Breaking News

പേര് അതിസുരക്ഷാ ജയിൽ, വിയ്യൂരിലെ 165 സിസിടിവികളിൽ പ്രവർത്തിക്കുന്നത് ഒരെണ്ണം; സൂപ്രണ്ടിനെ നേരിട്ട് വിളിപ്പിച്ച് കോടതി.

കൊച്ചി : വിയ്യൂർ അതിസുരക്ഷാ ജയിലിലെ 165 സിസി ടിവികളിൽ പ്രവർത്തനക്ഷമമായത് ഒരെണ്ണം മാത്രം. എൻഐഎ പ്രത്യേക കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ജയിൽ സൂപ്രണ്ട് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിയ്യൂർ സെൻട്രൽ ജയിലിൽ എൻഐഎ കേസിലെ പ്രതികൾക്ക് മർദനമേറ്റെന്ന പരാതിയുമായി ബന്ധപ്പെട്ടാണ് റിപ്പോർട്ട് സമർപ്പിച്ചത്.

പ്രതികളെ വ്യാഴാഴ്‌ച കോടതിയിൽ ഹാജരാക്കാൻ ഉത്തരവുണ്ടായിരുന്നെങ്കിലും ജയിൽ അധികൃതർക്ക് ഇതിനു സാധിച്ചിരുന്നില്ല. തിരുവനന്തപുരം മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തതിനാൽ ഹാജരാക്കാൻ സാധിച്ചില്ല എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ‍ വിമർശനമുന്നയിച്ച കോടതി ഈ മാസം 24ന് കോടതിയിൽ നേരിട്ടു ഹാജരായി വിശദീകരണം നൽകാൻ വിയ്യൂർ അതിസുരക്ഷാ ജയിൽ സൂപ്രണ്ടിന് നിർദേശം നൽകി. അന്നേ ദിവസം പ്രതിയെ കോടതിയിൽ ഹാജരാക്കാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനും കോടതി നിർദേശം നൽകി. 

എൻഐഎ എടുത്തിട്ടുള്ള മാവോയിസ്റ്റ് കേസിൽ പ്രതിയായ തൃശൂർ സ്വദേശി പി.എം.മനോജിനെ വിയ്യൂർ ജയിലിൽ സുരക്ഷാ ജീവനക്കാർ മർദിച്ചെന്നാണ് പരാതി. ഇതിനു പിന്നാലെ മനോജിനെ വിയ്യൂരിൽ നിന്നും തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. എന്നാൽ തന്നെ മർദിച്ചതിലും നിയമവിരുദ്ധമായി ജയിൽ മാറ്റിയതിലും പ്രതിഷേധിച്ച് മനോജ് നിരാഹാര സമരം ആരംഭിച്ചു. പിന്നാലെ മനോജിനെ മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തു. 

വിഷയം എൻഐഎ കോടതിയുടെ പരിഗണനയിലെത്തിയപ്പോൾജയിലിലെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാനും മര്‍ദനമേറ്റ തടവുകാരനെ നേരിട്ടു ഹാജരാക്കാനും കോടതി നിർദേശിച്ചിരുന്നു. എന്നാൽ അതീവ സുരക്ഷാ ജയിലിലായ വിയ്യൂരിൽ ഭൂരിഭാഗം സിസിടിവികളും പ്രവർത്തിക്കുന്നില്ല എന്നാണ് സർക്കാർ അറിയിച്ചത്. 2019ൽ 165 സിസി ടിവി ക്യാമറകൾ വിയ്യൂരിൽ സ്ഥാപിച്ചിരുന്നു.

അഞ്ചു വർഷമായിരുന്നു ഇവയുടെ വാറന്റി കാലാവധി. പിന്നാലെ ക്യാമറകളിൽ ഭൂരിഭാഗവും പ്രവർത്തനക്ഷമമായി. തുടർന്ന് ഇവ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ നടന്നു വരികയാണ്. ഇതിനു പുറമെ കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി 176 സിസി ടിവി ക്യാമറകൾ കൂടി സ്ഥാപിക്കാനുള്ള കാര്യങ്ങളും നടന്നു വരികയാണെന്ന് സർക്കാർ അറിയിച്ചു.

തടവുകാർക്ക് മർദനമേറ്റെന്ന പരാതിയിൽ സിസി ടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ തൃശൂർ പൊതുമരാമത്ത് ഇലക്ട്രോണിക് വിഭാഗം അസി. എഞ്ചിനീയർ ജയിലിൽ നേരിട്ടെത്തി പരിശോധിച്ചപ്പോഴാണ് നാലാം നമ്പർ സെല്ലിൽ സ്ഥാപിച്ചിട്ടുള്ള സിസി ടിവി മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തുന്നത്.

ഈ സിസി ടിവി ക്യാമറയിൽ കോടതി നിർദേശിച്ച ദൃശ്യങ്ങൾ ഇല്ല എന്നതിനാൽ അത് ഹാജരാക്കാൻ സാധിക്കില്ല എന്നുമാണ് സൂപ്രണ്ട് അറിയിച്ചിരിക്കുന്നത്. എന്നാല്‍ സിസി ടിവി ക്യാമറകൾ സംബന്ധിച്ച് സൂപ്രണ്ടിന്റെയും പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയറുടെയും റിപ്പോർട്ടുകളിൽ ചില പൊരുത്തക്കേടുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. മാത്രമല്ല, വിയ്യൂർ ജയിലിൽ നിന്ന് മനോജിനെ പൂജപ്പുരയിലേക്ക് മാറ്റിയതിന്റെ വിശദീകരണം തൃപ്തികരമല്ല.  തുടർന്നാണ് നേരിട്ടു ഹാജരാകാൻ കോടതി സുപ്രണ്ടിനോട് നിർദേശിച്ചത്. 

പ്രതിക്ക് കടുത്ത രീതിയിൽ പരുക്കുണ്ടെന്നാണ് മെഡിക്കൽ രേഖകളിൽ നിന്ന് മനസിലാകുന്നതെന്ന് കോടതി പറഞ്ഞു. രക്തം കട്ട പിടിച്ചു കിടക്കുന്നത് ഉൾപ്പെടെ പരുക്കുണ്ട്. പ്രതി നിരാഹാര സമരത്തിലാണ്. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ഒരു അഭിഭാഷകനെ നിയോഗിച്ച് പ്രതിയെ സന്ദർശിച്ച് റിപ്പോർട്ട് നൽകാനും കോതി നിർദേശിച്ചു. നിരാഹാര സമരം അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments