Breaking News

*പ്രതീക്ഷിച്ച പ്രഖ്യാപനങ്ങളില്ലാതെ സംസ്ഥാന ബജറ്റ്*

പ്രതീക്ഷിച്ച പ്രഖ്യാപനങ്ങള്‍ ഇല്ലാതെ രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍ നില്‍ക്കെ, ധനമന്ത്രി കെ.എൻ ബാലഗോപാല്‍ വലിയ പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന പ്രതീക്ഷയ്ക്ക് തിരിച്ചടി. സംസ്ഥാന ബജറ്റില്‍ ക്ഷേമ പെൻഷൻ 1800 രൂപ വരെയാക്കി വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ശമ്പള പരിഷ്കരണം സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായില്ല. അതേസമയം, കോടതി ഫീസും ഭൂനികുതിയും വർധിപ്പിച്ചു. വലിയ പ്രഖ്യാപനങ്ങളില്ലാതെ സംഥാനത്തെ ധനസ്ഥിതി അനുസരിച്ച്‌ പ്രായോഗികമായ കാര്യങ്ങളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനം അഭിമുഖീകരിച്ച രൂക്ഷമായ ധന ഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടം കേരളം അതിജീവിച്ചിരിക്കുന്നു എന്ന ആശ്വാസ വാർത്ത പങ്കിട്ടുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. വികസനവും ക്ഷേമത്തിനും ഊന്നല്‍ നല്‍കിയാണ് ധനമന്ത്രി ഇത്തവണത്തെ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യ മേഖലയുടെ വളർച്ചയ്‌ക്കൊപ്പം നിക്ഷേപ സമാഹരണത്തിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ബജറ്റ് ലക്ഷ്യമിടുന്നുണ്ട്. വിഴിഞ്ഞത്തിന് ഊന്നല്‍ നല്‍കിയ ബജറ്റ് വയനാടിനെയും കൈവിട്ടില്ല എന്നുള്ളതാണ് ഗുണപരമായ കാര്യം. രണ്ടര മണിക്കൂറോളം നീണ്ടു നിന്ന ബജറ്റില്‍ സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനുള്ള പ്രഖ്യാപനങ്ങളാണ് ഉള്‍പ്പെട്ടത്. അതേസമയം, സാമൂഹ്യ ക്ഷേമ പെൻഷൻ ഉയർത്തുമെന്ന പ്രതീക്ഷയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ 1600 രൂപയാണ് ക്ഷേമ പെൻഷൻ. സംസ്ഥാനത്ത് 60 ലക്ഷത്തോളം പേർക്ക് ഒരു മാസം ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ വേണ്ട ചെലവ് 1100 കോടി രൂപയാണെന്നാണ് കണക്ക്. നിലവില്‍ ക്ഷേമ പെന്‍ഷന്‍ മൂന്ന് മാസമായി കുടിശികയാണ്. ഈ കുടിശ്ശിക മൂന്നെണ്ണം സമയബന്ധിതമായി കൊടുത്തു തീർക്കും എന്നാണ് ബജറ്റില്‍ ധനമന്ത്രി പറഞ്ഞിരിക്കുന്നത്. ഇത് പ്രഖ്യാപിച്ചപ്പോള്‍ പോലുമുള്ള ധനമന്ത്രിയുടെ ശരീരഭാഷയും ചർച്ചയാകുന്നുണ്ട്. ക്ഷേമ പെൻഷൻ കൂട്ടുന്നില്ലേ എന്ന ചോദ്യം വന്നിരുന്നു. അവടെ പ്രസംഗം ഒന്ന് നിർത്തിയിട്ട് ധനമന്ത്രി വെള്ളം കുടിക്കുകയാണ് ചെയ്തത്. സംസ്ഥാനം സാമ്പത്തിക ഞെരുക്കം അനുഭവിക്കുമ്പോള്‍ ഒരു വർദ്ധനവ് സാധ്യമല്ല എന്ന സന്ദേശമാണ് ധനമന്ത്രി നടത്തിയത് എന്ന വിലയിരുത്തലാണ് വന്നത്. സർക്കാർ ജീവനക്കാർക്കും വിരമിച്ചവർക്കുമുള്ള ശമ്പള, പെൻഷൻ പരിഷ്കരണങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതും ഉണ്ടായിട്ടില്ല. ശമ്പള പരിഷ്ക്കരണമില്ലാത്തതിനാല്‍ ജീവനക്കാർ പ്രതിഷേധത്തിലാണ്. അതേസമയം, സർക്കാർ ജീവക്കാർക്കും, പെൻഷൻകാർക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. 2025 ഏപ്രിലില്‍ ഇത് നല്‍കും. ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡു 1,900 കോടിയും ഈ സാമ്പത്തിക വർഷം നല്‍കും. ഡി.എ കുടിശികയുടെ രണ്ട് ഗഡുവിന്റെ ലോക്ക് ഇൻ പിരീഡ് ഈ സാമ്പത്തിക വർഷം ഒഴിവാക്കിയിട്ടുണ്ട്. സർവീസ് പെൻഷൻ പരിഷ്ക്കരണത്തിന്റെ കുടിശ്ശിക 600 കോടി ഫെബ്രുവരിയില്‍ വിതരണം ചെയ്യുമെന്നും ധനമന്ത്രി ബജറ്റില്‍ പറഞ്ഞു. വലിയ പ്രഖ്യാപനങ്ങളൊന്നും നടത്താതെ, തന്റെ സ്വാഭാവിക ശൈലി തന്നെയാണ് കെ.എൻ ബാലഗോപാല്‍ ഇത്തവണയും കൈക്കൊണ്ടിരിക്കുന്നത്. പ്രായോഗികമായ കാര്യം മാത്രം പറഞ്ഞുവെച്ച കൂട്ടത്തില്‍ നികുതി വിഹിതവും കടം വാങ്ങാനുള്ള അവകാശവും കേന്ദ്രം വെട്ടിക്കുറച്ചതാണ് പ്രതിസന്ധിക്കും കുടിശ്ശിക വരാനും കാരണമെന്ന് ധനമന്ത്രി എടുത്ത് പറഞ്ഞിട്ടുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa             

No comments