*കോടിക്കണക്കിന് രൂപയുമായി ഇതര സംസ്ഥാനക്കാർ കൂട്ടത്തോടെ കേരളം വിടുന്നു; ഹോട്ടലുകളിലും ജോലിക്ക് ആളില്ല*
കൊച്ചി : ‘ബംഗാളികൾ’ എന്നു പൊതുവേ വിളിക്കുമെങ്കിലും കേരളത്തിൽ ജോലി ചെയ്യുന്ന വടക്കുകിഴക്കൻ സംസ്ഥാനക്കാരിൽ അസം, ത്രിപുര, നാഗാലാൻഡ്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമുണ്ട്. ബംഗാളും അസമും കേരളത്തിനൊപ്പം തന്നെ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. വോട്ടർ പട്ടിക പരിഷ്കരണം, പൗരത്വ വിഷയം തുടങ്ങിയവ വടക്കുകിഴക്കൻ മേഖലയിൽ ചൂടൻ വിഷയമായതിനാൽ തിരഞ്ഞെടുപ്പിന് പോകേണ്ടത് അനിവാര്യമാണെന്ന് കരുതുകയാണ് ഇതര സംസ്ഥാനക്കാർ.
മാർച്ച്-ഏപ്രിൽ കാലയളവിലായി നടക്കാൻ സാധ്യതയുള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനായി ഷെഫീക്കുൽ സഹീറിനെപ്പോലെ പതിനായിരക്കണക്കിന് അസം, ബംഗാൾ സംസ്ഥാനക്കാരാണ് കേരളത്തിൽ നിന്ന് പോകുന്നത്. ആയിരക്കണക്കിനുപേർ ഇതിനകംതന്നെ പോയിക്കഴിഞ്ഞു.
ഈ സംസ്ഥാനങ്ങളിലേക്ക് എത്താവുന്ന ട്രെയിനുകളെല്ലാം തിരക്കിലായി കഴിഞ്ഞു. ടിക്കറ്റും കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഇതര സംസ്ഥാനക്കാർ ലോങ് ലീവെടുത്ത് പോകുന്നത് കേരളത്തിന്റെ സമ്പദ്‍വ്യവസ്ഥയ്ക്കു തന്നെ കനത്ത അടിയാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. കേരളത്തിന്റെ സേവന, വ്യവസായ മേഖലയ്ക്ക് ഇവരുടെ അഭാവം വലിയ തിരിച്ചടിയാകും.
റസ്റ്ററന്‍റുകള്‍, കൃഷിത്തോട്ടങ്ങൾ, കടകൾ, കെട്ടിടനിർമാണം മുതൽ ഫാക്ടറികൾ വരെയുള്ള കേരളത്തിന്‍റെ അടിസ്ഥാന തൊഴിൽവിപണിയുടെ നട്ടെല്ല് ഇപ്പോൾ ഇതര സംസ്ഥാനത്തൊഴിലാളികളാണ്. കൂടുതലും അസം, ത്രിപുര, പശ്ചിമ ബംഗാൾ, ബിഹാർ, ഒഡീഷ സംസ്ഥാനങ്ങളിൽനിന്നുള്ളവര്‍. ആകെ ഇതര സംസ്ഥാന തൊഴിലാളികളിൽ 31 ശതമാനവും അസമിൽ നിന്നുള്ളവർ. ഇതിലേറെയുണ്ട് ബംഗാളിൽ നിന്നുള്ളവർ.
ഫെബ്രുവരി മുതലാണ് കൂടുതൽ പേരും നാട്ടിലേക്ക് മടങ്ങിത്തുടങ്ങുക. കുറഞ്ഞത് 45 ദിവസമെങ്കിലും കഴിയാതെ ഇവർ മടങ്ങാറുമില്ല. പൗരത്വ റജിസ്റ്ററുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുള്ളതിനാൽ ഇക്കുറി വോട്ട് ചെയ്യാൻ പോകുന്നവരുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ പല സംരംഭങ്ങൾക്കും തിരിച്ചടിയാകും.
ഇതര സംസ്ഥാന തൊഴിലാളികളുടെ ലോങ് ലീവ് സംസ്ഥാനത്തെ ഹോട്ടലുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്‍റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ജി. ജയപാൽ പറഞ്ഞു.
സംസ്ഥാനത്ത് ഒരുലക്ഷത്തോളം അംഗീകൃത റസ്റ്ററന്‍റുകളുണ്ട്. 90 ശതമാനത്തിലും ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നുമുണ്ട്. ഇവരിൽ ഏകദേശം 4–5 ലക്ഷം തൊഴിലാളികൾ അസമിൽ നിന്നുള്ളവർ. ഇവർ മടങ്ങുന്നതോടെ സംസ്ഥാനത്തെ റസ്റ്ററന്‍റുകൾ പലതും അടച്ചിടേണ്ടിവന്നേക്കാമെന്ന് അദ്ദേഹം പറഞ്ഞു. പാചകവാതകം, ഇറച്ചിക്കോഴി, പച്ചക്കറി വിലവർധന മൂലം പ്രതിസന്ധിയിലായ ഹോട്ടൽ മേഖലയിൽ ഇതു പ്രതിസന്ധി സൃഷ്ടിക്കും. മടങ്ങുന്ന തൊഴിലാളികൾക്ക് ബദൽ സംവിധാനങ്ങൾ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധി പരിഹരിക്കാൻ മറ്റ് സംസ്ഥാനക്കാരെയും മലയാളികളെയും താൽക്കാലികമായി ജോലിക്കെടുക്കാൻ ശ്രമിക്കുകയാണെന്ന് എറണാകുളത്തെ ഹോട്ടല്‍ ഉടമയായ ദേവസ്യ പറയുന്നു. തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്ന മുൻകാല അനുഭവമുള്ളതിനാൽ ഇപ്പോൾ ഒരു സംസ്ഥാനക്കാരെ മാത്രമായി നിയമിക്കാറില്ല. പകരം ബീഹാർ, ഒഡീഷ, ചത്തീസ്‍ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയും ജോലിക്ക് എടുക്കാറുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ ഈ രീതിയായിരിക്കും മറ്റുള്ളവരും സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
_ഹോട്ടൽ മേഖലയിലെ ദിവസക്കൂലി ഇങ്ങനെ_
∙ ക്ലീനിങ് ജോലി : 600 രൂപ മുതൽ
∙ ചായക്കടകളിലെ തൊഴിലാളി : 600 മുതൽ 1,000 രൂപ വരെ
∙ ദോശ/പൊറോട്ട ഉണ്ടാക്കുന്നവർ : കുറഞ്ഞത് 1,000 രൂപ
∙ പാചകക്കാർ : 1,000 മുതൽ 3,000 രൂപ വരെ
2000ന്‍റെ തുടക്കം വരെ തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കുടിയേറ്റം നടന്നിരുന്നത്. കാലാന്തരം കാറ്റ് മാറി വീശി. പശ്ചിമ ബംഗാൾ, ഒഡീഷ, അസം, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ലക്ഷക്കണക്കിനു പേർ തൊഴിലും മെച്ചപ്പെട്ട ജീവിതവും തേടി കേരളത്തിലേക്ക് വന്നു. കേരളത്തിൽ ആകെ എത്ര ഇതരസംസ്ഥാനക്കാർ ഉണ്ടെന്നതിന്റെ കൃത്യം കണക്ക് ലഭ്യമല്ല.
2024ൽ സംസ്ഥാന പ്ലാനിങ് ബോർഡ് പുറത്തിറക്കിയ ഇക്കണോമിക് റിവ്യൂ പ്രകാരം സംസ്ഥാനത്ത് 31 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളുണ്ട്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകളിൽ 25 ലക്ഷം. 40 ലക്ഷത്തിലധികം പേരുണ്ടെന്ന് വിദഗ്‍ധർ പറയുന്നു. ബംഗാളിൽ നിന്നുള്ളവരാണ് ഏറ്റവുമധികം; രണ്ടാമത് അസം.
ഇതരസംസ്ഥാനത്തൊഴിലാളികൾ പ്രതിവർഷം 60,000 കോടി രൂപയോളം കേരളത്തിൽനിന്ന് സമ്പാദിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇതിൽ 20,000 കോടി രൂപയും സംസ്ഥാനത്ത് തന്നെ ചെലവാക്കുന്നു. ബാക്കി സ്വന്തം നാട്ടിലേക്ക് അയക്കുന്നു. രാജ്യത്ത് ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ നിന്ന്, ഇതര സംസ്ഥാനക്കാർ അതിനൊത്ത പണം മറ്റു സംസ്ഥാനങ്ങളിലേക്ക് അയക്കുന്നുണ്ടെന്നതും കൗതുകമാണ്.
കേരളത്തിന്റെ പ്രാദേശിക വിപണിയുടെ നെടുംതൂണുകളാണ് ഇതര സംസ്ഥാനക്കാരെന്ന് സെന്‍റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡവലപ്മെന്‍റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബിനോയ് പീറ്റർ പറയുന്നു. മലയാളികളുടെ ഷോപ്പിങ് സംസ്കാരം മാളുകൾ, സൂപ്പർമാർക്കറ്റുകൾ, ഇ-കൊമേഴ്സ് എന്നിവയിലേക്ക് മാറി. കേരളത്തിലെ പ്രാദേശിക വിപണിയിൽ നിന്ന് ഷോപ്പിങ് നടത്തുന്നവരിൽ കൂടുതലും ഇപ്പോൾ ഇതര സംസ്ഥാനക്കാരാണ്.
കേരളത്തിൽ ഏറ്റവുമധികം ഇതര സംസ്ഥാനക്കാരുള്ളത് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണെന്നാണ് കണക്ക്. പെരുമ്പാവൂരിന്റെ സമ്പദ്മേഖലയുടെ ‘ജീവനാഡി’യായി അവർ മാറിക്കഴിഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നത് സമ്പദ്‍വ്യവസ്ഥയ്ക്ക് തിരിച്ചടിയാകും. ഇവർ കൂട്ടത്തോടെ ജോലി ചെയ്യുന്ന പ്ലൈവുഡ്, കെട്ടിട നിർമാണം, സേവന മേഖലകളിൽ പ്രതിസന്ധി ബാധിക്കുമെന്നും ഡോ. ബിനോയ് പീറ്റർ പറഞ്ഞു. ബംഗാളിൽ നിന്നുള്ള 15 ലക്ഷത്തിലധികം തൊഴിലാളികൾ കേരളത്തിലുണ്ട്. 12 ലക്ഷത്തിലധികമാണ് അസംകാർ. ഇവർ മടങ്ങുമ്പോൾ കൂടെപ്പോകുന്നതും കോടികളാണ്. ഏകദേശം ആയിരം കോടിയിലധികം രൂപ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments