Breaking News

കാർക്കൂന്തൽ കെട്ടിലല്ലോ കാരുണ്യം

കാഞ്ഞങ്ങാട് : അവയവദാനം പോലെതന്നെ മഹത്തരമായ സന്ദേശമാണ് കേശദാനവും നൽകുന്നത്. കാൻസർ രോഗികൾ കീമോതെറാപ്പിക്ക് വിധേയരാകുമ്പോൾ അവരുടെ മുടി കൊഴിയുന്നു. ഇത് രോഗികൾക്ക് വലിയ മനോവിഷമത്തിനും സ്വയം ഒതുങ്ങി കൂടുന്നതിനും കാരണമാകുന്നു.

അതുകൊണ്ട് സ്വാഭാവിക മുടി കൊണ്ടുതന്നെ വിഗ്ഗ് തയാറാക്കി സൗജന്യമായി കാൻസർ രോഗികൾക്ക് നൽകി അവർക്ക് ആത്മധൈര്യം പകരുക എന്ന ഉദേശത്തോട് കൂടി കാഞ്ഞങ്ങാട് സൗത്ത് സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിൻ്റെയും മറ്റ് ക്ലബ്കളുടെയും നേതൃത്വത്തിൽ കേശദാനം  സംഘടിപ്പിച്ചു.
 
തല പോയാലും മുടി പോകാൻ സമ്മതിക്കാത്തവരാണ് സ്ത്രീകൾ എന്ന പേര് ദോഷം മാറ്റിയെടുത്തുവെന്ന് കേശദാനം ചെയ്ത എൻ എസ് എസ് പ്രോഗ്രാം ഓഫീസറും അധ്യാപികയുമായ  ആർ മഞ്ജു പറഞ്ഞു.

തലമുടി പോകുമെങ്കിൽ എനിക്ക് കീമോതെറാപ്പി ചെയ്യണ്ട എന്ന് ഒരു ക്യാൻസർ രോഗി തന്നോട് പറഞ്ഞ വാക്കുകൾ വിദ്യാർത്ഥികളോട് പറഞ്ഞ് കൊണ്ടാണ് അധ്യാപകനായ സമീർ സിദ്ദീഖി തൻ്റെ പ്രസംഗം ആരംഭിച്ചത്. 

സ്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം അധ്യാപികമാരായ ആർ മഞ്ജു, എസ് സനിത, സുബിതാശ്വതി, വിദ്യാർത്ഥികളായ കൃഷ്ണ നന്ദ പി വി, ദേവനന്ദ വി വി , റംലത്ത് റ്റി, വിസ്മയ എം എസ്, അനാമിക ബാലകൃഷ്ണൻ, ചിന്മയി ബാബുരാജ് തുടങ്ങിയവരും തലമുടി മുറിച്ചത് മറ്റ്  വിദ്യാർത്ഥികൾക്ക് പ്രചോദനമായി. കൂടാതെ വിവിധ വനിത കൂട്ടായ്മകളിൽ നിന്നുമായി 25 പേരുടെ തലമുടികളാണ് ക്യാൻസർ രോഗികൾക്ക് സൗജന്യ വിഗ്ഗ് നിർമ്മിക്കുന്നതിനായി ശേഖരിച്ചത്.

മുടി നൽകുന്നവർ ചെയ്യുന്ന നന്മയും ക്യാൻസർ രോഗികൾ അനുഭവിക്കുന്ന മാനസിക വിഷമവും നാം ഓരോരുത്തരും മനസിലാക്കണമെന്ന് ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ നീതു തച്ചഞ്ചേരി പറഞ്ഞു.

12 ഇഞ്ച് നീളത്തിൽ മാത്രമാണ് മുടി നൽകാൻ സാധിക്കുകയെന്നതായിരുന്നു ചില പെൺകുട്ടികളുടെ പരിഭവം. മുടി അത്ര വളരാത്തതിനാൽ ഈ സദ്കർമ്മത്തിൽ പങ്കെടുക്കാൻ അവർക്ക് കഴിഞ്ഞില്ല, സാരമില്ല 12 ഇഞ്ച് നീളത്തിൽ വളരട്ടെ അപ്പോൾ കാണിക്കാമെന്ന് വിദ്യാർത്ഥികളും അധ്യാപികമാരായ ശ്യാമിതയും ആരതിയും.

കാഞ്ഞങ്ങാട് മയൂരി ബൂട്ടിപാർലർ ഉടമയും ചീഫ് ബ്യൂട്ടീഷ്യനും ഹെയർ സ്റ്റയിലിസ്റ്റുമായ അനിത ബാബുവിൻ്റെയും അജിത പ്രകാശിൻ്റെയും നേതൃത്വത്തിൽ മുറിച്ച തലമുടികൾ പായ്ക്ക് ചെയ്ത് തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ അസോസിയേറ്റ് ഡയറക്ടറും പാലിയേറ്റീവ് കെയർ ചാർജുമായ ഫാദർ ജെയ്സൺ മുണ്ടവൻ മണിക്ക് അയച്ച് കൊടുത്തു.

പ്രിൻസിപ്പാൾ പി എസ് അരുൺ അധ്യക്ഷത വഹിച്ച യോഗത്തിൽ, ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ നീതു തച്ചഞ്ചേരി ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആർ മഞ്ജു, കാസർകോട് ടൗൺ ക്ലസ്റ്റർ കോർഡിനേറ്റർ പി സമീർ സിദ്ദീഖി , സീനിയർ അസിസ്റ്റൻ്റ് സി ശാരദ, പി റ്റി എ എക്സിക്യൂട്ടിവ് അംഗം പി വി ബാലകൃഷ്ണൻ, പിങ്ക് പോലീസ് അംഗങ്ങളായ ശ്രീദേവി, പ്രശാന്തി, അധ്യാപകരായ കെ അർച്ചന,  സി എം പ്രജീഷ്, സിന്ധു പി രാമൻ തുടങ്ങിയവർ പങ്കെടുത്തു

ഫോട്ടോ ക്യാപ്ഷൻ

കാഞ്ഞങ്ങാട് സൗത്ത്   ജി വി എച്ച് എസ് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ക്യാൻസർ രോഗികൾക്ക് സൗജന്യ വിഗ്ഗ് നിർമ്മിക്കുന്നതിനായി ഹോപ്പ് ഇൻ ഹെയർ പദ്ധതിയിലേക്ക്  സ്വന്തം തലമുടി ദാനം ചെയ്യുന്നു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments