Breaking News

*പ്രതിഭാഗത്തിന്റെ ചാറ്റ് ജിപിടി ചോദ്യം, കൂറുമാറിയവരെ കുടുക്കിയ വഴി; ചെന്താമര വലയിലായത് വിശദീകരിച്ച് പൊലീസ്*

പാലക്കാട് : നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പ്രതി ചെന്താമരയ്ക്ക് കോടതി വധശിക്ഷ വിധിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ എന്‍ മുരളീധരന്‍. കേസന്വേഷണം നടത്തിയ സംഘത്തിന് കോടതി അഭിനന്ദനം അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി. 56 ദിവസം കൊണ്ട് ചാര്‍ജ് ഷീറ്റ് നല്‍കാന്‍ കഴിഞ്ഞതിലായിരുന്നു കോടതിയുടെ അഭിനന്ദനം. മുന്‍ പാലക്കാട് എസ് പി അജിത്ത് കുമാര്‍, മുന്‍ റെയിഞ്ച് ഡിഐജി ഹരിശങ്കര്‍, ഗവണ്‍മെന്റ് പ്ലീഡര്‍ വിജയകുമാര്‍ മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ കൂടി കൂട്ടായ പരിശ്രമമാണ് ഇത്തരത്തിലൊരു വിധി നേടിയെടുക്കാന്‍ കാരണമായതെന്നാണ് അദ്ദേഹം പറഞ്ഞത്.

അന്വേഷണ സംഘത്തിന്റെ എല്ലാ കണ്ടെത്തലും കോടതി ശരിവെച്ചെന്നും പ്രതിഭാഗം വക്കീല്‍ ചാറ്റ് ജിപിടി ഉപയോഗിച്ച് ഉണ്ടാക്കിയ ചോദ്യങ്ങളെ കൃത്യമായി നേരിടാന്‍ കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. 2025 ഫെബ്രുവരി 3ന് പാലക്കാട് ഡിപിഒയില്‍ വെച്ച് ഹരിശങ്കര്‍, മുന്‍ ഡിഐജി എന്നിവര്‍ ചേര്‍ന്ന് ഒരു മോക് ട്രയല്‍ നടത്തിയിരുന്നു. ഈ മാതൃകാ വാദത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിക്കാന്‍ സാധ്യതയുള്ളതായി കണ്ടെത്തിയ ചോദ്യങ്ങള്‍ക്ക് മുകളിലൊന്നും കോടതിയില്‍ വന്നിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ആ മുന്നൊരുക്കം കേസിനെ ഏറെ സഹായിച്ചു. പാലക്കാട് ജില്ലയിലെ പ്രോസിക്യൂഷന്‍ വിങ് സംസ്ഥാനത്തെ തന്നെ മികച്ച പ്രോസിക്യൂഷന്‍ വിങ്ങാണ്. സാക്ഷികളെ കൃത്യമായി എത്തിക്കുന്നതിലടക്കം പ്രോസിക്യൂട്ടര്‍മാരുടെ സേവനം ഏറെ വിലപ്പെട്ടതായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചാര്‍ജ് ഷീറ്റ് വേഗം തയ്യാറാക്കിയെങ്കിലും സാക്ഷികളെ കണ്ടെത്തുന്നതിലാണ് പ്രതിസന്ധിയുണ്ടായത്. ഇതിനിടെ ഗിരീഷ് അടക്കമുള്ള സാക്ഷികള്‍ കൂറുമാറി. എന്നാല്‍ ഇവരുടെ എല്ലാം ഗൂഗിള്‍ ടൈംലൈന്‍ എടുത്തതും നേരത്തെ തന്നെ മൊഴി രേഖപ്പെടുത്തിയതും ഈ പ്രതിസന്ധി മറികടക്കാന്‍ സഹായിച്ചു. ഗൂഗിള്‍ ടൈംലൈന്‍ ഉപയോഗിച്ച് ഇവരുടെ കൃത്യമായ ലൊക്കേഷന്‍ പൊലീസിന് കോടതിയില്‍ തെളിയിക്കാന്‍ സാധിച്ചു. പ്രതി ചെന്താമര ഇടം കയ്യനാണോ വലം കയ്യനാണോ എന്നതിന്റെ തെളിവും ശേഖരിച്ചിരുന്നു. ഇതിലൂടെ പ്രതി ഇടംകൈയ്യനാണെന്ന് തെളിയിക്കാന്‍ സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

മാനസിക പ്രശ്‌നം ഇല്ലെന്ന് തെളിയിക്കുന്ന രേഖകളും ശേഖരിച്ചു. ഇതിന്റെ അന്വേഷണ വഴികള്‍ മാധ്യമങ്ങളില്‍ അടക്കം പോകാതെ ശ്രദ്ധിച്ചിരുന്നതായും അദ്ദേഹം വിശദീകരിച്ചു. റീജിണല്‍ ഫൊറന്‍സിക് ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട് സമയ ബന്ധിതമായി ലഭിച്ചതും കേസിനെ ഏറെ സഹായിച്ചതായി അദ്ദേഹം വ്യക്തമാക്കി. തെളിവുകള്‍ കണ്ടെത്തുന്നതില്‍ അടക്കം കൈക്കൊണ്ട വേഗത തന്നെയായിരുന്നു ദൃക്‌സാക്ഷികള്‍ പോലും ഇല്ലാത്ത ഈ കേസിനെ താങ്ങി നിര്‍ത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments