Breaking News

*പുനര്‍ജനി പദ്ധതി കേസ്; വി ഡി സതീശനെതിരെ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്, കഴിഞ്ഞ സെപ്റ്റംബറിലെ കത്ത് പുറത്ത്*

തിരുവനന്തപുരം : പുനര്‍ജനി പദ്ധതി കേസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് അനുകൂലമായി വിജിലൻസ് റിപ്പോർട്ട് പുറത്ത്. സതീശനെതിരെ അഴിമതി നിരോധനവകുപ്പ് പ്രകാരം കേസ് നിലനിൽക്കില്ലെന്ന വിജിലൻസ് റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ വിജിലൻസ് ഡയറക്ടറേറ്റ് സർക്കാരിന് നൽകിയ കത്താണ് പുറത്ത് വന്നത്. പുനർജനി പദ്ധതിയുടെ പണം വി ഡി സതീശൻ്റെ അക്കൗണ്ടിലേക്ക് വന്നിട്ടില്ലെന്നാണ് വിജിലൻസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്പീക്കറുടെ വിശദീകരണ കത്തിന് നൽകിയ മറുപടിയിലാണ് സതീശന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത്. സ്പീക്കറുടെ അനുമതിയില്ലാതെ വിഡി സതീശൻ വിദേശത്ത് പോയതായി മുൻ വിജിലൻസ് ഡയറക്ടർ ശുപാർശ നൽകിയിരുന്നു. ഇതിലാണ് ആഭ്യന്തര സെക്രട്ടറിയോട് സ്പീക്കർ വിശദീകരണം നൽകിയത്. 

പറവൂർ മണ്ഡലത്തിൽ പ്രളയത്തിൽ വീട് നഷ്ടടമായവർക്ക് വീട് വച്ചുനൽകാൻ ലണ്ടനിലെ ബർമിംഗ്ഹാമിൽ നടന്ന ചടങ്ങിൽ ധനസഹായം ആവശ്യപ്പെടുന്ന വീഡിയോ നേരത്തെ പുറത്തുവന്നതാണ്. ഇതേ തുടർന്നാണ് വിജിലൻസിലേക്ക് പരാതി നൽകുന്നത്. തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ- യൂണിറ്റ്- 2 ആണ് 2023 മുതൽ അന്വേഷണം നടത്തിയത്. വി ഡി സതീശനെതിരെ കേസ് നിലനിൽക്കില്ലെന്നായിരുന്നു പ്രാഥമിക അന്വേഷണത്തിലെ ആദ്യ റിപ്പോർട്ട്. വിദേശത്തുനിന്നും സമാഹരിച്ച പണം ഒരു ചാരിറ്റബിള്‍ സംഘടനവഴി കേരളത്തിലേക്ക് എത്തിയിട്ടുണ്ട്. അതുപയോഗിച്ച് വീടുനിർമ്മാണവും നടന്നിട്ടുണ്ട്. വി ഡി സതീശൻ സംഘടനാ ഭാരവാഹി അല്ലാത്തിനാൽ പണം ദുരുപയോഗത്തിന്‍റെ കാര്യത്തിൽ വിജിലൻസ് അന്വേഷണം നിൽക്കില്ലെന്നായിരുന്നു ആദ്യ ശുപാർശ. എന്നാൽ വിദേശനാണ്യവിനിമയ ചട്ടത്തെ കുറിച്ച് പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ അന്നത്തെ വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത വീണ്ടും നിർദ്ദേശം നൽകി. അതേ തുടർന്നാണ് സിബിഐ അന്വേഷണത്തിനുള്ള പുതിയ ശുപാർശ നൽകിയത്.

യുകെ ആസ്ഥാനമായ മിഡലാൻഡ് ഇൻറർനാഷണൽ എഡ്ഡ് ട്രസ്റ്റ് എന്ന സംഘടനയാണ് വിവിധ വ്യക്തികളിൽ നിന്നും 22500 പൗണ്ട് സമാഹിച്ചത്. ഇത് മണപ്പാട് ഫൗണ്ടേഷൻ എന്ന സംഘടനയുടെ അക്കൗണ്ടിലേക്കാണ് വന്നിരിക്കുന്നത്. ഇതിൽ ഫെറ നിയമത്തിലെ 3(2)(എ) ലംഘനം നടന്നിട്ടുണ്ടോയെന്നതിൽ സിബിഐ അന്വേഷണം നടത്തണമെന്നാണ് വിജിലൻസ് ഡയറക്ടർ ശുപാർശ നൽകിയത്. സ്പീക്കറുടെ അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയതിനും നടപടിക്ക് ശുപാർശ നൽകി. ഇതിൽ സർക്കാർ നിയമോപദേശം തേടിയിരുന്നു. ഫെറ നിയമപ്രകാരം സതീശനെതിരെ അന്വേഷണം നിലനിൽക്കില്ലെന്ന നിയമോപദേശം ലഭിച്ചതു കൊണ്ട് തുടർ  നടപടകളിലേക്ക് നീങ്ങിയില്ലെന്നാണ് പുറത്തു വരുന്ന വിവരം. വിദേശധനം സ്വീകരിക്കാൻ മണപ്പാട് ഫൗണ്ടേഷന് ലൈസൻസുമുണ്ടെന്ന് വിജിലൻസ് റിപ്പോർട്ടിൽ തന്നെ ചൂണ്ടികാണിക്കുന്നുമുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments