* രണ്ടര ദശലക്ഷം വർഷം പഴക്കമുള്ള ഫോസിൽ കണ്ടെത്തി*
കാസർഗോഡ് : ചെറുവത്തൂർ ദേശീയപാത 66ന്റെ നിർമാണത്തിനായി വീരമലക്കുന്നിടിച്ച് നിരത്തിയ സ്ഥലങ്ങളിൽ നിന്ന് രണ്ടര ദശലക്ഷം വർഷം പഴക്കമുള്ള ഫോസിൽ കണ്ടെത്തി,
വീരമലക്കുന്നിടിച്ച് നിരത്തുമ്പോൾ നഷ്ടമാകുന്നതു മിയോ-പ്ലിയോസീൻ കാലത്തെ കേരളത്തിന്റെ ചരിത്രമെന്നു ഗവേഷകർ പറയുന്നു, ദശലക്ഷക്കണക്കിനു വർഷം മുൻപത്തെ കേരളത്തെ പഠിക്കാൻ വീരമല സഹായകരമാകുമെന്ന് കേരള സർവകലാശാലയിലെ പ്രഫസർ ഡോ.ഇ.ഷാജിയും കേന്ദ്ര സർവകലാശാലയിലെ അസോ.പ്രഫസർ ഡോ.സന്ദീപ് അടക്കമുള്ള പ്രമുഖ ഗവേഷകരും സാക്ഷ്യപ്പെടുത്തുന്നു.
ഗവേഷക വിദ്യാർഥി ശരത്തിന്റെ പഠനവുമായി ബന്ധപ്പെട്ടാണു ദേശീയപാത 66ന്റെ പ്രവൃത്തി നടക്കുന്ന വീരമലയിലെ മണ്ണിന്റെ ഘടനയെക്കുറിച്ച് ഇരുവരും പഠനം നടത്തിയത്.
ദേശീയപാതയുടെ നിർമാണത്തിനായി ആഴത്തിലുള്ള ഖനനം നടന്ന ഭാഗങ്ങളിൽനിന്നു ദശലക്ഷക്കണക്കിനു വർഷങ്ങൾ മുൻപുള്ള ഉത്തരകേരളം എങ്ങനെയായിരുന്നു എന്നതിന്റെ അപൂർവവും നിർണായകവുമായ തെളിവുകൾ ഗവേഷകർക്കു ലഭിച്ചു.മിയോ-പ്ലിയോസീൻ കാലഘട്ടത്തിൽ (ഏകദേശം 23 മുതൽ 2.5 ദശലക്ഷം വർഷങ്ങൾക്കു മുൻപ്) കേരളത്തിന്റെ തീര രേഖ, നദി വ്യവസ്ഥ, കാലാവസ്ഥ എന്നിവ ഇന്നത്തെ അവസ്ഥയിൽനിന്നു വലിയ മാറ്റങ്ങളിലൂടെ കടന്നുപോയിരുന്നുവെന്നു ഗവേഷകർ വ്യക്തമാക്കുന്നു. കേരള സർവകലാശാലയുടെയും കേന്ദ്ര സർവകലാശാലയുടെയും ഗവേഷക സംഘമാണു ചെറുവത്തൂർ വീരമലയിൽനിന്നു ഖനനത്തിനിടയിൽ പുറത്തായ അവശിഷ്ട ശിലകൾ വിശദമായി പഠിച്ചത്.ഈ ശില സമൂഹത്തിന് ‘ചെറുവത്തൂർ ഫോർമേഷൻ’ എന്നാണ് ഗവേഷകർ പേരിട്ടിരിക്കുന്നത്.തെക്കൻ കേരളത്തിൽ കണ്ടുവരുന്ന വർക്കല ഫോർമേഷനുമായി സമാനമായ ഘടനയാണ് ചെറുവത്തൂരിൽ കണ്ടെത്തിയതെന്നും ഇവർ പറയുന്നു.
പഠനഫലങ്ങൾ അന്താരാഷ്ട്ര ഗവേഷണ ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്നത്തെ തീരരേഖ ഇന്നത്തേക്കാൾ ഏറെ അകത്തേക്ക് ആയിരുന്നുവെന്നും കടൽ നിരപ്പ് ഉയർന്നിരുന്ന കാലങ്ങളിൽ സമുദ്ര ജലത്തിന്റെ സ്വാധീനം നദീതടങ്ങളിലേക്കും ചതുപ്പുകളിലേക്കും എത്തിച്ചേർന്നിരുന്നുവെന്നും ഗവേഷകർ പറയുന്നു. കേരള സർവകലാശാല ജിയോളജി വിഭാഗത്തിലെ കെ.വി.ശരത്, അൽക അബ്‌സൂർ, നമിത അജയ്, ജി.ഇന്ദു എന്നിവരും കേന്ദ്ര സർവകലാശാല ജിയോളജി വിഭാഗത്തിലെ എ.കെ.റഫാസ് എന്നിവരും സംഘത്തിലൂണ്ടായിരുന്നു. ബിർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയൻസസിലെ പൂനം വർമ, യോഗേഷ് പി.സിങ്, നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ വി.നന്ദകുമാർ എന്നിവരുടെ സഹായവും ഗവേഷണത്തിനുണ്ടായി.ചെറുവത്തൂർ ഫോർമേഷൻ കേരളത്തിന്റെ ഭൂതകാല ചരിത്രം മനസ്സിലാക്കുന്നതിനുള്ള അതീവ പ്രധാനപ്പെട്ട തെളിവുകളാണെന്നും ഇത് ജിയോ ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിച്ച് സംരക്ഷിക്കണമെന്ന് ഗവേഷകർ ആവശ്യപ്പെട്ടു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments