*ഷാജഹാന്റെ ഉറൂസിനായി ഒരുങ്ങി താജ്മഹല്‍; ഖവാലിയും മൗലീദും ഉയരും, രഹസ്യഅറ തുറക്കും, ജനങ്ങള്‍ക്ക് സൗജന്യ പ്രവേശനത്തിന്റെ മൂന്ന് നാളുകള്‍ വിരുന്നെത്തി*
ആഗ്ര : ലോകാത്ഭുത പട്ടികയില്‍ ഇന്ത്യക്ക് എക്കാലവും ഇടം നല്‍കിയ മുഗള്‍ ചക്രവർത്തി ഷാജഹാൻ നിർമിച്ച താജ്മഹല്‍ ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും കാണണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല.ഇപ്പോഴിതാ മൂന്ന് ദിവസം താജ്മഹല്‍ സൗജന്യമായി കാണാൻ അവസരമൊരുങ്ങുകയാണ്. ഷാജഹാന്റെ ഉറൂസിന്റെ ഭാഗമായാണ് മൂന്ന് ദിവസത്തെ സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ താജ്മഹലിലെ രഹസ്യ അറയായ ബേസ്മെന്റിലെ ഷാജഹാന്റെയും മുംതാസിന്റെയും ഖബറിടങ്ങള്‍ കാണാൻ സാധിക്കും.
എന്നാണ് സൗജന്യ പ്രവേശനം ലഭിക്കുക?
ഇസ്‌ലാമിക് കലണ്ടറിലെ റജബ് മാസത്തിലെ 25, 26, 27 തീയതികളിലാണ് ഷാജഹാന്റെ ഉറൂസ് നടത്താറുള്ളത്. ഈ വർഷം ജനുവരി 15 മുതല്‍ 17 വരെയാണ് ഈ തീയതികള്‍. ഈ ദിവസങ്ങളിലാണ് സൗജന്യ പ്രവേശനം.
ജനുവരി 15, 16 തീയതികളില്‍ ഉച്ചയ്ക്ക് 2 മണി മുതല്‍ പൊതു ജനങ്ങള്‍ക്ക് സന്ദർശനം അനുവദിക്കും. ജനുവരി 17 ന് ദിവസം മുഴുവൻ പ്രവേശനം സൗജന്യമായിരിക്കും.
എന്താണ് നടക്കുക?
മുഗള്‍ ചക്രവർത്തി ഷാജഹാന്റെ 371-ാമത് ഉറൂസ് ആണ് ഇത്തവണ നടക്കുന്നത്. ഖുർആൻ പാരായണം, മൗലീദ് പാരായണം തുടങ്ങി വിവിധ ചടങ്ങുകള്‍ ഉണ്ടാകും. ദിവസം മുഴുവൻ ഖവാലി ആസ്വദിക്കാൻ ഉള്ള അവസരവും ഇവിടെ ഉണ്ടാകും. ബേസ്‌മെന്റില്‍ സ്ഥിതി ചെയ്യുന്ന ഖബറിടങ്ങളിലാണ് ഉറൂസുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും നടക്കുക. വർഷത്തില്‍ ഒരിക്കല്‍ ഉറൂസ് നടക്കുന്ന സമയത്ത് മാത്രമേ ഇവ വിനോദസഞ്ചാരികള്‍ക്കായി തുറന്ന് നല്‍കാറുള്ളൂ.
ഈ ദിവസങ്ങളില്‍ ഇന്ത്യക്കാർക്കും വിദേശികള്‍ക്കും ഇവിടേക്ക് പ്രവേശനം സൗജന്യമാണ്. സാധാരണ ദിവസങ്ങളില്‍ താജ്മഹല്‍ കാണാൻ 50 രൂപയാണ് ഒരാള്‍ക്ക് ഫീ നല്‍കേണ്ടത്. അകത്ത് പ്രവേശിക്കാൻ 200 രൂപ വേറെയും നല്‍കണം. വിദേശികള്‍ക്ക് 1100 രൂപ നല്‍കണം.
ഇത്തവണ ഉറൂസ് സമയത്ത് താജ്മഹല്‍ അടയ്ക്കുന്നതുവരെ സൗത്ത് ഗേറ്റ് തുറന്നിടണമെന്ന് താജ്മഹല്‍ ഉറൂസ് കമ്മിറ്റി ചെയർമാൻ സയ്യിദ് ഇബ്രാഹിം ഹുസൈൻ സൈദി അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതിനായി സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് ഡോ. സ്മിത എസ്. കുമാറിന് ഉറൂസ് കമ്മിറ്റി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം, ഉറൂസ് സമയത്ത് സൗത്ത് ഗേറ്റ് വൈകുന്നേരം 5 മണിക്ക് അടച്ചിരുന്നു.
പൂർണ സുരക്ഷ ഒരുങ്ങും
താജിന്റെ റെഡ് സോണിന്റെ (അകത്തും പരിസര പ്രദേശങ്ങളിലും) സുരക്ഷയുടെ ഉത്തരവാദിത്തം സിഐഎസ്‌എഫ് ഏറ്റെടുക്കും. ഉറൂസ് സമയത്ത്, റെഡ് സോണിലെ യഥാർത്ഥ ഖബറിടങ്ങള്‍ സന്ദർശിക്കുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കും. വിവിധ സ്ഥലങ്ങളില്‍ കൂടുതല്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥരെ വിന്യസിക്കും. യെല്ലോ സോണിലും സുരക്ഷ കർശനമായിരിക്കും. പ്രതീക്ഷിക്കുന്ന തിരക്ക് കണക്കിലെടുത്ത്, താജിന്റെ വെസ്റ്റ് ഗേറ്റിലും ഈസ്റ്റ് ഗേറ്റിലും കൂടുതല്‍ പൊലിസിനെ വിന്യസിക്കും. യമുന നദിക്കരയില്‍ തീരദേശ പൊലിസ്, പൊലിസ്, പിഎസി ഉദ്യോഗസ്ഥരെയും വിന്യസിക്കും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments