Breaking News

*എസ്.ഐ.ആറിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്ത്‌ സുപ്രീംകോടതി; മനസിലിരിപ്പ് പൗരത്വനിർണയമോ?*

ന്യൂഡൽഹി : തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്.ഐ.ആർ) നടത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ മനസിലിരിപ്പ് പൗരത്വം നിർണയിക്കൽ ആയിരുന്നോയെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് സുപ്രീംകോടതി. കുടിയേറ്റവും നഗരവൽക്കരണവും മറ്റും എസ്.ഐ.ആറിനുള്ള കാരണമായി ചൂണ്ടിക്കാട്ടിയതിനെ പരാമർശിച്ചായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്‌ചിയും അടങ്ങുന്ന ബെഞ്ചിന്റെ ചോദ്യം. ബിഹാറിലെ എസ്.ഐ.ആറിനുള്ള വിജ്ഞാപനം വന്നു കഴിഞ്ഞ ജൂൺ 24 മുതലുള്ള പല ഹരജികളിൽ വാദം കേൾക്കുകയായിരുന്നു കോടതി.

ബിഹാറിൽ 2003 ന് ശേഷം എസ്.ഐ.ആർ നടന്നിട്ടില്ലെന്നും കുടിയേറ്റവും നഗരവൽകരണവും കൂടിയതോടെ ജനസംഖ്യാപരമായ യാഥാർഥ്യങ്ങളും വ്യതിയാനങ്ങളും കണക്കിലെടുത്താണ് ഈ പ്രക്രിയ തുടങ്ങിയതെന്നും കമീഷന് വേണ്ടി ഹാജരായ രാകേഷ് ദ്വിവേദി പറഞ്ഞു. കഴിഞ്ഞ 20 വർഷമായി സമ്മറി റിവിഷനാണ് നടന്നിട്ടുള്ളത്. ഇക്കാലയാളവിൽ വളരെയധികം കുടിയേറ്റം നടന്നുവെന്നും ദ്വിവേദി പറഞ്ഞു.

നിയമവിരുദ്ധ കുടിയേറ്റം പരിശോധിക്കുന്ന കാര്യം പറഞ്ഞ് ന്യായീകരിക്കുമ്പോൾ എസ്.ഐ.ആർ വിജ്ഞാപനത്തിൽ അക്കാര്യം വിശദമായി പരാമർശിക്കുന്നില്ലല്ലോയെന്ന് കോടതി ആരാഞ്ഞു.കുടിയേറ്റം ഒരു കാരണമായി പറഞ്ഞിട്ടില്ലെന്ന് സമ്മതിച്ച അഭിഭാഷകൻ വിജ്ഞാപനത്തിൽ വ്യക്തത വരുത്താമായിരുന്നുവെന്നും പറഞ്ഞു. കുടിയേറ്റം എന്നത് നിയമപരമായ പ്രക്രിയയാണ്, അന്തർ-സംസ്ഥാന കുടിയേറ്റം ഭരണഘടനാപരമായ അവകാശമാണ്. അതിർത്തി കടന്നുള്ള കുടിയേറ്റമാണോ, അനധികൃത കുടിയേറ്റമാണോ ഉദ്ദേശിക്കുന്നതെന്ന് എസ്.ഐ.ആർ ഉത്തരവിൽ വ്യക്തമായി പറയുന്നില്ലെന്ന വസ്തു‌തയും കോടതി ചൂണ്ടിക്കാട്ടി.

ബിഹാറിൽ 66 ലക്ഷം പേരാണ് എസ്.ഐ.ആറിൽ പട്ടികയിൽ നിന്ന് വെട്ടിമാറ്റപ്പെട്ടത്. അവരിൽ ആരുംതന്നെ സുപ്രീംകോടതിയെയോ ഹൈകോടതിയെയോ സമീപിക്കുകയോ കമീഷനിൽ പരാതിപ്പെടുകയോ ചെയ്‌തിട്ടില്ലെന്ന് ദ്വിവേദി ചൂണ്ടി ക്കാട്ടി.

ഏതാനും എൻ.ജി.ഒകളും ഏതാനും രാഷ്ട്രീയക്കാരും പറയുന്നപോലെ പരിശോധന നടത്താനാകില്ലെന്നും തെരഞ്ഞെടുപ്പ് കമീഷൻ്റെ അഭിഭാഷകൻ വ്യക്തമാക്കി. ബിഹാറിൽ ആരുംതന്നെ അപ്പീൽ സമർപ്പിച്ചില്ലെന്ന കാര്യം നല്ലതുതന്നെ, എന്നാൽ, എസ്.ഐ.ആർ പ്രക്രിയയുടെ ഉത്തരവ് നൽകുമ്പോൾ കമീഷന്റെ മനസിൽ എന്തായിരുന്നുവെന്ന് ബോധ്യപ്പെടാനാണ് ശ്രമിക്കുന്നതെന്ന് പരമോന്നത കോടതി വ്യക്തമാക്കി. ഈ വിഷയം കോടതി കൂടുതൽ വാദം കേൾക്കാനായി ജനുവരി 28 ലേക്ക് മാറ്റി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments