Breaking News

ആനുകൂല്യ പ്രഖ്യാപനങ്ങളുടെ പെരുമഴ തീർത്തപ്പോഴും പാലിയേറ്റീവ് നഴ്സുമാരെ സർക്കാർ പരിഗണിച്ചില്ല. നവംബർ 1 ന് കരിദിനം ആചരിക്കും.


മലപ്പുറം : ക്ഷേമ പെൻഷനുകളുടെയും ആശ - അങ്കണവാടി വർക്കർമാരുടെ ഹോണറേറിയവും സ്കൂൾ പാചക തൊഴിലാളികളുടെയും ആയമാരുടെയും മറ്റ് മേഖലകളിൽ പ്രവർത്തിക്കുന്നവരുടെയടക്കം  ശമ്പള വർധനവും ആനുകൂല്യങ്ങളും വർധിപ്പിച്ചപ്പോഴും സർക്കാർ കണ്ടില്ലെന്ന് നടിച്ച ഒരു വിഭാഗമുണ്ട് കേരളത്തിൽ . സർക്കാരിന്റെ രണ്ട് വകുപ്പുകളുടെ കീഴിലായി കിടപ്പ് രോഗികളടക്കമുള്ള ക്യാൻസർ, കിഡ്നി രോഗികളായ  ആശ്രയമറ്റവർക്ക് ആശ്രയമായി പ്രവർത്തിക്കുന്ന പ്രൈമറി പാലിയേറ്റീവ് നഴ്സുമാരാണ് സർക്കാരിന്റെ അവഗണന വീണ്ടും ഏറ്റുവാങ്ങിയത്.  

       കേരളത്തിലെ ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും അതാത്  തദ്ദേശ സ്ഥാപനങ്ങൾ നിയമിക്കുന്ന ഒന്നോ ചില സ്ഥലങ്ങളിൽ  രണ്ടോ പേരാണ് പ്രൈമറി പാലിയേറ്റീവ് നഴ്സുമാരായിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങളാണ് ഇവരെ നിയമിക്കുന്നതെങ്കിലും ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള പ്രൈമറി ഹെൽത്ത് സെന്ററുകൾ, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇവർ ജോലി ചെയ്യുന്നത്. അതാത് തദ്ദേശ സ്ഥാപനങ്ങളുടെ പരിധിക്കുള്ളിൽ വരുന്ന പ്രായാധിക്യം മൂലം കിടപ്പിലായവർ , അപകടങ്ങൾ, പക്ഷാഘാതം വന്ന്  രോഗികളായവർ, കാൻസർ , കിഡ്‌നി രോഗികൾ തുടങ്ങിയവരെ വീടുകളിലെത്തി കുളിപ്പിക്കുകയും മുറിവ് കെട്ടുകയും തെറാപ്പി ചെയ്യിപ്പിക്കുകയും തുടങ്ങി ഒട്ടേറെ കാര്യങ്ങളാണ് ഇവർ ചെയ്യുന്നത്.മാസത്തിൽ ഓരോ പാലിയേറ്റീവ് നഴ്സും മുന്നൂറും നാന്നൂറും വീടുകൾ കയറിയിറങ്ങി രോഗികളെ സുശ്രൂഷിക്കണം. കോവിഡ് വന്നാലും നിപ വന്നാലും മറ്റ് മാരക പകർച്ചവ്യാധി രോഗങ്ങൾ ഉണ്ടായാലും രോഗികളുമായി ഏറ്റവും കൂടുതൽ ഇടപഴകി പ്രവർത്തിക്കുന്നവരാണ് പാലിയേറ്റീവ് നഴ്സുമാർ.   


      ആനുകൂല്യങ്ങളുടെ കാര്യം നോക്കുമ്പോൾ മറ്റ് സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന പി.എഫ്, പെൻഷൻ തുടങ്ങി  യാതൊരുവിധ ആനുകൂല്യങ്ങളും ഇവർക്കില്ല. പത്തും പതിനഞ്ചും വർഷമായി  തുഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന മുഴുവൻ പ്രൈമറി പാലിയേറ്റീവ് നഴ്സുമാരെയും മാറി മാറി വരുന്ന  സർക്കാറുകൾ  സ്ഥിരപ്പെടുത്തിയിട്ടില്ല എന്നതും ഇവർ നേരിടുന്ന അവഗണനയുടെ ഒരു ഭാഗമാണ്. ഇവർ ഇപ്പോഴും താൽക്കാലിക ജീവനക്കാരാണ്.എല്ലാ സർക്കാർ ജീവനക്കാർക്കും വിശേഷാവസരങ്ങളിൽ ശമ്പളവും സ്പെഷൽ അലവൻസുകളും നേരത്തെ കൊടുക്കുമെങ്കിലും പ്രൈമറി  പാലിയേറ്റീവ് നഴ്സുമാർക്ക് ഇക്ക ഴിഞ്ഞ ഓണ ശമ്പളം ലഭിച്ചത് ഓണം  കഴിഞ്ഞ് പത്ത് ദിവസം കഴിഞ്ഞതിന് ശേഷമായിരുന്നു.


കഴിഞ്ഞ ദിവസം  വിവിധ വിഭാഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ , ശമ്പള വർധനവ് തുടങ്ങി വിവിധ ആനുകൂല്യങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോഴും സംസ്ഥാനത്താകെയുള്ള മൂവായിരത്തോളം വരുന്ന  പ്രൈമറി പാലിയേറ്റീവ് നഴ്സുമാരെ സർക്കാർ വിസ്മരിക്കുകയും അവഗണിക്കുകയും ചെയ്തത് ഏറെ ദു:ഖകരവും പ്രതിഷേധാർഹവുമാണെന്ന്  കേരള പ്രൈമറി പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ അഷ്റഫ് കളത്തിങ്ങൽ പാറയും സെക്രട്ടറി സുനിത പി.ടി.യും പറഞ്ഞു. സർക്കാർ പാലിയേറ്റീവ് നഴ്സുമാരോട് കാണിച്ച ഈ കടുത്ത അവഗണനയിൽ പ്രതിഷേധിച്ച്  സംസ്ഥാനത്ത് മുഴുവൻ പ്രൈമറി പാലിയേറ്റീവ് നഴ്സുമാരും കേരള പിറവി ദിനമായ നവംബർ 1 ന് കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്യുമെന്നും അവർ പറഞ്ഞു.







 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa



No comments