*പൊന്നാനിയിൽ പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ കപ്പൽ നിർമാണശാല വരുന്നു: ടെൻഡർ നടപടികൾ പൂർത്തിയായി*- ആദ്യഘട്ടത്തിൽ 200 കോടി മുതൽ മുടക്കിൽ ചെറുകിട കപ്പലുകൾ നിർമിക്കാൻ സംവിധാനം- രണ്ടാംഘട്ടത്തിൽ 1000 കോടിയുടെ വൻകിട കപ്പൽശാല
മലബാറിൻ്റെ വികസനക്കുതിപ്പിന് കരുത്ത് പകർന്ന് കൊണ്ട് പൊന്നാനി തുറമുഖത്ത് വൻകിട കപ്പൽ നിർമാണശാല വരുന്നു. കേരള മാരി ടൈം ബോർഡിൻ്റെ അധീനതയിൽ പൊന്നാനി ഫിഷിങ് ഹാർബറിന് പടിഞ്ഞാറു വശത്തായി കടലോരത്തുള്ള 29 ഏക്കറോളം ഭൂമിയിലാണ് കപ്പൽ നിർമാണശാല വരുന്നത്. പൊതു - സ്വകാര്യപങ്കാളിത്തത്തോടെയാണ് കൊച്ചി കഴിഞ്ഞാൽ സംസ്ഥാനത്തെ രണ്ടാമത്തെ കപ്പൽശാല പൊന്നാനിയിൽ യാഥാർഥ്യമാവുന്നത്.
കപ്പൽ നിർമാണവുമായി ബന്ധപ്പെട്ടുള്ള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂഷനും ആരംഭിക്കും. കപ്പൽ യാർഡ് തുടങ്ങുന്നതിന് പിന്നാലെ ചരക്ക് നീക്കവും ആരംഭിക്കും. പദ്ധതിയുടെ ടെൻഡർ നടപടികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
രണ്ടാഴ്ചക്കുള്ളിൽ കരാർ ഒപ്പു വെക്കൽ നടപടികളിലേക്ക് കടക്കും. ആദ്യമായി ചെറുകിട കപ്പലുകൾ നിർമിക്കാനുള്ള പദ്ധതിയാണ് നടപ്പാക്കുക. ഇതിന്റെ ഭാഗമായി അഴിമുഖത്ത് വാർഫും നിർമിക്കും. പുലിമുട്ടിനോട് ചേർന്ന് പഴയ ജങ്കാർ ജെട്ടിക്ക് സമീപത്താണ് വാർഫ് നിർമിക്കുക. ആദ്യഘട്ടത്തിൽ 200 കോടിയോളം രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. രണ്ടാംഘട്ടത്തിൽ വലിയ കപ്പലുകൾ നിർമിക്കാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഏഴു മുതൽ 10 വർഷത്തിനിടയിൽ 1000 കോടിയോളം രൂപ നിക്ഷേപിച്ച് വലിയ കപ്പലുകൾ നിർമിച്ചു കൊണ്ട് കൊച്ചി കഴിഞ്ഞാൽ ഏറ്റവും വലിയ കപ്പൽ നിർമ്മാണശാലയാക്കി പൊന്നാനിയെ മാറ്റാനാണ് ഉദ്ദേശം. കപ്പൽ നിർമാണശാല വരുന്നതോടെ ആയിരത്തോളം പേർക്ക് പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.
കപ്പൽ നിർമാണ ശാലക്ക് കണ്ടെത്തിയിരിക്കുന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന മീൻ ചാപ്പകൾക്ക് ഹാർബറിന്റെ കിഴക്കുഭാഗത്ത് സൗകര്യം ഒരുക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
കപ്പൽ നിർമാണശാല പൊന്നാനിയുടെ വികസന രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് കാരണമാകുമെന്നും പദ്ധതിക്ക് തദ്ദേശീയമായ സഹകരണം ഉറപ്പാക്കാൻ എല്ലാവരും മുന്നോട്ടു വരണമെന്നും പി. നന്ദകുമാർ എം.എൽ.എ പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments