*എന്‍ഡിഎയിൽ ചേർന്നതിനു പിന്നാലെ ട്വന്‍റി20യിൽ കൊഴിഞ്ഞു പോക്ക് തുടരുന്നു*
കൊച്ചി : എന്‍ഡിഎയുമായി സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ട്വന്‍റി20 യില്‍ നിന്നും കൊഴിഞ്ഞു പോക്ക് തുടരുന്നു. നേതാക്കളും പ്രവർത്തകരും ഉള്‍പ്പെടെ നിരവധി പേരാണ് ബിജെപിയുമായുള്ള കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച് പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. പാർട്ടി വിട്ടവരുടെ കൂട്ടത്തില്‍ എറണാകുളം ജില്ലാപഞ്ചായത്ത് മുന്‍ അംഗം നാസർ പിഎം, വടവുകോട് മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റസീന പരീത അടക്കമുള്ള പ്രമുഖരുമുണ്ട്.
ഫേസ്ബുക്കിലൂടെയാണ് നാസർ പിഎം താന്‍ ട്വന്‍റി20 വിടുന്നതായി പ്രഖ്യാപിച്ചത്. 'ഞാന്‍ ട്വന്‍റി20 യില്‍ നിന്നും രാജിവച്ചു. ഇനി മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളോടൊപ്പം' വെങ്ങോല ഡിവിഷനില്‍ നിന്നുള്ള ട്വന്‍റി20യുടെ ജില്ലാ പഞ്ചായത്ത് അംഗമായ നാസർ ഫേസ്ബുക്കില്‍ കുറിച്ചു. ട്വന്‍റി20യുടെ ബിജെപി സഖ്യ നീക്കത്തില്‍ എതിർപ്പുള്ള ജനപ്രതിനിധികള്‍ അടക്കം കൂടുതല്‍ പേർ പാർട്ടി വിടുമെന്ന് റസീന പരീതും വ്യക്തമാക്കുന്നു. ന്യൂനപക്ഷ സമുദായങ്ങളെ ദ്രോഹിക്കുന്ന എൻഡിഎയുമായി ചേരുന്നത് അംഗീകരിക്കാനാവില്ലെന്നും അവർ അഭിപ്രായപ്പെട്ടു.
'ട്വന്‍റി20 എന്ന് പറയുന്ന പ്രസ്ഥാനം ഇടതിലേക്കും പോകില്ല വലതിലേക്കും പോകില്ല. സ്വന്തം നിലയ്ക്ക് മാത്രമേ മുന്നോട്ട് പോകുകയുള്ളു. ഇനി എന്തെങ്കിലും ഒരു പ്രശ്നം വന്നാലും ഈ പ്രസ്ഥാനം നിർത്തേണ്ടി വന്നാലും വേറൊരു പാർട്ടിയിൽ ലയിക്കില്ല എന്ന് പറഞ്ഞതാണ് പാർട്ടിയുടെ ചീഫ് കോർഡിനേറ്റർ മിസ്റ്റർ സാബു എം ജേക്കബ്. പക്ഷേ ഇപ്പോള്‍ ആ നിലപാടുകളെല്ലാം മറികടന്നത് കൊണ്ടാണ്, വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിച്ചുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഞാൻ അറിഞ്ഞിടത്തോളം സംഘടനയുടെ ഭാരവാഹികളുമായിട്ട് യാതൊരുവിധ ചർച്ചയും നടത്താതെയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്' റസീന പരീത് പറഞ്ഞു.
ഞങ്ങൾക്ക് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത ഒരു കാര്യമാണ് ഇത്. ന്യൂനപക്ഷ സമുദായങ്ങളെ ഇത്രയധികം ദ്രോഹിക്കുന്ന എൻഡിഎയുമായിട്ട് ട്വന്‍റി20 യോജിക്കുന്നതിൽ ഞങ്ങൾക്ക് താല്പര്യമില്ല. അതുകൊണ്ട് ഞങ്ങൾ പാർട്ടി വിടുകയാണ്. മുൻ മെമ്പർമാരും നമ്മുടെ കൂടെയുണ്ട്. പുതിയൊരു പാർട്ടി എന്ന നിലയ്ക്കാണ് നമ്മൾ ട്വന്‍റി20 പരീക്ഷിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, കഴിഞ്ഞ തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു ട്വന്റി20 അധ്യക്ഷൻ സാബു എം. ജേക്കബ് എന്‍ഡിഎ പ്രവേശനം സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ഔദ്യോഗിക മുന്നണി പ്രവേശനവും നടന്നു. സാബു എം ജേക്കബ് പറഞ്ഞത്, കേരളത്തിന്റെ വികസന ദർശനത്തിലും 'വികസിത കേരള' എന്ന ആശയത്തിലും ആകൃഷ്ടനായാണ് എൻഡിഎയുമായി സഖ്യമുണ്ടാക്കിയതെന്നാണ് മുന്നണി പ്രവേശനത്തിനുള്ള കാരണമായി സാബു എം ജേക്കബ് വ്യക്തമാക്കിയത്. സ്വതന്ത്രമായി പ്രവർത്തിച്ചാൽ വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
എറണാകുളം ജില്ലയിലെ കുന്നത്തുനാട്, കിഴക്കമ്പലം തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ സാന്നിധ്യമുള്ള ട്വന്റി20, 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എട്ട് മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു. ചിലയിടങ്ങളിൽ ബിജെപിയെ മറികടന്ന് മൂന്നാം സ്ഥാനത്ത് എത്താനും സാധിച്ചു. കുന്നത്തുനാട്ടിൽ ശക്തമായ മത്സരം കാഴ്ചവെച്ച പാർട്ടി 41890 വോട്ട് നേടി മൂന്നാം സ്ഥാനത്തും എത്തി. എൻഡിഎയുമായുള്ള സഖ്യം ഈ മേഖലകളിൽ ബിജെപിയുടെ സാധ്യതകൾ വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ, പാർട്ടിക്കുള്ളിൽ അതൃപ്തിയാണ് ട്വന്റി20ക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments