Breaking News

പുണ്യയാത്രയിൽ ഒന്നിച്ചവർ ഒരുമിച്ച് മണ്ണിലേക്ക് മടങ്ങി; 46 ഇന്ത്യക്കാർക്ക് കണ്ണീരിൽ കുതിർന്ന വിട നൽകി സൗദി.

മദീന : ഒരുമിച്ച് പുണ്യയാത്ര നടത്തിയവർ ഒരുമിച്ച് മണ്ണിലേക്ക് മടങ്ങി. മദീന ബസ് അപകടത്തിൽ മരിച്ച ഇന്ത്യൻ തീർഥാടകരായ 46 പേരുടെ മൃതദേഹങ്ങൾ അന്ത്യകർമ്മങ്ങൾക്ക് ശേഷം മദീനയിൽ ഖബറടക്കി. പ്രവാചകപള്ളിയിൽ നമസ്കാരത്തിനെത്തിയ ആയിരങ്ങളാണ് ബന്ധുക്കൾക്കൊപ്പം പ്രാർഥനപൂർവ്വം ഈറനണിഞ്ഞ കണ്ണുകളോടെ തീർഥാടകരുടെ മടക്കയാത്രക്ക് വിടനൽകാനെത്തിയത്. 

മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ പ്രത്യേക ശവമഞ്ചവാഹനങ്ങളിൽ മദീന പ്രവാചക പള്ളിയിൽ എത്തിച്ചു. ളുഹ്ർ നമസ്കാരത്തിനു ശേഷം നടന്ന മയ്യത്ത് നമസ്കാരത്തിനു ശേഷം ജന്നത്തുൽ ബഖിയിൽ ഇന്ത്യൻ സമയം മൂന്ന് മണിയോടെ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി ഖബറടക്കം നടത്തിയത്. സൗദി മന്ത്രാലയ ഉദ്യോഗസ്ഥരും ഇന്ത്യൻ സർക്കാർ പ്രതിനിധികളും തെലങ്കാന സംസ്ഥാന സർക്കാർ സംഘവും ഇന്ത്യൻ സ്ഥാനപതി, കോൺസുൽ ജനറൽ തുടങ്ങിയവർ സംസ്കാര ചടങ്ങുകളിൽ സംബന്ധിച്ചു. ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാൻ, ജിദ്ദ കോൺസുലേറ്റ് ജനറൽ ഫഹദ് അഹമ്മദ്ഖാൻ സൂരി എന്നിവർക്കു പുറമെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഇന്ത്യൻ സർക്കാർ അയച്ച ഉന്നതതല സംഘതലവൻ ആന്ധ്രാപ്രദേശ് ഗവർണർ ജസ്റ്റീസ് അബ്ദുൽ നസീർ, വിദേശകാര്യ മന്ത്രാലയ സെക്രട്ടറി അരുൺകുമാർ ചാറ്റർജി എന്നിവർ ബുധനാഴ്ച മദീനയിലെത്തിയിരുന്നു. തെലങ്കാന ന്യൂനപക്ഷ ക്ഷേമകാര്യ വകുപ്പ് മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീൻ, മാജിദ് ഹുസൈൻ എംഎൽഎ, വകുപ്പ് സെക്രട്ടറി ബി. ഷഫിയുള്ള മറ്റ് തെലങ്കാന സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും ചൊവ്വാഴ്ച മുതൽ മദീനയിലെത്തിയിരുന്നു. പ്രവാസി ഇന്ത്യൻ സാമൂഹിക, ജീവകാരുണ്യപ്രവർത്തകരും ദുരന്തമുണ്ടായപ്പോൾ മുതൽ അവശ്യമായ സഹായങ്ങളുമായി ഇന്ത്യൻ അധികൃതരുടെ ഒപ്പം ബന്ധുക്കൾക്ക് പിന്തുണയുമായി എത്തിയിരുന്നു.


മദീന കിങ് ഫഹദ് ആശുപത്രി, കിങ് സൽമാൻ ആശുപത്രി, അൽ മീഖാത്ത് ആശുപത്രി എന്നിവിടങ്ങളിലെ മോർച്ചറിയിലായിരുന്നു മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നത്. ഹൈദരാബാദിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിലായി എത്തിയ ബന്ധുക്കളുടെ ഡിഎൻഎ പരിശോധന പൂർത്തീകരിച്ചിരുന്നു. മൃതദേഹം തിരിച്ചറിയുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. മരിച്ചവരിൽ 41 പേർ ഉംറയ്ക്കായി ഹൈദരാബാദിൽ നിന്നും എത്തിയവരായിരുന്നു. മരിച്ചവരിൽ ഒരാൾ ബസ് ഡ്രൈവറാണ്. മരിച്ചവരുടെ കൂട്ടത്തിൽ രണ്ടുപേർ ഇവരെ കാണാനെത്തിയ ബന്ധുക്കളായിരുന്നു, അവരും മക്കയിൽ നിന്നും ഒപ്പം മദീനയിലേക്കുള്ള യാത്രയിൽ ബസ്സിലുണ്ടായിരുന്നു. ഡ്രൈവർ സീറ്റിനു സമീപം മുന്നിലിരുന്ന 24 കാരനായ മുഹമ്മദ് അബ്ദുൽ ഷുഹൈബ് മാത്രമാണ് അദ്ഭുതകരമായി അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. മദീന ജർമൻ ആശുപത്രിയിൽ ഷുഹൈബ് ചികിത്സയിൽ തുടരുകയാണ്.

സൗദി സമയം ഏകദേശം രാത്രി 11 മണിയോടെ വേഗത്തിൽ വന്ന ഒരു ഡീസൽ ടാങ്കർ ബസ്സിൽ ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്. ബസിന് തീപിടിച്ചപ്പോൾ ഉള്ളിൽ കുടുങ്ങിയവരിൽ കൈക്കുഞ്ഞുങ്ങൾ മുതൽ 70 വയസ്സ് പിന്നിട്ടവർ വരെയുണ്ടായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ വാഹനം ഒരു തീഗോളമായി മാറുകയായിരുന്നു. വിവരമറിഞ്ഞ് സിവിൽ ഡിഫൻസ് എത്തി തീയണക്കുമ്പോഴേക്കും ബസ്സിലുണ്ടായിരുന്ന 45 തീർഥാടകരും കത്തികരിഞ്ഞിരുന്നു. ബദ്റിനും മദീനക്കും ഇടയിൽ മുഫറഹാത്ത് എന്ന സ്ഥലത്തുവച്ചായിരുന്നു അപകടം നടന്നത്. ഹൈദരാബാദിലെ ആസിഫ് നഗർ, ജിറ, മെഹ്ദി പട്ടണം, ടോളി ചൗക്കി എന്നിവിടങ്ങളിലെ താമസക്കാരാണ് മരിച്ചവരിൽ ഭൂരിഭാഗവും. 

നവംബർ ഒൻപതിന് ജിദ്ദയിലേക്ക് പോയ 54 തീർഥാടകരിൽ നാലുപേർ മക്കയിൽ നിന്നും കാറിൽ മദീനയിലേക്ക് പോയി, നാലുപേർ മക്കയിൽ തന്നെ തുടർന്നു. മറ്റ് 46 തീർഥാടകരും അപകടത്തിൽപ്പെട്ട ബസിലുണ്ടായിരുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments