Breaking News

* മൂന്ന് മേഖലാ ‘വികസന മുന്നേറ്റ ജാഥ’കളുമായി എൽഡിഎഫ്, യുഡിഎഫിന്റെ ‘പുതുയുഗയാത്ര’; ഫെബ്രുവരിയിൽ തുടക്കം*

തിരുവനന്തപുരം :  സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയതോടെ കാസർകോട്ടുനിന്ന് ജാഥകളും തുടങ്ങി. ഇത്തവണ കെഎസ്‌യുവാണ് ഇതിന് തുടക്കം കുറിച്ചത്. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ചയാണ് അവർ ‘ജൻ സി കണക്ട്’ യാത്ര തുടങ്ങിയത്. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ജാഥകൾ ഫെബ്രുവരിയിലാണ്. എൻഡിഎ ഇതുവരെ ജാഥയൊന്നും തീരുമാനിച്ചിട്ടില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 23-ന് ചേരുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിനുശേഷമേ ഇക്കാര്യത്തിൽ വ്യക്തതവരൂ.

തിരഞ്ഞെടുപ്പിന് മുന്നോടിയായി വിദ്യാർഥികളുടെ ആവശ്യങ്ങളും പ്രതീക്ഷകളും ഉൾക്കൊള്ളുന്ന വിദ്യാർഥി പ്രകടനപത്രിക തയ്യാറാക്കുകയാണ് കെഎസ്‌യുവിന്റെ ‘ജൻ സി കണക്ട്’ യാത്രയുടെ ലക്ഷ്യം. ‘ജൻ സി’കളുമായി നേരിട്ട് സംസാരിച്ച് തയ്യാറാക്കുന്ന വിഷൻ ഡോക്യുമെന്റ് യാത്ര സമാപിച്ചശേഷം യുഡിഎഫ് നേതൃത്വത്തിന് കൈമാറുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാനും മൂന്നാംവട്ടവും ഭരണം പിടിക്കാനും ലക്ഷ്യമിട്ട് എൽഡിഎഫ് ഇത്തവണ മൂന്ന് മേഖലാ ‘വികസനമുന്നേറ്റ ജാഥ’കളാണ് നടത്തുന്നത്. ഇതിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ കാസർകോട്ട് ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് മൂന്നിന് കുമ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ഫെബ്രുവരി ആറുമുതൽ മാർച്ച് ആറുവരെ കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്കാണ് യുഡിഎഫിന്റെ ‘പുതുയുഗയാത്ര’. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നയിക്കും. ‘കേരളത്തെ വീണ്ടെടുക്കാൻ യുഡിഎഫ്’ എന്നതാണ് ജാഥയുടെ മുദ്രാവാക്യം. എല്ലാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന ജാഥ മാർച്ച്‌ ആറിന് പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും.

ചില നേതാക്കൾ തിരഞ്ഞെടുപ്പിന് മുമ്പ് യാത്ര നയിച്ച് മുഖ്യമന്ത്രിപദത്തിലേക്ക് കയറുമ്പോൾ മറ്റു ചിലർക്ക് അത് സ്വപ്നം മാത്രമായി തുടരുന്നുവെന്നാണ് ചരിത്രം.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് മഞ്ചേശ്വരത്തുനിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ ‘നവകേരള മാർച്ചി’ന് നേതൃത്വം നൽകിയ പിണറായി വിജയൻ പിന്നീട് മുഖ്യമന്ത്രിയായി. 2021-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി എ.വിജയരാഘവന്റെ നേതൃത്വത്തിൽ കാസർകോട്ടുനിന്നും ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിൽ എറണാകുളത്തുനിന്നും ‘വികസനമുന്നേറ്റ ജാഥ’ നടത്തി അവർ രണ്ടാംവട്ടവും ഭരണം ഉറപ്പിച്ചു.

അന്നത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ‘ഐശ്വര്യകേരള യാത്ര’ നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. അദ്ദേഹത്തിന് പ്രതിപക്ഷ നേതൃസ്ഥാനവും നഷ്ടമായി.

ബിജെപി സംസ്ഥാന പ്രസിഡന്റായിരിക്കെ കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് ‘വിജയയാത്ര’ നടത്തിയെങ്കിലും അദ്ദേഹത്തിന് തിരഞ്ഞെടുപ്പിൽ വിജയിക്കാനായില്ല. പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായും തിരഞ്ഞെടുപ്പൊന്നുമില്ലെങ്കിലും രാഷ്ട്രീയകക്ഷികൾ കാസർകോട്ടുനിന്ന് ജാഥ നടത്താറുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ഇടതുമുന്നണി വികസനമുന്നേറ്റ ജാഥയുടെ വടക്കൻമേഖലാ ജാഥ ഫെബ്രുവരി ഒന്നിന് വൈകിട്ട്‌ മൂന്നിന് കുമ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മഞ്ചേശ്വരം നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ച് കുമ്പളയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനുശേഷം വൈകിട്ട്‌ അഞ്ചിന് കാസർകോട് മണ്ഡലത്തിലെ സ്വീകരണം നുള്ളിപ്പാടിയിൽ നടക്കും.

രണ്ടിന് രാവിലെ 10-ന് ഉദുമ മണ്ഡലത്തിലെ സ്വീകരണപരിപാടി പെരിയാട്ടടുക്കത്തും മൂന്നിന് കാഞ്ഞങ്ങാട് മണ്ഡലം സ്വീകരണം കോട്ടച്ചേരിയിലും തൃക്കരിപ്പൂർ മണ്ഡലത്തിലെ പരിപാടി നാലിന് കാലിക്കടവിലും നടക്കും. തുടർന്ന് ജാഥ കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കും. ഘടകകക്ഷി നേതാക്കളായ കെ.എസ്.സലീഖ (സിപിഎം), പി.സന്തോഷ് കുമാർ (സിപിഐ), മാത്യു കുന്നപ്പള്ളി (കേരളാ കോൺഗ്രസ്-എം), മനയത്ത് ചന്ദ്രൻ (ആർജെഡി), പി.പി.ദിവാകരൻ (സോഷ്യലിസ്റ്റ് ജനതാദൾ), പി.എം.സുരേഷ് ബാബു (എൻസിപി), കാസിം ഇരിക്കൂർ (ഐഎൻഎൽ), ബാബു ഗോപിനാഥ് (കോൺഗ്രസ്-എസ്), വടക്കോട് മോനിച്ചൻ (കേരളാ കോൺഗ്രസ്-ബി), എ.ജെ.ജോസഫ് (ജനാധിപത്യ കേരളാ കോൺഗ്രസ്), നൈസ് മാത്യു (കേരള കോൺഗ്രസ്-സ്കറിയ) എന്നിവരാണ് ജാഥയിലെ സ്ഥിരാംഗങ്ങൾ.

കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന വിവേചനവും ബിജെപിയുടെ വർഗീയവും ജനവിരുദ്ധവുമായ നയങ്ങളും തുറന്നുകാട്ടുകയും എൽഡിഎഫ് സർക്കാറിന്റെ വികസന, ജനക്ഷേമ പ്രവർത്തനങ്ങൾ വിശദീകരിക്കുകയുമാണ് ജാഥയുടെ ലക്ഷ്യം. ജാഥ വിജയിപ്പിക്കാൻ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് ഇടതുമുന്നണി ജില്ലാ കൺവീനർ കെ.പി.സതീഷ് ചന്ദ്രൻ അറിയിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments