Breaking News

*പഴമയുടെ പാരമ്പര്യവും പ്രൗഡിയും വിളിച്ചോതി കളമെഴുത്തിൽ പ്രതിഫലിച്ചത് ജീവസ്സുറ്റ ദേവീദേവഭാവങ്ങൾ*

കാഞ്ഞങ്ങാട് : ശ്രീ മഡിയൻ കൂലോം പാട്ടുത്സവത്തിൽ പാരമ്പര്യവും പഴമയുടെ പ്രൗഡിയും വിളിച്ചോതി കളമെഴുത്ത് ചടങ്ങ്. പാട്ടുത്സവ ഒന്നും രണ്ടും ദിനത്തിൽ പ്രതിഫലിച്ചത് ജീവസ്സുറ്റ ദേവീ ദേവഭാവങ്ങളാണ്.

വെറും അഞ്ചക്ഷരത്തിൽ ഒതുങ്ങുന്നതല്ല കളമെഴുത്ത് .അരിപ്പൊടി കളറിൽ മുക്കിയുള്ള ഒരഭ്യാസവുമല്ലത്. കണിയൊരുക്കുന്ന പോലെ കളമെഴു ത്തുകാരൻ കൈവിരലുകളാൽ തീർക്കുന്ന ഒരു ഇന്ദ്രജാലമാണത്. പരുക്കനായ തറ കാൻവാസാക്കി കലാകാരൻ കളമെഴുതുമ്പോൾ അത് വെറും കളമല്ലാതാകുന്നത് ഒരുപാട് കാരണങ്ങൾ കൊണ്ടാണ്. 

അനുഷ്ഠാന സമ്പുഷ്ടമാണ് കളമെഴുത്ത് . കളത്തിലേക്ക് ഭാവങ്ങൾ ആവാഹിക്കപ്പെടുന്നത് ഭക്തിയുടെയും ഏകാഗ്രതയുടെയും അകമ്പടിയോടെയാണ്. കൺമുന്നിൽ കളം മായ്ച്ചാലും കണ്ടവരുടെ മനസ്സിൽ മായാതെ നിൽക്കണമെങ്കിൽ അത് പൂർണ്ണതയ്ക്കായി കലാകാരൻ എടുക്കുന്ന പരിശ്രമം ഏറെയാണ്.
അഞ്ച് ദിനങ്ങളിലായുള്ള പാട്ടുത്സവത്തിൽ നാല് ദിവസങ്ങളിലാണ് കളമെഴുത്തും പാട്ടും നടക്കുന്നത്. ഉത്സവനാളുകളിൽ ക്ഷേത്ര നാലമ്പലത്തിനകത്ത് കാളരാത്രി അമ്മയുടെ നടയോട് ചേർന്ന് മഡിയൻ കുറുപ്പ് കുടുംബം തയ്യാറാക്കുന്ന ദാരിക രൂപത്തിന് മുന്നിൽ കാളരാത്രി അമ്മക്ക് അഭിമുഖമായുള്ള സോപാനത്തിലാണ് പ്രധാന ചടങ്ങായ കളമെഴുത്തും പാട്ടും നടക്കുന്നത് . ആദ്യ ദിവസം കാളരാത്രി അമ്മയുടെയും തുടർന്ന് രണ്ടാം ദിവസം ക്ഷേത്ര പാലകനീശ്വരൻ്റെയും തുടർന്നുള്ള രണ്ടു ദിവസങ്ങളിൽ കാളരാത്രിയമ്മയുടെയും ജീവസുറ്റ ഭാവങ്ങളാണ് പ്രതിഫലിക്കുക .ആദ്യ ദിനം പച്ച വർണ്ണത്തിലുള്ള കളവും അവസാന ദിവസം കാളരാത്രി അമ്മയുടെ പൂർണ്ണ രൂപത്തോട് കൂടിയുള്ള നാല് കൈകളുള്ള മഞ്ഞവർണ്ണത്തിലുള്ള ഭദ്രകാളി (ദാരിക വധം) രൂപവുമാണ്  വരക്കുന്നത്.

പ്രകൃതിദത്തമായ പഞ്ചവർണ്ണങ്ങളാണ് കളം വരയ്ക്കുന്നതിനായി ഉപയോഗിക്കുന്നത്. വെളുത്ത പൊടിയായി അരിപ്പൊടിയും , മഞ്ഞക്ക് മഞ്ഞൾപ്പൊടിയും , കറുപ്പിനായി കരിപ്പൊടി അഥവാ ഉമിക്കരിയും, നൂറും മഞ്ഞളും ചേർത്ത മിശ്രിതം തിരുമ്മിയെടുത്ത് ചുവപ്പായും , പച്ചക്കായി വാഗമരത്തിൻ്റെ പച്ച ഇല പൊടിച്ചെടുത്തതും വർണ്ണങ്ങളായി ഉപയോഗിക്കുന്നു. ഈ അഞ്ചു വർണ്ണങ്ങൾ പഞ്ചലോഹങ്ങളെ സൂചിപ്പിക്കുന്നുവെന്നാണ് പറയപ്പെടുന്നത്. കാളരാത്രിയമ്മയുടെയും ക്ഷേത്രപാലകനീശ്വരൻ്റെയും രൂപങ്ങൾ വരയ്ക്കാൻ ഏകദേശം ഒന്നര മണിക്കൂറിനടുത്തു സമയം വേണ്ടിവരും.

നാല് ദിവസങ്ങളിലായി ക്ഷേത്രപാലകൻ കാളരാത്രി എന്നിവയുടെ രൂപത്തിന് പുറമെ നാഗരാജാവിൻ്റെയും നാഗേശ്വരി ദേവിയുടെയും രൂപവും അവസാന ദിവസം വരയ്ക്കും. ശേഷം ദേവീ ദേവന്മാരെ സ്തുതിച്ച് കൊണ്ട് പാട്ടും,കളം പൂജയും നാഗ തോറ്റവും നടത്തും . ഏറെ അനുഷ്ഠാന സമ്പുഷ്ടമാണ് ഈ കളമെഴുത്ത് ചടങ്ങുകൾ. കളം വരയും പാട്ടും നാഗ തോറ്റവും ഒരു ഉപാസന പോലെ കൊണ്ട് നടക്കുന്ന പാരമ്പര്യ കലാകാരായ കണ്ണൂർ ഇരിട്ടി പുന്നാട്  കെ.വി. പ്രകാശൻ, രഞ്ജിത്ത് മാഷ്,  കെ.വി.ഷാജിയും തങ്ങളുടെ കലാസപര്യയെ ഭക്തിയുടെയും ആനന്ദത്തിൻ്റെയും ഉദാത്ത മാതൃകകളാക്കി മാറ്റാനും ശ്രദ്ധിക്കുന്നു. ഉദിനൂർ കൂലോം , ചെറുവത്തൂർ, ബന്തടുക്ക, കാനത്തൂർ, ഉമ്പ്രങ്ങള, ചന്ദ്രഗിരിധർമ്മ ശാസ്താ ക്ഷേത്രം,  മധൂർ എന്നിവിടങ്ങൾക്ക് പുറമെ കണ്ണൂർ ജില്ലയിലെ നിരവധി ക്ഷേത്രങ്ങളിലും കളമെഴുത്ത് നടത്തുന്നതും ഇവരാണ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments