Breaking News

രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും ഒരുമിച്ചു പ്രവർത്തിച്ചാൽ മാത്രമേ ജനാധിപത്യവും നമ്മുടെ നാടിന്റെ ബഹുസ്വരതയും കാത്തുസൂക്ഷിക്കാൻ സാധിക്കൂ.

മലപ്പുറം∙ രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും ഒരുമിച്ചു പ്രവർത്തിച്ചാൽ മാത്രമേ ജനാധിപത്യവും നമ്മുടെ നാടിന്റെ ബഹുസ്വരതയും കാത്തുസൂക്ഷിക്കാൻ സാധിക്കൂയെന്ന് ഡോ. ശശി തരൂർ എംപി. മലപ്പുറം പ്രസ് ക്ലബ്ബിന്റെ മാത്യു മണിമല സ്മാരക മാധ്യമ പുരസ്കാരം മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസിനു സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘ഒരേസമയം, കണ്ണാടിയും ദീപവുമാണ് മാധ്യമപ്രവർത്തനം. ഇതാണ് നമ്മുടെ നാട്ടിൽ നടക്കുന്നതെന്ന് കാണിച്ചു തരുന്ന കണ്ണാടിയാകുന്നതിനൊപ്പം ഇനി നമ്മൾ സഞ്ചരിക്കേണ്ട വഴി കാണിച്ചു തരുന്ന ദീപവുമായി മാധ്യമപ്രവർത്തനം മാറുന്നു. കഥ പറയൽ മാത്രമല്ല, മാധ്യപ്രവർത്തകരുടെ ഉത്തരവാദിത്തം. അത് പത്രം അച്ചടിക്കുന്നതോടെ അവസാനിക്കുന്നുമില്ല. ഈ സന്ദേശം സ്വന്തം ജീവിതത്തിൽ പകർത്തിയവരാണ് മാത്യു മണിമലയും അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരം ഏറ്റുവാങ്ങിയ മാത്യൂസ് വർഗീസ് എന്നും അദ്ദേഹം പറഞ്ഞു. ലേബർ കോഡുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ആശങ്ക ലോക്സഭയിൽ ഉന്നയിക്കുമെന്നും ശശിതരൂർ പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ബിന്റെ സ്ഥാപക സെക്രട്ടറിയും മലയാള മനോരമ മുൻ അസി. എഡിറ്റർ കൂടിയായ മാത്യു മണിമലയുടെ സ്മരാണാർഥം മലപ്പുറം പ്രസ് ക്ലബ് ഏർപ്പെടുത്തിയതാണ് 30,000 രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം. മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റ് എസ്. മഹേഷ് കുമാർ ആധ്യക്ഷ്യത വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യാതിതിഥിയായിരുന്നു. സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സഹാനുഭൂതിയാണ് മാധ്യമപ്രവർത്തനത്തിന്റെ ആത്മാവെന്ന് മറുപടി പ്രസംഗത്തിൽ മാത്യൂസ് വർഗീസ് പറഞ്ഞു. സമ്മാനത്തുകയായ 30,000 രൂപ ഭിന്നശേഷി വിദ്യാർഥികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന തെന്നല ബ്ലൂംസ് സ്പെഷൽ സ്കൂളിന് അദ്ദേഹം കൈമാറി. ബ്ലൂംസ് സ്കൂളിന്റെ സാരഥിയും ജില്ലാ പഞ്ചായത്ത് അംഗവുമായ യാസ്മിൻ അരിമ്പ്ര ഏറ്റുവാങ്ങി. മാത്യു മണിമലയുടെ മകനും മനോരമ ന്യൂസ് ചീഫ് കോഓർഡിനേറ്റിങ് എഡിറ്ററുമായ റോമി മാത്യു, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷിറ, മലപ്പുറം നഗരസഭാധ്യക്ഷ വി.റിനിഷ, മഞ്ചേരി നഗരസഭാ ഉപാധ്യക്ഷ ബീന ജോസഫ്, മുതിർന്ന മാധ്യമപ്രവർത്തകൻ വീക്ഷണം മുഹമ്മദ് പ്രസംഗിച്ചു. മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറി വി.പി.നിസാർ സ്വാഗതവും  ട്രഷറർ അബ്ദുൽ ഹയ്യ് നന്ദിയും പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments