Breaking News

*കേരള എംപിമാരുടെഫണ്ട് വിനിയോഗം*

18-ാം ലോക്‌സഭ നിലവില്‍ വന്നിട്ട് 20 മാസം പൂര്‍ത്തിയായപ്പോള്‍ എംപി ഫണ്ട് വിനിയോഗത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കം വളരെ പിന്നില്‍. കേരളത്തിലെ എംപിമാരുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗം ദേശീയ ശരാശരിയേക്കാള്‍ താഴെയാണ്. മണ്ഡലത്തിലെ പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിവര്‍ഷം 5 കോടി രൂപയാണ് അനുവദിക്കുന്നത്. ഇതില്‍ കേവലം ആറ് ശതമാനത്തിന് അടുത്ത് മാത്രമാണ് (5.97 ശതമാനം) തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ചെലവഴിച്ചിട്ടുള്ളത്. എംപി ഫണ്ട് ചെലവഴിക്കലില്‍ ലോക്‌സഭ എംപിമാരുടെ ദേശീയ ശരാശരി 28.1 ശതമാനമാണ്. രാജ്യസഭ എംപിമാരുടേത് 44.2 ശതമാനവും. എന്നാല്‍ കേരളത്തിലെ എംപിമാരുടെ ചെലവഴിക്കല്‍ വളരെ കുറവാണ്. 11.4 ശതമാനം മാത്രമാണ് കേരളത്തിലെ ലോക്‌സഭ എംപിമാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചിട്ടുള്ളത്. കേരളത്തില്‍ നിന്നുള്ള രാജ്യസഭ എംപിമാരാകട്ടെ 14.74 ശതമാനവും ചെലവഴിച്ചുവെന്നാണ് 2026 ജനുവരി 21-ലെ എംപിഎല്‍എഡിഎസ് ഡാഷ്‌ബോര്‍ഡ് വ്യക്തമാക്കുന്നത്. കേരളത്തിലെ ലോക്‌സഭ എംപിമാരില്‍ എം.കെ രാഘവന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നാണ് കണക്കുകള്‍. അബ്ദുസമദ് സമദാനി 0.33 ശതമാനം ചെലവഴിച്ചപ്പോള്‍, കെ.ഫ്രാന്‍സിസ് ജോര്‍ജ്, ഷാഫി പറമ്പില്‍ എന്നിവര്‍ നാല് ശതമാനമാണ് ചെലവഴിച്ചത്. ശശി തരൂര്‍ 13.28 ശതമാനം, പ്രിയങ്കാ ഗാന്ധി വധ്ര 13.37 ശതമാനം, അടൂര്‍ പ്രകാശ് 14.25 ശതമാനം, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ 14.32 ശതമാനം, ഹൈബി ഈഡന്‍ 15.23 ശതമാനം എന്നിങ്ങനെയാണ് മറ്റ് എംപിമാര്‍ ചെലവാക്കിയിട്ടുള്ളത്. കേരളത്തിലെ ലോക്‌സഭ എംപിമാരില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചിട്ടുള്ളത് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസാണ്. 24.33 ശതമാനം. കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന്‍ 21.42 ശതമാനം, വി.കെ ശ്രീകണ്ഠന്‍ 18.73 ശതമാനം എന്നിവരാണ് കൂടുതല്‍ പണം വിനിയോഗിച്ച എംപിമാര്‍. രാജ്യസഭ എംപിമാരില്‍ മികച്ച ഫണ്ട് വിനിയോഗം ജോണ്‍ബ്രിട്ടാസിനാണ്. 26.32 ശതമാനമാണ്. കേരളത്തിലെ മൊത്തം രാജ്യസഭാംഗങ്ങളുടെ ഫണ്ട് വിനിയോഗം വെറും 14.74 ശതമാനം മാത്രമാണ്. കേരള എംപിമാരുടെ താരതമ്യേന മോശം ഫണ്ട് വിനിയോഗത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തെത്തി. ഭരണപരമായ വീഴ്ചകളാണ് ഫണ്ട് വിനിയോഗത്തിലെ മോശം അവസ്ഥയ്ക്ക് കാരണമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. പരിഷ്‌കരിച്ച എംപിഎല്‍എഡിഎസ്
 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, ഓരോ നിര്‍ദ്ദേശവും ജില്ലാ നിര്‍വ്വഹണ അതോറിറ്റി 45 ദിവസത്തിനുള്ളില്‍ അംഗീകരിക്കണം. എന്നാല്‍, പ്രായോഗികമായി നടപ്പാക്കല്‍ ഓഫീസുകളില്‍ നിന്ന് എസ്റ്റിമേറ്റുകളും നിര്‍ബന്ധിത രേഖകളും ലഭിക്കുന്നതില്‍ പതിവായി കാലതാമസം ഉണ്ടാകാറുണ്ട്. ഇത് പല പദ്ധതികളും സമയപരിധി മൂലം നഷ്ടപ്പെടാന്‍ കാരണമാകുന്നു എന്ന് സുരേഷ് ഗോപി പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments