*അമേരിക്കയുടേത് വലിയ കാടത്തം, അപലപിക്കാൻ ഇന്ത്യൻ സർക്കാരിന്റെ നാക്ക് അനങ്ങുന്നില്ല- പിണറായി വിജയൻ*
തിരുവനന്തപുരം : വെനസ്വേല യിലുണ്ടായത് ഏറ്റവും നികൃഷ്ടമായ ഇടപെടലെന്നും അമേരിക്ക നടത്തിയത് വലിയ കാടത്തമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു രാഷ്ട്രവും മറ്റൊരു രാഷ്ട്രത്തിനെതിരേ അനാവശ്യമായി യുദ്ധം നടത്താൻ പാടില്ല. എത്ര വലിയ തെമ്മാടിത്തമാണിത്, എവിടെയാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യം, എവിടെയാണ് രാജ്യത്തിന്റെ പരമാധികാരമെന്നും മുഖ്യമന്ത്രി ചോദിച്ചു. വെനസ്വേലയിലെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആക്രമണത്തെ അപലപിക്കാൻ ഇന്ത്യൻ സർക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
*മുഖ്യമന്ത്രിയുടെ വാക്കുകൾ:*
'ഏറ്റവും നികൃഷ്ടമായ ഇടപെടലാണ് വെനസ്വേലയിൽ ഇന്നലെയുണ്ടായത്. വെനസ്വേല പ്രസിഡന്റിനെ ആ രാജ്യത്ത് കടന്ന് ആക്രമണം നടത്തി ബന്ദിയാക്കി. അവിടെ രാജ്യത്തിന്റെ അതിർത്തി എവിടെ? സാധാരണ രാഷ്ട്രങ്ങൾ തമ്മിൽ പാലിക്കുന്ന മര്യാദയുണ്ടല്ലോ, അത് ഏത് രാഷ്ട്രത്തിനും ബാധകമാണല്ലോ. ഒരു രാഷ്ട്രവും മറ്റൊരു രാഷ്ട്രത്തിനെതിരേ അനാവശ്യമായി യുദ്ധം നടത്താൻ പാടില്ലല്ലോ.
ഇവിടെ നേരെ ഒരു രാജ്യത്തിലേക്ക് അമേരിക്കൻ പട ചെന്നിറങ്ങുന്നു. മുൻകൂട്ടി ആസൂത്രണംചെയ്ത രീതിയിൽ ആ രാജ്യത്തിന്റെ ഏറ്റവും ഉയർന്ന ഭരണാധികാരിയെ അദ്ദേഹത്തിന്റെ ഭാര്യയെ അടക്കം അവർ കസ്റ്റഡിയിൽ എടുക്കുന്നു, ബന്ദിയാക്കുന്നു. എന്നിട്ട് ലോകത്തിനു മുന്നിൽ ഒരു ചിത്രം പ്രദർശിപ്പിക്കുന്നു. അദ്ദേഹത്തിന്റെ കണ്ണ് മൂടിക്കെട്ടിയ അവസ്ഥയിൽ, ബന്ധനത്തിലായ വെനസ്വേലൻ പ്രസിഡന്റ്. എന്താണിത്? എത്ര വലിയ തെമ്മാടിത്തമാണ്? എത്ര വലിയ കാടത്തമാണ്. ലോകത്തോട് പരസ്യമായി പറയുകയാണ്, അവർ വാതിലടക്കാൻ ശ്രമിച്ചു, ഞങ്ങൾ വാതിലടക്കാൻ സമ്മതിച്ചില്ലെന്ന്. പിടിച്ചതിന്റെ വിശദാംശങ്ങൾ പറയുകയാണ്, ഇരച്ചുകയറിയ അമേരിക്കൻ പട്ടാളക്കാർ. എവിടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം? എവിടെ രാജ്യത്തിന്റെ പരമാധികാരം? ഇത് ഏതെങ്കിലും ഒരു രാജ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മാത്രമല്ലല്ലോ.
ഇത്തരം കാര്യങ്ങൾ വന്നാൽ സാധാരണ നിലയിൽ രാജ്യങ്ങളുടെ പ്രതികരണം വരണം. നമ്മുടെ രാജ്യം സൽപാരമ്പര്യമുള്ള ഒരു രാജ്യമാണ്. 1947-ൽ നാം സ്വാതന്ത്ര്യം നേടിയത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ പോരാടിക്കൊണ്ടാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ പോരാടി നേടിയ സ്വാതന്ത്ര്യം സ്വാഭാവികമായും സാമ്രാജ്യത്വത്തിനെതിരെയുള്ള നിലപാടുകൾ സ്വീകരിക്കുന്നതിലേക്ക് ഭരണാധികാരികളെ എത്തിച്ചു. അന്നത്തെ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് ലോകത്താകെയുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാളികൾക്ക് ആവേശം പകരുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇന്ത്യയുടെ ശബ്ദം മൂന്നാംലോക രാഷ്ട്രങ്ങൾക്കൊപ്പമായിരുന്നു. ഇന്ത്യയുടെ ശബ്ദം സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്കൊപ്പമായിരുന്നു. സമ്പന്നമായ ഒരു ചരിത്രം. ആ രാജ്യം ഇന്ന് എവിടെ എത്തി? ഇപ്പോൾ ശബ്ദിക്കാനാകുന്നില്ല. നാണംകെട്ട രീതിയിലുള്ള നിലപാടുകൾ സ്വീകരിച്ച, അങ്ങേയറ്റം അക്രമോത്സുകമായ നിലപാടുകൾ സ്വീകരിച്ച അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആക്രമണത്തെ അപലപിക്കാൻ ഇന്ത്യ ഗവൺമെന്റിന് കഴിയുന്നില്ല. അവരുടെ നാക്ക് അനങ്ങുന്നില്ല, അവരുടെ പേന ചലിക്കുന്നില്ല. എന്താണിത്? എന്തുകൊണ്ടാണ് കഴിയാത്തത്?
ബിജെപി, ആർഎസ്എസ് നേതൃത്വം വഹിക്കുന്ന പാർട്ടി, ഇത്തരം കാര്യങ്ങളിൽ അവർക്കൊരു നിലപാടുണ്ട്. ആ നിലപാട് മുമ്പും പല ഘട്ടങ്ങളിൽ കണ്ടിട്ടുണ്ട്. ഇസ്രയേലിന്റെ ആക്രമണ ഘട്ടങ്ങളിൽ ഇസ്രയേലിനോടൊപ്പം അണിനിരക്കുന്ന, ഇസ്രയേലിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയെയാണ് നാം കണ്ടത്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ നടക്കുന്ന കാര്യങ്ങൾക്ക് പിന്തുണയാണ് ഇന്ത്യ ഗവൺമെന്റ് നൽകിവന്നത്. ഇപ്പോഴിതാ നമ്മുടെ രാജ്യവുമായി ദീർഘകാലത്തെ ഊഷ്മളമായ ബന്ധം നിലനിർത്തി പോരുന്ന വെനസ്വേല, അവരുടെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും അപകടപ്പെടുത്തിക്കൊണ്ട് മറ്റൊരു രാജ്യം, അമേരിക്കൻ സാമ്രാജ്യത്വമെന്ന ലോകത്തിന്റെ മുന്നിലുള്ള യുദ്ധക്കുറ്റവാളി ആക്രമണം നടത്തിയപ്പോൾ അതിനെ അപലപിച്ചുകൊണ്ട് ഒരു വാക്ക് ഉച്ചരിക്കാൻ നമ്മുടെ രാജ്യത്തിന് കഴിയുന്നില്ല. നാം ആണ് അപമാനിതരാകുന്നത്. ഇന്ത്യ എന്ന രാജ്യമാണ് അപമാനിതമാകുന്നത്.'
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments