*‘ഇനി നിയമസഭയുടെ ഊഴം; യുഡിഎഫ് അധികാരത്തിലെത്തും’: മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്ത് രാഹുൽ ഗാന്ധി*
കൊച്ചി : മാസങ്ങള്‍ക്ക് മുമ്പുള്ള മീറ്റിങ്ങുകളിൽ തന്നെ കേരളത്തിലുള്ള നേതാക്കളോട് തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് വിജയിക്കുമെന്ന് താൻ പറഞ്ഞിരുന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചു. ഇനി നിയമസഭയുടെ ഊഴമാണ്. യുഡിഎഫ് തീർച്ചയായും അധികാരത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച 7818 പ്രതിനിധികള്‍ക്കൊപ്പം തിരഞ്ഞെടുപ്പിൽ മത്സരിച്ചവരും ഉൾപ്പെടെ 15,000 പേര ഉൾക്കൊള്ളിച്ച് കെപിസിസി സംഘടിപ്പിച്ച ‘വിജയോത്സവം 2026 മഹാപഞ്ചായത്തി’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനവേദിയായ മറൈൻ ഡ്രൈവിലേക്ക് വരുന്നതിനു മുമ്പ് ഡോ. എം.ലീലാവതിക്ക് പ്രിയദർശിനി പുരസ്കാരം സമ്മാനിക്കാൻ പോയതിനെ കുറിച്ച് പറഞ്ഞു കൊണ്ടാണ് രാഹുൽ ഗാന്ധി പ്രസംഗം തുടങ്ങിയത്. ‘‘98 വയസുള്ള ലീലാവതി ടീച്ചർ ഇപ്പോഴും 3 മണിക്ക് ഉണർന്ന് വായനയും എഴുത്തും നടത്തുന്നു. ‘നിശബ്ദതയുടെ സംസ്കാര’മാണ് എങ്ങും എന്നാണ് അവർ പറഞ്ഞത്. അത് വളരെ ശക്തമായ വാക്കുകളാണ്. രാജ്യത്ത് നിശബ്ദതയുടെ സംസ്കാരം പടർന്നുകൊണ്ടിരിക്കുകയാണ്. നിശബ്ദതയുടെ സംസ്കാരം പടർത്താനാണ് ബിജെപിയും ആർഎസ്എസും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യ നിശബ്ദമായിരിക്കണം എന്നാണ് അവർ ആഗ്രഹിക്കുന്നത്. അവർക്ക് ജനങ്ങളുടെ ശബ്ദം കേൾക്കാൻ താല്‍പര്യമില്ല. എന്നാൽ കേരളത്തെ നിശബ്ദമാക്കാൻ സാധിക്കില്ലെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. രാജ്യത്തിന്റെ സമ്പത്ത് ഏതാനും ബിസിനസ് കുടുംബങ്ങൾക്കായി തീറെഴുതാം എന്ന് അവർ കരുതുന്നു’’– രാഹുൽ ഗാന്ധി പറഞ്ഞു.
1978ൽ കോൺഗ്രസ് സർക്കാരാണ് ഭേദഗതിയിലൂടെ ത്രിതല പഞ്ചായത്ത് സംസ്കാരം കൊണ്ടുവന്നതെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ ഗാന്ധി, കോൺഗ്രസ് അധികാര വികേന്ദ്രീകരണത്തില്‍ വിശ്വസിക്കുമ്പോള്‍ ബിജെപി അധികാരം കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിലെ വിജയം പകുതിവഴി മാത്രമേ ആയിട്ടുള്ളൂ എന്നു വ്യക്തമാക്കിയ രാഹുൽ ഗാന്ധി ജനങ്ങളുടെ പ്രശ്നങ്ങൾക്കൊപ്പം ജനപ്രതിനിധികൾ എപ്പോഴുമുണ്ടാകണമെന്ന് ഓർമിപ്പിച്ചു. ജനങ്ങളുടെ ആവശ്യം അറിഞ്ഞ് പ്രവർത്തിക്കാൻ കഴിയണം. കേരളത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ വിദേശങ്ങളിലേക്കു തൊഴിൽ തേടി പോകുന്നതു കാണുമ്പോൾ വേദനയുണ്ട്. കേരളത്തിലെ പ്രവാസി സമൂഹം വലിയ നേട്ടങ്ങൾ കൊയ്യുന്നത് താൻ കാണുന്നുണ്ടെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, അവർ വിദേശത്ത് ചെയ്യുന്ന ജോലികൾ ഇവിടെയും ചെയ്യാൻ കഴിയുന്ന സാഹചര്യമുണ്ടാക്കാന്‍ യുഡിഎഫ് പരിശ്രമിക്കണമെന്നും നിർദേശിച്ചു. ഐക്യത്തോടെ മുന്നേറണമെന്നും അതുവഴി നിയമസഭാ ഭരണം പിടിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, എഐസിസി സംഘടനാ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി., കെ.മുരളീധരൻ, എം.എം.ഹസൻ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, എംപിമാരായ ശശി തരൂർ, കെ.സുധാകരൻ, ബെന്നി ബഹ്നാൻ, കൊടിക്കുന്നിൽ സുരേഷ്, രാജ്മോഹൻ ഉണ്ണിത്താൻ, കെപിസിസി വൈസ് പ്രസിഡന്റുമാരായ എ.പി.അനിൽ കുമാർ, ഷാഫി പറമ്പിൽ എംപി, പി.സി.വിഷ്ണുനാഥ്, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ്, കർണാടക ഊർജ മന്ത്രി കെ.ജെ.ജോർജ്, എംഎൽഎമാരായ ടി.ജെ.വിനോദ്, ഉമ തോമസ്, ഷാനിമോൾ ഉസ്മാൻ, മാത്യു കുഴൽനാടൻ, റോജി എം.ജോൺ, എൽദോസ് കുന്നപ്പിള്ളി, ചാണ്ടി ഉമ്മൻ, മേയർ വി.കെ.മിനിമോൾ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെപിസിസി ഭാരവാഹികളായ എം.ലിജു, ദീപ്തി മേരി വർഗീസ്, അബ്ദുൾ മുത്തലിബ്, അടുത്തിടെ സിപിഎമ്മിൽ നിന്ന് കോൺഗ്രസിൽ ചേർന്ന ഐഷ പോറ്റി, കൊച്ചി കോർപറേഷനിലെ മറ്റു കൗൺസിലർമാർ അടക്കമുള്ളവർ വേദിയിലുണ്ടായിരുന്നു. നേരത്തെ, കൊച്ചിയിൽ വിമാനമിറങ്ങി ഡോ. എം.ലീലാവതിയുടെ വീട്ടിലേക്കാണ് രാഹുൽ ഗാന്ധി മുതിർന്ന നേതാക്കൾക്കൊപ്പം പോയത്. അവിടെ വച്ച് കെപിസിസിയുടെ സാഹിത്യവിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ സാഹിത്യ പുരസ്കാരം ഡോ. എം.ലീലാവതിക്ക് സമ്മാനിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments