*സംസ്ഥാനത്തിന് എതിരെ കേന്ദ്രം തുടരുന്ന നിഷേധാത്മക നിലപാടിനെതിരെ എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള സത്യാഗ്രഹ സമരം ഇന്ന്*
കേന്ദ്രത്തിനെതിരെ സമരം ശക്തമാക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി. സംസ്ഥാനത്തിന് എതിരെ കേന്ദ്രം തുടരുന്ന നിഷേധാത്മക നിലപാടിനെതിരെ എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള സത്യാഗ്രഹ സമരം ഇന്ന് നടക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സത്യാഗ്രഹ സമരത്തിൽ മന്ത്രിമാർ, എംഎൽഎമാർ എംപിമാർ ഉൾപ്പടെയുള്ള ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും.
ഈ സാമ്പത്തിക വർഷത്തിന്റെ അവസാന മൂന്നുമാസത്തേക്ക് സംസ്ഥാനത്തിന് ലഭിക്കേണ്ട 12,000 കോടി രൂപയുടെ വായ്പാനുമതിയിൽ 5,900 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചു. ബജറ്റിനു പുറത്തെടുത്ത വായ്പകളുടെ പേരുപറഞ്ഞ്, ഈ വർഷം മാത്രം സംസ്ഥാനത്തിന് അനുവദനീയമായ കടമെടുപ്പ് പരിധിയിൽ 17,000 കോടി രൂപയുടെ കുറവ് വരുത്തി. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ കേരളം നൽകിയ 6,000 കോടി രൂപയ്ക്ക് പകരമായി വായ്പ എടുക്കാനുള്ള അനുമതിയും കേന്ദ്രം തടഞ്ഞു.
IGST റിക്കവറിയുടെ പേരിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട 965 കോടി രൂപയാണ് കേന്ദ്രം പിടിച്ചെടുത്തത്. മറ്റു സംസ്ഥാനങ്ങൾക്ക് റവന്യൂ വരുമാനത്തിന്റെ 73% വരെ കേന്ദ്ര വിഹിതമായി ലഭിക്കുമ്പോൾ കേരളത്തിന് 25% മാത്രമാണ് ലഭിക്കുന്നത്. ഗ്യാരണ്ടി നിക്ഷേപത്തിന്റെ പേരിൽ 3,300 കോടി രൂപയുടെ വായ്പാനുമതി കേരളത്തിന് നിഷേധിക്കപ്പെട്ടു. നെല്ല് സംഭരണം, സമഗ്ര ശിക്ഷ കേരള, ജലജീവൻ മിഷൻ, യു.ജി.സി ആനുകൂല്യങ്ങൾ തുടങ്ങി വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളിലായി ഏതാണ്ട് 5,784 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭിക്കാനുള്ള കുടിശ്ശിക. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫിന്‍റെ നേതൃത്വത്തിലുള്ള സത്യാഗ്രഹ സമരം.
സംസ്ഥാനത്തിന് മേൽ കേന്ദ്രം രാഷ്ട്രീയപ്രേരിതമായി സാമ്പത്തിക ഉപരോധം തീർക്കുകയാണ്. ഇതിലൂടെ നേട്ടങ്ങളുടെ കരുത്തിൽ മുന്നേറുന്ന കേരളത്തെ പിന്നോട്ടടിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. ജനകീയ വികസന പദ്ധതികൾ നടപ്പിലാക്കി എൽഡിഎഫ് സർക്കാരിന് ജനങ്ങൾക്കിടയിൽ കൈവന്ന സ്വീകാര്യതയെ ഇല്ലാതാക്കാനുള്ള നീക്കങ്ങൾക്ക് എതിരെയാണ് എൽഡിഎഫിന്‍റെ നേതൃത്വത്തിലുള്ള സമരം. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന സത്യാഗ്രഹ സമരത്തിൽ മന്ത്രിമാർ ഉൾപ്പടെയുള്ള ജനപ്രതിനിധികൾ പങ്കെടുക്കും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments