Breaking News

തൃക്കരിപ്പൂരിൽ മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ; 1.20 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

തൃക്കരിപ്പൂർ :  ലഹരി സംഘങ്ങൾ ക്കെതിരെയുള്ള പൊലീസിന്റെ ശക്തമായ നടപടിയായ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി നടത്തിയ വാഹന പരിശോധനയ്ക്കിടയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി (MDMA) രണ്ട് യുവാക്കൾ പിടിയിലായി. പയ്യന്നൂർ കവ്വായി സ്വദേശി മുഹമ്മദ് സാജിദ് കെ (35), 
വലിയപറമ്പ് മടാക്കൽ സ്വദേശി മുനീർ എം.കെ (39) എന്നിവരെയാണ് ചന്തേര സബ് ഇൻസ്പെക്ടർ അജ്‌മൽ എം. മും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് 1.20 ഗ്രാം എം.ഡി.എം.എയും ഇവർ സഞ്ചരിച്ച ബുള്ളറ്റ് മോട്ടോർ സൈക്കിളും പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച (06.07.2026) രാത്രി 10:10 ഓടെ വടക്കേ തൃക്കരിപ്പൂർ ഗ്രാമത്തിലെ ഷാബ ഷെട്ടി റോഡ് ജംഗ്ഷന് സമീപമായിരുന്നു സംഭവം. ചന്തേര എസ്.ഐയുടെ നേതൃത്വത്തിൽ പോലീസ് സംഘം ക്രമസമാധാന പാലനത്തിന്റെയും ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവായ 'ഓപ്പറേഷൻ തൂഫാന്റെ'യും ഭാഗമായി വാഹന പരിശോധന നടത്തുകയായിരുന്നു.

ഈ സമയം തൃക്കരിപ്പൂർ ബസ് സ്റ്റാൻഡ് ഭാഗത്തുനിന്നും അമിതവേഗതയിൽ വന്ന ബുള്ളറ്റ് മോട്ടോർ സൈക്കിൾ പോലീസ് കൈകാണിച്ചതോടെ വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ചു. എന്നാൽ നിയന്ത്രണം വിട്ട് ബുള്ളറ്റ് റോഡിലേക്ക് മറിയുകയും, തുടർന്ന് ഓടിയെത്തിയ പോലീസ് സംഘം ഇവരെ തടഞ്ഞുവെക്കുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ പരിഭ്രാന്തി കാണിച്ചതിനെ തുടർന്ന് പോലീസ് ഇവരെ വിശദമായ ദേഹപരിശോധനയ്ക്ക് വിധേയമാക്കി. ബുള്ളറ്റ് ഓടിച്ചിരുന്ന മുഹമ്മദ് സാജിദിന്റെ പക്കൽ നിന്നും മൊബൈൽ ഫോണും ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെയുള്ള രേഖകളും കണ്ടെടുത്തു. പിന്നിലിരുന്ന മുനീറിനെ പരിശോധിച്ചപ്പോഴാണ് പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന പേഴ്സിനുള്ളിൽ നിന്ന് പ്ലാസ്റ്റിക് സിപ്പ് ലോക്ക് കവറിലാക്കിയ നിലയിൽ വെളുത്ത പൊടി രൂപത്തിലുള്ള പദാർത്ഥം കണ്ടെത്തിയത്.
പോലീസ് ഇൻവെസ്റ്റിഗേഷൻ കിറ്റിലെ 'നാർക്കോട്ടിക് ഡ്രഗ്സ് ഡിറ്റക്ഷൻ കിറ്റ്' ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇത് നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ (1.20 ഗ്രാം) ആണെന്ന് സ്ഥിരീകരിച്ചത്. സ്വന്തം ആവശ്യത്തിനും മറ്റ് ഉപഭോക്താക്കൾക്ക് വിൽപന നടത്തുന്നതിനുമായാണ് ഇത് കൊണ്ടുവന്നതെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു.
പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ചന്തേര പോലീസ് സ്റ്റേഷനിൽ ഹാജരാക്കി. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ചന്തേര സബ് ഇൻസ്പെക്ടർ അജ്‌മൽ എം., സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രഭേഷ് കുമാർ, സുനിൽ കുമാർ, നരേന്ദ്രൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments