ലാ പഞ്ചായത്ത് ബേക്കൽ ഡിവിഷനിലെ എൽ.ഡി.എഫ് വിജയത്തിന് പിന്നിലും നാഷണൽ ലീഗിന്റെ വോട്ടുകൾ നിർണ്ണായകമായിരുന്നു. പള്ളിക്കര പഞ്ചായത്തിൽ എൽ.ഡി.എഫിന് ഭരണം ലഭിച്ചതും തങ്ങളുടെ പിന്തുണ കൊണ്ടാണെന്നും, എന്നാൽ അധികാരം കിട്ടിയപ്പോൾ ഇടതു മുന്നണി നന്ദികേടാണ് കാണിച്ചതെന്നും നാഷണൽ ലീഗ് ആരോപിക്കുന്നു.
മണ്ഡലത്തിൽ ഏകദേശം മൂവായിരത്തോളം ഉറച്ച വോട്ടുകൾ തങ്ങൾക്കുണ്ടെന്നാണ് വഹാബ് വിഭാഗത്തിന്റെ അവകാശവാദം. ഒരു പൊതുസമ്മതനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി നിർത്തിയാൽ നിരവധി വിഭാഗങ്ങളുടെ പിന്തുണ തങ്ങൾക്ക് ലഭിക്കുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. പാർട്ടി പിളർന്നപ്പോൾ പ്രവർത്തനത്തിൽ നിന്ന് മാറി നിന്ന പലരും പാർട്ടിയുമായി യോജിച്ചു പ്രവർത്തിക്കാൻ തയ്യാറായി വരുന്നതും ഈ നിലപാടിന് മുൻതൂക്കം ലഭിക്കുന്നുണ്ട്. മത്സരിക്കുകയാണെങ്കിൽ അയ്യായിരത്തിനും പത്തായിരത്തിനും ഇടയിൽ വോട്ടുകൾ സമാഹരിക്കാനാണ് ഇവരുടെ നീക്കം. ചെറിയ വോട്ട് വ്യത്യാസങ്ങൾ പോലും ജയപരാജയങ്ങൾ നിശ്ചയിക്കുന്ന ഉദുമയിൽ, ഈ വോട്ടുകൾ ചോരുന്നത് എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.എച്ച്. കുഞ്ഞമ്പുവിന് വലിയ വെല്ലുവിളിയാകും.
തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ലഭിച്ച മുൻതൂക്കം കോൺഗ്രസിനും യു.ഡി.എഫിനും വലിയ ആവേശമാണ് നൽകുന്നത്. മണ്ഡലം തിരിച്ചുപിടിക്കാൻ അതിശക്തനായ ഒരു സ്ഥാനാർത്ഥിയെത്തന്നെ കളത്തിലിറക്കാനാണ് യു.ഡി.എഫ് ആലോചന. ഇടതുപക്ഷ വോട്ടുകളിൽ വിള്ളൽ വീഴുന്നത് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് യു.ഡി.എഫ് ക്യാമ്പിന്റെ കണക്കുകൂട്ടൽ.
മുന്നണികൾ സ്ഥാനാർത്ഥി നിർണ്ണയത്തിലേക്ക് കടക്കുന്നതോടെ ഉദുമയിലെ രാഷ്ട്രീയ ചിത്രം കൂടുതൽ സങ്കീർണ്ണമാകുമെന്ന് ഉറപ്പാണ്. ഇടതുകോട്ടയിൽ നാഷണൽ ലീഗ് ഉയർത്തുന്ന വെല്ലുവിളി മറികടക്കാൻ സി.പി.ഐ.എം എന്ത് തന്ത്രം പയറ്റും എന്നാണ് പൊതു സമൂഹം ഉറ്റുനോക്കുന്നത്. സംസ്ഥാന തലത്തിലെ തീരുമാനങ്ങൾ ചിലപ്പോൾ ഇവിടുത്തെ തീരുമാങ്ങളെ സ്വാധീനിക്കാനും സാധ്യതയുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments