ഗസയിലെ വെടിനിര്‍ത്തല്‍ ഉറപ്പാക്കാന്‍ തുര്‍ക്കിയുടെ സൈനികര്‍ എത്തുന്നത് ഇസ്രായേലിനും യുഎസിനും ഭീഷണിയെന്ന് അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപോര്‍ട്ട്..
1952 മുതല്‍ യൂറോപ്യന്‍ സൈനിക സഖ്യമായ നാറ്റോയുടെ ഭാഗമാണ് തുര്‍ക്കിയെങ്കിലും പ്രാദേശിക വിഷയങ്ങളില്‍ യുഎസിന്റെയും യൂറോപ്പിന്റെയും നിലപാടിന് വിരുദ്ധമായ സമീപനമാണ് തുര്‍ക്കി സ്വീകരിക്കുന്നതെന്ന് റിപോര്‍ട്ട് ആരോപിക്കുന്നു. 2012 സെപ്റ്റംബര്‍ 11ന് ലിബിയയിലെ ബെങ്കാസിയിലെ യുഎസ് അംബാസിഡര്‍ ക്രിസ് സ്റ്റീവന്‍സ് കൊല്ലപ്പെട്ടതില്‍ തുര്‍ക്കിക്ക് പങ്കുണ്ടെന്നാണ് റിപോര്‍ട്ട് ആരോപിക്കുന്നത്. ബെങ്കാസിയിലെ തുര്‍ക്കിയുടെ കോണ്‍സല്‍ ജനറലായിരുന്ന അലി സെയ്ത് അഖിനെ ആണ് അന്ന് അവസാനമായി ക്രിസ് സ്റ്റീവന്‍സിനെ കണ്ടത്. പ്രദേശത്ത് നിരവധി സായുധ സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന കാര്യം അഖിനെയ്ക്ക് അറിയാമായിരുന്നു. പക്ഷേ, അഖിനെ ഇക്കാര്യം ക്രിസ് സ്റ്റീവന്‍സിനെ അറിയിച്ചില്ലത്രെ. അഖിനെ കോണ്‍സലേറ്റില്‍ നിന്നും പോയ ശേഷം കോണ്‍സലേറ്റില്‍ ആക്രമണമുണ്ടായി. അതിലാണ് ക്രിസ് സ്റ്റീവന്‍സ് കൊല്ലപ്പെട്ടത്.ക്രിസ് സ്റ്റീവന്‍സിന്റെ കൊലപാതകത്തിന് ശേഷം തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദ്ദുഗാന്‍, അഖിനെ അഫ്ഗാനിസ്താനിലെ തുര്‍ക്കിയുടെ അംബാസഡറായി നിയമിച്ചു. അതിന് ശേഷം തുര്‍ക്കിയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം ശക്തമായെന്നും റിപോര്‍ട്ട് പറയുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഗസ വെടിനിര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായ അന്താരാഷ്ട്ര സൈന്യത്തില്‍ തുര്‍ക്കി സൈനികരുമുണ്ടാവും. തുര്‍ക്കി സൈന്യം ഗസയില്‍ എത്തുന്നതില്‍ ഇസ്രായേലിന് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍, ഇസ്രായേലിന്റെ എതിര്‍പ്പ് തള്ളിയാണ് ട്രംപ്, തുര്‍ക്കി സൈനികരെ ഗസയില്‍ വിന്യസിക്കാന്‍ അനുവദിച്ചത്. തുര്‍ക്കി പ്രസിഡന്റ് ഉര്‍ദ്ദുഗാനോടുള്ള പ്രത്യേക താല്‍പര്യമാണ് ഇതിന് കാരണമെന്നും റിപോര്‍ട്ടുകള്‍ പറയുന്നുണ്ട്. കൂടാതെ ഗസയിലേക്ക് 200 സൈനികരെ അയക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. എന്നാല്‍, ആ സൈനികര്‍ ഗസയിലേക്ക് കടക്കാതെ, ഇസ്രായേലിന് അകത്തായിരിക്കും പ്രവര്‍ത്തിക്കുക.ഗസയില്‍ തുര്‍ക്കി സൈന്യം എത്തുന്നത് ഹമാസിന് ഗുണകരമാവുമെന്നാണ് അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരോപിക്കുന്നത്. തിരഞ്ഞെടുപ്പൊന്നും നടത്താതെ അധികാരത്തില്‍ തുടരുന്ന, 89കാരനായ ഫലസ്തീനി അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് മരിച്ചാല്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് തുര്‍ക്കി കണക്കുകൂട്ടുന്നതത്രെ. തിരഞ്ഞെടുപ്പില്‍ ഹമാസ് ജയിക്കുമെന്ന കാര്യത്തില്‍ തുര്‍ക്കിക്ക് സംശയമൊന്നുമില്ല. വെസ്റ്റ്ബാങ്കിലും ഗസയിലും അവസാനം നടന്ന തിരഞ്ഞെടുപ്പുകളില്‍ ജയിച്ചത് ഹമാസാണ്. 2006ല്‍ വെസ്റ്റ്ബാങ്കില്‍ ഹമാസ് ഭൂരിപക്ഷം നേടിയ ശേഷമാണ് മഹ്മൂദ് അബ്ബാസ് തിരഞ്ഞെടുപ്പ് നിര്‍ത്തിയത്. അതിന് ശേഷം യുഎസിന്റെയും ഇസ്രായേലിന്റയും സംരക്ഷണയിലാണ് അബ്ബാസ് ഭരണം നടത്തുന്നത്.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments