Breaking News

*വർഗീയതയില്ലാത്ത പത്തു വർഷമെന്ന് പിണറായി; കാറിൽ ആളെ കയറ്റുമ്പോൾ സൂക്ഷിച്ച് വേണമെന്ന് വി ഡി സതീശൻ*_കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ വാക്പോരുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും_

തിരുവനന്തപുരം : കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ കേരളയാത്രയുടെ സമാപന വേദിയിൽ മുഖ്യമന്ത്രി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിൽ   ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിൽ വാക്പോര്. കഴിഞ്ഞ പത്തു വർഷമായി കേരളത്തിൽ വർഗീയ കലാപങ്ങൾ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെട്ടപ്പോൾ, വിദ്വേഷം പ്രസംഗിക്കുന്നവരെ ഒപ്പം കൂട്ടുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരോക്ഷമായി മറുപടി നൽകി.

ഒരുകാലത്ത് വർഗീയ സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിച്ച കേരളത്തിൽ കഴിഞ്ഞ പത്തു വർഷമായി അത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാറാട് കലാപം അടക്കമുള്ള മുൻകാല സംഭവങ്ങൾ അദ്ദേഹം പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ഒരു തരത്തിലുള്ള വർഗീയതയെയും പ്രീണിപ്പിക്കാൻ സർക്കാർ തയ്യാറല്ല. ഭൂരിപക്ഷ വർഗീയതയെ നേരിടാൻ ന്യൂനപക്ഷ വർഗീയതയെ കൂട്ടുപിടിക്കുന്നത് വിനാശകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാത്തരം വർഗീയതകളോടും കർക്കശമായ നിലപാട് തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം. അടുത്തിടെ വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി തന്റെ കാറിൽ ഒപ്പം കൂട്ടിയതിനെ സതീശൻ പരോക്ഷമായി പരിഹസിച്ചു. മതേതരത്വം പ്രസംഗിക്കാൻ എളുപ്പമാണെന്നും എന്നാൽ അത് പ്രവർത്തിയിൽ കാണിക്കണമെന്നും സതീശൻ പറഞ്ഞു. മറ്റുള്ളവരെ കാറിൽ കയറ്റുമ്പോൾ അവർ വിദ്വേഷം പ്രചരിപ്പിക്കുന്നവരല്ല എന്ന് ഉറപ്പുവരുത്തണം. ഒരു വശത്ത് മതേതരത്വം പറയുകയും മറുവശത്ത് വിദ്വേഷം പ്രസംഗിക്കുന്നവരെ ആദരിക്കുകയും ചെയ്യുന്നത് ശരിയല്ല. അത്തരക്കാരെ ഒപ്പം കൂട്ടുന്നതിൽ ജാഗ്രത വേണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വോട്ട് പോയാൽ പോട്ടെ എന്ന് വയ്ക്കണം. കാറിൽ കയറ്റുന്നവരെ സൂക്ഷിച്ച് കാറിൽ കയറ്റണം. അവർ വിദ്വേഷം പ്രസംഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം. മതേതരത്വത്തെ തൊട്ടു കളിച്ചാൽ വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് സ്വീകരിക്കണം. മതേതരത്വത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ല, കാപട്യം പാടില്ല. തെരഞ്ഞെടുപ്പിൽ തോറ്റാലും മതേതരത്വം ബലി കഴിച്ചു കൊണ്ടുള്ള ഒരു കോംപ്രമൈസിനും തയ്യാറല്ല. ഒരു വിഭാഗം ജനതയെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ഒരു കൂട്ടർ ശ്രമിക്കുന്നു"- എന്നാണ് വി ഡി സതീശൻ പറഞ്ഞത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments