Breaking News

*വി.ഡി.സതീശനെ ‘പുനർജനിയിൽ’ കുരുക്കാൻ വിജിലന്‍സ്; സിബിഐ അന്വേഷണത്തിനു ശുപാർശ*

തിരുവനന്തപുരം :ഒരു വർഷം മുൻപ് വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ സിബിഐ അന്വേഷണത്തിനു ശുപാർശ ചെയ്യാൻ സർക്കാർ നീക്കം. പറവൂർ നിയമസഭാ മണ്ഡലത്തിൽ 2018ലെ പ്രളയത്തിനു ശേഷം നടപ്പിലാക്കിയ ‘പുനർജനി’ പുനരധിവാസ പദ്ധതിക്കായി വിദേശഫണ്ട് സ്വീകരിച്ചതിൽ ക്രമക്കേടുണ്ടോയെന്ന് സിബിഐയ്ക്ക് പരിശോധിക്കാം എന്നായിരുന്നു വിജിലൻസ് ശുപാർശ. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപായി ഈ ശുപാർശയിൽ നടപടിയെടുക്കാനാണ് സർ‌ക്കാർ നീക്കം.

വിദേശ പണപ്പിരിവിൽ വി.ഡി.സതീശനെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് 2023 ജൂണിലാണ്. സർക്കാർ സംഘടിപ്പിക്കുന്ന ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തിന്റെ പേരിൽ യുഎസിൽ നടന്ന പണപ്പിരിവ് വിവാദമായതിനു പിന്നാലെയാണ്, അവിടേക്കു പുറപ്പെടുന്നതിനു തൊട്ടുമുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണത്തിന് അനുമതി നൽകിയത്. വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചു എന്നതടക്കമുള്ള പരാതിയാണ് അന്വേഷിച്ചത്.

പ്രാഥമിക പരിശോധനയിൽ ക്രമക്കേട് കണ്ടെത്താൻ വിജിലൻസിനായില്ല. എന്നാൽ, വിദേശത്തുനിന്ന് പിരിച്ച പണത്തെ സംബന്ധിച്ച് സിബിഐ അന്വേഷണം ആകാമെന്ന് അന്നത്തെ വിജിലൻസ് ഡയറക്ടറായിരുന്ന യോഗേഷ് ഗുപ്ത 11 മാസം മുൻപ് ശുപാര്‍ശ ചെയ്തിരുന്നു. വിജിലൻസിന് കേസെടുക്കാനുള്ള കണ്ടെത്തലില്ലെന്നും വിദേശപണം ദുരുപയോഗം ചെയ്തോ എന്ന് അന്വേഷിക്കാമെന്നും യോഗേഷ് ഗുപ്ത ശുപാർശ ചെയ്തു. വിദേശത്തേക്ക് പോയത് അനുമതിയില്ലാതെയാണെന്ന ആക്ഷേപവും അന്വേഷിക്കാമെന്നും ശുപാർശയിലുണ്ടായിരുന്നു. 11 മാസം കാത്തിരുന്നശേഷമാണ് നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ റിപ്പോർട്ടിൽ നടപടിയെടുക്കാൻ ഒരുങ്ങുന്നത്. 

2020 ൽ വി.ഡി.സതീശനെതിരെ പരാതി ലഭിച്ചെങ്കിലും 2023ലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. ഈ വിഷയം ഹൈക്കോടതി രണ്ടുവട്ടം തള്ളിയിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് ഈ ആരോപണം നിയമസഭയിൽ ഭരണപക്ഷം ഉയർത്തിയപ്പോൾ, വേണമെങ്കിൽ വിജിലൻസ് അന്വേഷിച്ചോളൂ എന്നു സതീശൻ വെല്ലുവിളിച്ചിരുന്നു. സതീശന്റെ മണ്ഡലമായ പറവൂരിൽ പ്രളയത്തിൽ വീടു തകർന്ന 280 പേർക്ക് ‘പുനർജനി’ പദ്ധതിയിൽ വീടു നിർമിച്ചു നൽകിയിട്ടുണ്ട്. ഇതിൽ 37 വീടുകൾ വിദേശ മലയാളികളുടെ സ്പോൺസർഷിപ് മുഖേന നിർമിച്ചവയാണ്. ദുബായിലും യുകെയിലും നടത്തിയ സന്ദർശനത്തിൽ പദ്ധതിക്കായി സതീശൻ സഹായം അഭ്യർഥിച്ചിരുന്നു. വിദേശത്തു പണപ്പിരിവ് നടത്തിയെന്നും ഇതിൽ ക്രമക്കേടുണ്ടെന്നും ആരോപിച്ച് ചാലക്കുടി കാതികൂടം ആക്‌ഷൻ കൗൺസിൽ ഭാരവാഹി ജയ്സൺ പാനികുളങ്ങരയാണു വിജിലൻസ് ഡയറക്ടർക്കുൾപ്പെടെ പരാതി നൽകിയത്. 



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments