Breaking News

*‘ഉപേക്ഷിച്ച കു‍ഞ്ഞിനെ തിരികെ വേണം’, അലഞ്ഞത് 48 ദിവസം; ഒടുവിൽ മന്ത്രി ഇടപെട്ടു, ‘ആരവ്’ ഇനി മയങ്ങും, പെറ്റമ്മയുടെ മാറിലെ ചൂടിൽ*

കോഴിക്കോട് : ‘ആരവ്’ ഇനിയും മയങ്ങും, പെറ്റമ്മയുടെ മാറിലെ ചൂടേറ്റ്....! ‌‌കുടുംബം കയ്യൊഴിഞ്ഞതോടെ ഉണ്ടായ സമ്മർദത്തിൽ കോഴിക്കോട്ടെ അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിച്ച മുപ്പതു വയസ്സുകാരിക്ക് ആശ്വാസമായി, കുഞ്ഞിനെ തിരികെ നൽകാനുളള നടപടികളിലേക്ക് സാമൂഹിക ക്ഷേമ വകുപ്പ്. ഡിഎൻഎ ഫലം കൂടി വിലയിരുത്തിയ ശേഷം കു‍ഞ്ഞിനെ തിരിച്ചുനൽകുമെന്ന് വനിത–ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ഡിഎൻഎ പരിശോധനയ്ക്കുള്ള തുക കെട്ടി വയ്ക്കാതെ കു‍ഞ്ഞിനെ കൈമാറില്ലെന്ന നിലപാടിലായിരുന്നു ശിശുക്ഷേമ സമിതി. ഇതേക്കുറിച്ച് മനോരമ ന്യൂസ് നൽകിയ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് മന്ത്രി ഇടപെട്ടത്. ഡിഎൻഎ ഫലം അനുകൂലമാണെങ്കിൽ ഉടൻ കുഞ്ഞിനെ കൈമാറാൻ നടപടിയെടുക്കുമെന്നും ഫീസ് ഈടാക്കില്ലെന്നും മന്ത്രി പറഞ്ഞു. 

അമ്മയുടെയും കുഞ്ഞിന്റെയും ഡിഎൻഎ പരിശോധന നടത്തിയെങ്കിലും ഇതിന് ചെലവായ 25,200 രൂപ അടയ്ക്കാതെ തുടർനടപടി സ്വീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു അധികൃതർ. തുക കണ്ടെത്താൻ വകയില്ലെന്നും ജില്ലാ അധികൃതരെ നേരിൽ കണ്ടിട്ടും ഫലമുണ്ടായില്ലെന്നും അമ്മ വ്യക്തമാക്കിയിരുന്നു.

മാർച്ച് 4 ന് രാത്രിയാണ് യുവതി കുഞ്ഞിനെ പ്രസവിച്ചത്. എട്ടാം ദിവസമാണ് കോഴിക്കോട് ബീച്ച് ആശുപത്രിക്കു സമീപമുള്ള അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിച്ചത്. കുടുംബമായി ജീവിക്കുന്നതിനിടെ യുവതി ആൺസുഹൃത്തിൽനിന്ന് ഗർഭിണിയായിരുന്നു. പിന്നീട് ആൺസുഹൃത്തുമായി അകന്നതോടെ ആത്മഹത്യയുടെ വക്കിലെത്തി. കുടുംബം കയ്യൊഴിഞ്ഞതോടെ കുഞ്ഞിനെ ഉപേക്ഷിക്കാതെ പറ്റില്ലെന്ന അവസ്ഥയിലായി. പ്രസവ ശേഷം ആശുപത്രിയിൽനിന്നു മൂത്തമകനൊപ്പം ഇറങ്ങി കാറിൽ പോകുന്നതിനിടെ കടൽതീരത്തെത്തി കുഞ്ഞിന് പാൽ നൽകിയ ശേഷമാണ് അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തത്.

കുഞ്ഞ് ആരുടെയെങ്കിലും സംരക്ഷണത്തിൽ നന്നായി വളരുമെന്ന പ്രതീക്ഷയിലായിരുന്നു ആ തീരുമാനമെന്ന് യുവതി പറഞ്ഞു. രാത്രി 10.37 ന് അമ്മത്തൊട്ടിലിൽ ലഭിച്ച കുഞ്ഞിന് ശിശുക്ഷേമ സമിതി ജീവനക്കാർ ‘ആരവ്’ എന്നാണ് പേരിട്ടത്. നൊന്തുപെറ്റ കുഞ്ഞിന്റെ മുഖം ആ അമ്മയുടെ മനസ്സിൽ നിന്ന് പിന്നെ മാഞ്ഞില്ല. മൂത്തമകനും ഇതേ മനസ്സായിരുന്നു. ഈ മാനസിക സംഘർഷത്തിന് ഒടുവിലാണ്, മാർച്ച് 12 ന് ഉപേക്ഷിച്ച കുഞ്ഞിനെ തേടി 48 ദിവസങ്ങൾക്ക് ശേഷം അമ്മ അധികൃതരെ കണ്ടത്.

കുട്ടിയെ തിരികെ കിട്ടാനുള്ള ശ്രമത്തിനിടെ സമൂഹമാധ്യമം വഴി ശിശുക്ഷേമ സമിതിയിലെ മുൻ അംഗവുമായി ബന്ധപ്പെട്ടു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വെള്ളിമാടുകുന്നിലെ ശിശുക്ഷേമ സമിതി അധികൃതരെ നേരിൽ കണ്ടു. ഉപേക്ഷിച്ച് അറുപതു ദിവസത്തിനകം കുഞ്ഞിനെ തിരിച്ചുകിട്ടാൻ സാങ്കേതിക പ്രശ്നങ്ങൾ ഇല്ലെന്ന വിവരം ലഭിച്ചത് ആശ്വാസമായി. എന്നാൽ അതിന് നിരവധി കടമ്പകൾ കടക്കണമെന്ന വിവരം അറിഞ്ഞതോടെ ആശ്വാസം ആശങ്കയായി. കലക്ടറേറ്റിൽ എത്തി ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസറെ കാണാനായിരുന്നു തുടർന്നുള്ള നിർദേശം. അമ്മയുടെ വേദന മനസ്സിലാക്കി കലക്ടറേറ്റിലെ ഉദ്യോഗസ്ഥരും ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസർ കെ.ഷൈനിയും അനുകൂലമായി പ്രതികരിച്ചതോടെയാണ് കുഞ്ഞിനു വേണ്ടിയുള്ള അമ്മയുടെ നീക്കങ്ങൾക്ക് വീണ്ടും പ്രതീക്ഷയുടെ ചിറകുമുളച്ചത്.

കലക്ടറേറ്റിൽ നിന്നുള്ള നിർദേശപ്രകാരം വെള്ളയിൽ പൊലീസ് ഇൻസ്പെക്ടർ എസ്.സുജിത്ത് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി മാർച്ച് 12 ന് അമ്മത്തൊട്ടിലിന്റെ ലോഗ് ബുക്കും മറ്റും പരിശോധിച്ചപ്പോഴാണ് മണിക്കൂറുകളുടെ മാത്രം വ്യത്യാസത്തിൽ ഒരു ആൺകുഞ്ഞു കൂടി അമ്മത്തൊട്ടിലിൽ എത്തിയ വിവരം അറിഞ്ഞത്. ഇതോടെ മാതൃത്വം കൃത്യമായി തെളിയിക്കാൻ ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങി. പൊലീസിൽനിന്ന് ഡിഎൻഎ പരിശോധനയ്ക്ക് അനുമതി ലഭിച്ചതോടെയാണ് അമ്മയുടെയും കുഞ്ഞിന്റെയും ഡിഎൻഎ പരിശോധന നടത്താൻ തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി തീരുമാനിച്ചത്. ഈ മാസം 14 ന് തിരുവനന്തപുരത്ത് ഫൊറൻസിക് ലാബിലാണ് ഡിഎൻഎ പരിശോധന നടത്തിയത്.

എന്നാൽ ഫലം ലഭിക്കുന്നതിനായി നൽകേണ്ട തുക കണ്ടെത്താൻ ആകാതെ പോയതാണ് യുവതിക്കു തിരിച്ചടിയായത്. കൂട്ടുകാരുടെയും മറ്റും സഹായത്തോടെ 15,000 രൂപ കണ്ടെത്തിയെങ്കിലും പരിശോധനയ്ക്ക് ചെലവായ 25,200 രൂപ കണ്ടെത്താൻ ആയില്ല. ഒടുവിൽ ആശ്വാസമായി മന്ത്രിയുടെ നിലപാട് എത്തുമ്പോൾ കുഞ്ഞിനെ വീണ്ടും മാറിൽ ചേർക്കാമെന്ന പ്രതീക്ഷയിലാണ് ആ അമ്മ. അന്വേഷണത്തിന്റെ ഭാഗമായി വെള്ളയിൽ പൊലീസ് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു.
*



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments