Breaking News

*പരിഹസിച്ചവന് മാപ്പ്, ചേര്‍ത്തുപിടിച്ച് ഒരു കപ്പ് ചായയും'; മാതൃകയായി ലിന്റോ ജോസഫ് എംഎല്‍എ*

 *സാമൂഹിക മാധ്യമത്തിലൂടെ വ്യക്തി അധിക്ഷേപം നടത്തിയയാള്‍ക്ക് മാപ്പ് നല്‍കി കേസ് ഒത്തുതീര്‍പ്പാക്കി തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ്* .

 *എംഎല്‍എ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍വേണ്ടി ചെയ്ത പിആര്‍ വര്‍ക്കിന്റെ ഭാഗമാണിതെന്ന തരത്തില്‍ ചില മോശം പരാമര്‍ശങ്ങള്‍ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎഫ്ഐ പരാതി നല്‍കിയതെന്ന് എംഎല്‍എ വ്യക്തമാക്കി* .

 സാമൂഹിക മാധ്യമത്തിലൂടെ വ്യക്തി അധിക്ഷേപം നടത്തിയയാള്‍ക്ക് മാപ്പ് നല്‍കി കേസ് ഒത്തുതീര്‍പ്പാക്കി തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ്. അധിക്ഷേപം നടത്തിയ ലീഗ് അനുഭാവി അസ്ലം ക്ഷമ ചോദിച്ചതോടെ താന്‍ നല്‍കിയ പരാതി പിന്‍വലിക്കുന്നതായി ലിന്റോ ജോസഫ് അറിയിച്ചു. ശാരീരിക പരിമിതികളെ പരിഹസിച്ച അസ്ലം മുഹമ്മദിനോട് ക്ഷമിച്ച എംഎല്‍എ, പരാതി പിന്‍വലിച്ച് അദ്ദേഹത്തോടൊപ്പം ചായയും കുടിച്ചാണ് പൊലീസ് സ്റ്റേഷനില്‍ നിന്നും മടങ്ങിയത്.
കഴിഞ്ഞ ദിവസമാണ് ഫെയ്‌സ്ബുക്കിലെ ഒരു കമന്റിലൂടെ ലിന്റോ ജോസഫ് എംഎല്‍എയുടെ ശാരീരിക പരിമിതികളെ അസ്ലം മുഹമ്മദ് പരിഹസിക്കുകയായിരുന്നു. തുടര്‍ന്ന് ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയില്‍ അസ്ലമിനെ ഇന്ന് തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെ പൊലീസ് ലിന്റോ ജോസഫിനെയും സ്റ്റേഷനിലേക്ക് വിളിച്ചു. അസ്ലമിനോട് സംസാരിച്ച ലിന്റോ പരാതി പിന്‍വലിക്കുകയായിരുന്നു.

അസ്ലമിന് തെറ്റ് ബോധ്യപ്പെട്ടതായി ലിന്റോ ജോസഫ് പ്രതികരിച്ചു. തിരുത്താനുള്ള സന്മനസ് അസ്ലം കാണിച്ചു. തെറ്റ് പറ്റിയാല്‍ തിരുത്തുകയാണ് വേണ്ടത്. തെറ്റ് പറ്റാത്തവരായി ആരും ഇല്ല. ഇതോടെ ഈ വിഷയം അവസാനിച്ചെന്നും ലിന്റോ ജോസഫ് വ്യക്തമാക്കി.


എംഎല്‍എ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍വേണ്ടി ചെയ്ത പിആര്‍ വര്‍ക്കിന്റെ ഭാഗമാണിതെന്ന തരത്തില്‍ ചില മോശം പരാമര്‍ശങ്ങള്‍ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎഫ്ഐ പരാതി നല്‍കിയതെന്ന് എംഎല്‍എ വ്യക്തമാക്കി. അതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അസ്ലമിനെ കണ്ടെത്തി സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടുവെന്നും അസ്ലം വിളിച്ചതനുസരിച്ച് താനും സ്റ്റേഷനിലെത്തിയെന്നും എംഎല്‍എ പറഞ്ഞു.

 *ലിന്റോ ജോസഫിന്റെ കുറിപ്പ്* 

പ്രിയ സുഹൃത്ത് അസ്ലമിനെ കണ്ടു..

മഹാനായ ലെനിന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്, തെറ്റ് പറ്റാത്തത് ഗര്‍ഭപാത്രത്തിലെ ശിശുവിനും മൃതശരീരത്തിനും മാത്രമാണെന്ന്. മനുഷ്യരായാല്‍ അറിഞ്ഞോ അറിയാതെയോ തെറ്റുകള്‍ പറ്റും. തെറ്റ് തിരിച്ചറിയുകയും തിരുത്തുകയും ചെയ്യുക എന്നുള്ളത് നമ്മെ കൂടുതല്‍ നല്ല മനുഷ്യരാക്കും. സോഷ്യല്‍ മീഡിയയില്‍ എനിക്കെതിരെ വരുന്ന അപവാദപ്രചരണങ്ങളിലോ , കളിയാക്കലുകളിലോ ഞാന്‍ ശ്രദ്ധ കൊടുക്കാറില്ല. എങ്കിലും ഈ ഒരു സംഭവത്തില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത് എന്താണെന്നാല്‍, കൂടുതല്‍ സംശുദ്ധവും മാന്യതയില്‍ അധിഷ്ഠിതവുമായ ഒരു സോഷ്യല്‍ മീഡിയ സംസ്‌കാരത്തെ നമുക്ക് സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. വ്യക്തി അധിക്ഷേപങ്ങളില്‍ നിന്നും ബോഡി ഷെയിമിങ്ങില്‍ നിന്നും സ്ത്രീവിരുദ്ധതയില്‍ നിന്നുമൊക്കെ മോചിതമായി മികച്ച സംവാദങ്ങള്‍ ഉയര്‍ന്നുവരുന്ന സ്‌പേസ് ആയി നമ്മുടെ സാമൂഹിക മാധ്യമങ്ങള്‍ മാറണം. എങ്കില്‍ മാത്രമേ സമൂഹത്തിന് മുന്നോട്ടുപോകാന്‍ സാധിക്കൂ...

അസ്ലം മുഹമ്മദ് എന്ന എന്റെ സഹോദരാ..

എനിക്ക് നിങ്ങളോട് യാതൊരുവിധ പരിഭവവും ഇല്ല. തെറ്റ് തിരുത്താന്‍ നിങ്ങള്‍ എന്നെ വിളിച്ചപ്പോള്‍മുതല്‍ നമ്മള്‍ പരസ്പരം അറിഞ്ഞില്ലേ.

എന്തെങ്കിലും ആവശ്യങ്ങള്‍ വരുമ്പോള്‍ ഒരു പരിചയക്കാരന്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് എന്നെ എപ്പോള്‍ വേണമെങ്കിലും വിളിക്കാം.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments