ദുബായ് ആർടിഎ 20-ാം വാർഷികം: യാത്രക്കാർക്കായി വൻ സമ്മാനങ്ങളും ആകർഷകമായ ഓഫറുകളും ഒരുക്കി അധികൃതർ.
ദുബായ് : ദുബായിയുടെ ഗതാഗത മുഖച്ഛായ മാറ്റിയെഴുതിയ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) സ്ഥാപിതമായതിന്റെ 20-ാം വാർഷികം ആഘോഷിക്കുന്നു. ഈ സുവർണാവസരം ദുബായിലെ താമസക്കാർക്കും സന്ദർശകർക്കും അവിസ്മരണീയമാക്കാൻ വിപുലമായ സമ്മാനങ്ങളും ആകർഷകമായ ഓഫറുകളുമാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായ് വിമാനത്താവളത്തിൽ കാലുകുത്തുന്നതു മുതൽ മെട്രോ, ട്രാം യാത്രകളിൽ വരെ യാത്രക്കാർക്ക് ഈ ആഘോഷങ്ങളുടെ ഭാഗമാകാം.
*ട്രാം യാത്രക്കാർക്ക് മെഗാ സമ്മാനം*
സ്ഥിരമായി ട്രാം ഉപയോഗിക്കുന്ന യാത്രക്കാർക്ക് ഇന്നലെ(22) മുതൽ നവംബർ 2 വരെ നീളുന്ന മത്സരത്തിലൂടെ സമ്മാനം നേടാം. 10,000-ത്തിലേറെ 'രണ്ടെണ്ണം വാങ്ങുമ്പോൾ ഒരെണ്ണം സൗജന്യം' (2-ഫോർ-1) ഓഫറുകൾ ഉൾപ്പെടുന്ന 'എന്റർടെയ്‌നർ യുഎഇ 2026 ബുക്ക്‌ലെറ്റ്' ആണ് വിജയികളെ കാത്തിരിക്കുന്നത്.
*വിമാനത്താവളത്തിൽ 'സ്വാഗതം'*
ഈ മാസം 28 മുതൽ നവംബർ 1 വരെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത് ഒരു ഫോട്ടോ ചലഞ്ചാണ്. ടൂറിസ്റ്റുകൾക്ക് പ്രത്യേക വെൽക്കം പായ്ക്ക് ലഭിക്കും. ഈ ഫോട്ടോ ചലഞ്ചിൽ പങ്കെടുക്കുന്നവരെ ആർടിഎയുടെ സമൂഹമാധ്യമ പേജുകളിൽ പരിചയപ്പെടുത്തും.
*മെട്രോ സ്റ്റേഷനുകളിൽ സമ്മാനത്തിനുള്ള അവസരം*
നവംബർ 1 മുതൽ 15 വരെ ബുർജ്മാൻ, യൂണിയൻ, മാൾ ഓഫ് ദി എമിറേറ്റ്‌സ് മെട്രോ സ്റ്റേഷനുകളിലെ ഇഎൻബിഡി കിയോസ്‌കുകൾ സന്ദർശിക്കുന്നവർക്ക് സമ്മാനങ്ങൾ ലഭിക്കുകയും ഗോ ഫോർ ഇറ്റ്('Go4it) കാർഡിനെക്കുറിച്ച് അറിയാൻ സാധിക്കുകയും ചെയ്യും.
കൂടാതെ, നവംബർ 1ന് മാത്രം അൽ ഗുബൈബ ബസ് സ്റ്റേഷനിലും ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷനുകളിലും പ്രത്യേക 'ആർടിഎ20' ബൂത്ത് സജ്ജീകരിക്കും. ഇവിടെ പ്രവേശിക്കുന്നവർക്ക് 20 സെക്കൻഡിനുള്ളിൽ ഇലക്ട്രോണിക്‌സ് മുതൽ ചോക്ലേറ്റുകൾ വരെ സമ്മാനമായി നേടാം. അതേദിവസം തന്നെ ബുർജ്മാൻ മെട്രോ സ്റ്റേഷനിൽ ഒരുക്കിയിട്ടുള്ള ഭീമാകാരമായ ആർട്ട് ഫ്രെയിമുകളിൽ പോസ് ചെയ്യാനും ഡിജിറ്റൽ ഫോട്ടോ കോപ്പി ആർടിഎയുടെ ഫോട്ടോ ബൂത്തിൽ നിന്ന് സ്വന്തമാക്കാനും അവസരമുണ്ട്.
*സിനിമ ടിക്കറ്റുകളിലും ഓൺലൈൻ പർച്ചേസുകളിലും കിഴിവ്*
നവംബർ 1 മുതൽ 5 വരെ റോക്‌സി സിനിമാസിൽ ആർടിഎ20 എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് ടിക്കറ്റുകൾക്ക് 20% കിഴിവ് നേടാം. ഇതേ കോഡ് ഉപയോഗിച്ച് 'നൂൺ' വഴിയുള്ള ഓൺലൈൻ ഓർഡറുകൾക്കും 20% കിഴിവ് ലഭിക്കും.
*പുതിയ നോൽ കാർഡ്*
ആർടിഎയുടെ വാർഷികത്തോടനുബന്ധിച്ച് പ്രത്യേക ലിമിറ്റഡ് എഡിഷൻ നോൾ കാർഡുകൾ നവംബർ 1 മുതൽ 30 വരെ എല്ലാ മെട്രോ സ്റ്റേഷനുകളിലും ലഭ്യമാകും. നവംബർ 1ന് രാവിലെ 9ന് ബുർജ്മാൻ മെട്രോ സ്റ്റേഷനിൽ ആരംഭിക്കുന്ന 'ബലൂൺസും പുഞ്ചിരിയും' പോലുള്ള വിനോദ പരിപാടികൾ വിവിധ സ്റ്റേഷനുകളിലും കസ്റ്റമർ കെയർ സെന്ററുകളിലുമായി നടക്കും.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments