Breaking News

കുറ്റവിമുക്തിയല്ല നഷ്ടപരിഹാരവും നീതിയുമായാണാവശ്യം

ഹുസൈൻ കൊടിഞ്ഞി
2006-ലെ മുംബൈ ട്രെയിൻ സ്‌ഫോടന പരമ്പര കേസിൽ 12 പേരെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയ വിധി ഇന്ത്യയിലെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലെ ആഴത്തിലുള്ള പുഴുക്കുത്തിലേക്കാണ് വെളിച്ചം വീശുന്നത്. മുംബൈ പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) "ഒരു കേസ് പരിഹരിച്ചതായി തെറ്റായ ഒരു പ്രതീതി" സൃഷ്ടിച്ചുവെന്ന കടുത്ത നിരീക്ഷണമാണ് കോടതി  നടത്തിയത്.

പാനായിക്കുളം സിമി കേസിലെ 18 പ്രതികളിൽ ഒരാളായ റാസിക് റഹീമിനെപ്പോലുള്ളവരുടെ വർഷങ്ങൾ നീണ്ട വേദനാജനകമായ അനുഭവങ്ങളെയാണ് ഇത്‌ ഓർമിപ്പിക്കുന്നത്. 2023 സെപ്റ്റംബറിൽ കേരള ഹൈക്കോടതിയും ഒടുവിൽ സുപ്രീം കോടതിയും കുറ്റവിമുക്തരാക്കുന്നത് വരെ നീണ്ട 17 വർഷം ക്ലേശപൂർണ്ണമായ നിയമ പോരാട്ടം നടത്തേണ്ടി വേണ്ടി വന്നു നിയമത്തിന്റെ മുന്നിൽ അവർ കുറ്റവാളികളല്ലെന്ന് തെളിയിക്കാൻ. 

2006-ലെ സ്വാതന്ത്ര്യദിനത്തിൽ ഒരു പൊതുപരിപാടിയിൽ പ്രസംഗിച്ചതിനായിരുന്നു  റാസിക്കിന്റെ അറസ്റ്റ്. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്ത കേരളത്തിലെ ആദ്യത്തെ 'ഭീകര' കേസായിരുന്നു അത്. പരമോന്നത കോടതി ഒടുവിൽ കുറ്റവിമുക്തനാക്കിയെങ്കിലും, ജീവിതത്തിൽ ഒരിക്കലും മാഞ്ഞു പോവാത്ത ഒരു തീരാകളങ്കമായി തീവ്രവാദി മുദ്ര ഇന്നും തന്നെ വേട്ടയാടുന്നതായി റാസിഖ് പറയുന്നു.

തന്റെ ജയിൽ ഓർമ്മക്കുറിപ്പായ "തടവറക്കാലം"എന്ന പുസ്തകത്തിൽ  ചെയ്യാത്ത കുറ്റത്തിന് വിലപ്പെട്ട വർഷങ്ങൾ തടവിൽ ഹോമിക്കേണ്ടി വന്നതിന്റെ മാനസിക പീഡയെക്കുറിച്ച് റാസിഖ് വിശദീകരിക്കുന്നുണ്ട് .

പുസ്തകത്തിന്റെ മുഖവുരയിൽ പ്രശസ്ത പത്രപ്രവർത്തകനും എഡിറ്ററുമായ ആർ രാജഗോപാൽ ഇനിയും ഉത്തരം ലഭിചിട്ടില്ലാത്ത പ്രസക്തമായ ഒരു ചോദ്യം ഉന്നയിക്കുന്നുണ്ട്: 

“ഈ യുവാക്കളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു കാലഘട്ടം ജയിലിൽ ഹോമിക്കാൻ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് എന്തെങ്കിലും ശിക്ഷ നേരിടേണ്ടി വന്നിട്ടുണ്ടോ?" അവഗണിക്കാൻ കഴിയാത്ത ഒരു ചോദ്യമാണിത്.

തെളിയിക്കപ്പെടാത്ത കുറ്റങ്ങളുടെ പേരിൽ കരാഗ്രഹത്തിൽ കഴിയേണ്ടി വന്ന ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ ഇന്ത്യയിലെ നിലവിലുള്ള നിയമത്തിൽ വ്യവസ്ഥയില്ല. 

കോടതികൾ അവരെ കുറ്റവിമുക്തരാക്കിയേക്കാം, പക്ഷേ തകർന്ന ജീവിതങ്ങൾ പുനഃസ്ഥാപിക്കാൻ  ഭരണകൂടത്തിന്റെ ഭാഗത്ത്‌ നിന്ന് ഒരു ശ്രമവും ഉണ്ടാവാറില്ല.

കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ കെ എസ് മധുസൂധനൻ വിശദീകരിക്കുന്നു: “സ്വമേധയാ നഷ്ടപരിഹാരത്തിന് നിയമപരമായ സഹായകമായ പഴുതുകളൊന്നുമില്ല. സർക്കാർ നിയമം ഭേദഗതി ചെയ്യുന്നില്ലെങ്കിൽ, ഇരകൾക്ക് സ്വന്തം. വിധിയെ പഴിച്ച് ജീവിക്കുകയേ നിവൃത്തിയുള്ളൂ.”
ഇരകൾക്കു സിവിൽ കേസുകളിലൂടെ ഇതിനെതിരെ പരിഹാരം തേടാം, പക്ഷേ നടപടി ക്രമങ്ങൾ ബുദ്ധിമുട്ടുള്ളതും നിരാശജനകവുമാണ്. “വർഷങ്ങളുടെ മാനസിക സംഘർഷങ്ങളും ചെലവേറിയ നിയമയുദ്ധങ്ങളും നീതിക്ക്‌ വേണ്ടിയുള്ള പോരാട്ടത്തിന് തടസ്സമാവുന്നു.” 


"പലരും കഴിഞ്ഞ കാലം മറക്കാൻ ശ്രമിച്ചുകൊണ്ട് നിശബ്ദരായി ജീവിയ്ക്കുന്നു,"കേരള ഹൈക്കോടതിയിലെ അഭിഭാഷകൻ തുഷാർ നിർമ്മൽ സാരഥി പറയുന്നു. 

നിയമം ദുരുപയോഗം ചെയ്യുന്ന ഉദ്യോഗസ്ഥരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നത് ഏതാണ്ട് അസാധ്യമാക്കുന്ന തരത്തിലാണ് യു എ പി എ നിയമത്തിന്റെ ഘടന തന്നെ.

UAPA നിയമത്തിലെ  സെക്ഷൻ 44 പ്രകാരം "സംരക്ഷിത സാക്ഷി" എന്ന പഴുത് ഉപയോഗിച്ച് പ്രതിക്കെതിരെയുള്ള സാക്ഷിയുടെ വിവരങ്ങൾ മറച്ചു വെക്കാൻ അന്വേഷണ ഉദ്യോഗസ്ഥക്ക് കഴിയും. ഇത്‌ ഇത് നീതിയുക്തമായ വിചാരണയെ കൂടുതൽ പ്രയാസകരമാക്കുന്നു.


ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം NIA കോടതികളിൽ വരുന്ന കേസുകളിൽ 95.23%  ശിക്ഷിക്കപ്പെടുന്നു എന്നാണ്  സൂചിപ്പിക്കുന്നത്. 2024 ഡിസംബർ വരെ തീർപ്പുകൽപ്പിച്ച 147 കേസുകളിൽ 140 ലും കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു. പക്ഷെ ഈ കണക്കുകൾ യാഥാർഥ്യം വെളിപ്പെടുത്തുന്നില്ല എന്നതാണ് സത്യം.  2006 ലെ മലേഗവോൺ സ്ഫോടന കേസും 2002 ലെ അക്ഷർധം ക്ഷേത്ര ആക്രമണ കേസും ആരോപിക്കപ്പെട്ട കുറ്റം മേൽക്കോടതികളിൽ തെളിയിക്കപ്പെടാതെ പ്രതികളെ വെറുതെ വിടുകയാണുണ്ടായത്. 2006 ലെ മുംബൈ ട്രെയിൻ സ്ഫോടന കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കൽ ഇത്തരം കേസുകളിൽ ഏറ്റവും പുതിയതാണെന്ന് മാത്രം.

 "ഇത്തരം പല കേസുകളിലും, വിചാരണ കോടതികൾ കൺവിക്ഷൻ ഫാക്ടറികൾ പോലെയാണ് പ്രവർത്തിക്കുന്നത്," തുഷാർ പറയുന്നു. "വിചാരണ ഘട്ടത്തിൽ NIA ഇത്രയും ഉയർന്ന വിജയനിരക്ക് നിലനിർത്തുന്നത് അങ്ങനെയാണ്."

കേസുകൾ കെട്ടിച്ചമക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ ശിക്ഷിക്കാൻ വ്യക്തമായ മാർഗ നിർദേശങ്ങൾ ഇല്ലാത്ത കാലത്തോളം ഈ അനീതി തുടർന്ന് കൊണ്ടിരിക്കും.  ഇത് നീതി നിർവ്വഹണ സംവിധാനത്തിൽ ഞങ്ങൾക്ക് വിശ്വാസം നഷ്‍ടപ്പെടാൻ കാരണമാവും.

"ഒരു ഭീകരനായി മുദ്രകുത്തപ്പെട്ടതിന്റെ ആഘാതം, ജയിൽ ജീവിതത്തിന്റെ ഒറ്റപ്പെടൽ, സമൂഹവുമായി വീണ്ടും ഇഴകിച്ചേരനുള്ള പ്രായസം തുടങ്ങിയ വിഷയങ്ങൾ ഗൗരവമുള്ളതും പരിഹാരം ആവശ്യവുമായ പ്രശ്നങ്ങളാണ്," തുഷാർ കൂട്ടിച്ചേർക്കുന്നു.

പാനായിക്കുളം കേസിലെ മറ്റൊരു പ്രതിയായ ആലുവ സ്വദേശിയായ സലാഹുദ്ദീന്റെ കാര്യമെടുക്കുക. നീണ്ട കാലത്തെ നിയമപോരാട്ടത്തിനിടെ, അദ്ദേഹത്തിന് അച്ഛനെയും അമ്മയെയും സഹോദരിയെയും മകനെയും നഷ്ടമായി. സുപ്രീം കോടതി കുറ്റവിമുക്തനാക്കിയെങ്കിലും, അദ്ദേഹം ഇന്നും നിരന്തര നിരീക്ഷണത്തിലാണ്. "ഏകദേശം 20 വർഷമായി പോലീസ് എന്നെ പിന്തുടരുന്നുണ്ട്," അദ്ദേഹം പറയുന്നു.

"കളമശ്ശേരി ചർച്ച്‌ സ്ഫോടനം പോലെ സമാനമായ എന്തെങ്കിലും സംഭവിക്കുമ്പോഴെല്ലാം പോലീസ് എന്നെ തേടിയെത്തുന്നു . കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, മട്ടാഞ്ചേരിയിലെ ജൂത സിനഗോഗിന് സമീപം നിന്ന് എന്റെ സുഹൃത്തുക്കളുമൊത്തുള്ള ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് വിശദാംശങ്ങൾ തേടി പോലീസിൽ നിന്ന് എന്നെ വിളിച്ചിരുന്നു," അദ്ദേഹം വിവരിക്കുന്നു.

പരിഷ്കരണം വേണമെന്ന കാര്യത്തിൽ നിയമ വിദഗ്ധർ ഏകകണ്ഠമാണ്. അന്യായമായി തടവിലാക്കപ്പെടുന്ന ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്ന ഒരു സമഗ്ര നിയമം രാജ്യത്തിന് ആവശ്യമാണ്.

ഇറകൾക്ക് അവരുടെ ക്ലെയിമുകൾ ബോധിപ്പിക്കാനും നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുമുള്ള ന്യായവും സുതാര്യവുമായ സംവിധാനങ്ങൾ രൂപപ്പെടുത്തണം.

അതുപോലെ തന്നെ പ്രധാനമാണ്, തെളിവുകൾ കെട്ടിച്ചമയ്ക്കുക, നിബന്ധിച്ച് കുറ്റസമ്മതം നടത്തിക്കുക അല്ലെങ്കിൽ വ്യാജ കേസുകൾ കെട്ടിച്ചമക്കുക എന്നീ കുറ്റങ്ങൾക്ക് കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന അന്വേഷകരെയും ഉദ്യോഗസ്ഥരെയും ശിക്ഷിക്കുന്നതിനുള്ള വ്യവസ്ഥകൾ നിയമത്തിൽ ഉൾപ്പെടുത്തേണ്ടത്. ഉത്തരവാദിത്തമില്ലെങ്കിൽ, നീതി ഒരു മിഥ്യയായി തുടരും.

മുൻ കേരള ഡിജിപി ജേക്കബ് പുന്നൂസ്  ജാഗ്രതയോടെയുള്ള ഒരു വീക്ഷണമാണ് നൽകുന്നത്.  “നമ്മൾ ഒരു ആദർശ ലോകത്തിലല്ല ജീവിക്കുന്നത്. പോരായ്മകളുണ്ട്, പക്ഷേ അതിനർത്ഥം മുഴുവൻ സംവിധാനവും തെറ്റാണെന്നല്ല.”

 പോലീസിന്റെ അമിതാധികാരത്തിന് കോടതികൾ തീർച്ചയായും കടിഞ്ഞാൺ ഇടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. “കോടതി നിരപരാധി എന്ന് പ്രഖ്യാപിക്കുന്നത് വരെ ഒരു കുറ്റാരോപിതനും നിരപരാധിയല്ല. കേസ് തെളിയിക്കുന്നതിൽ ഏജൻസികൾ പരാജയപ്പെട്ടാൽ, അതിനർത്ഥം അവർക്ക് മതിയായ തെളിവുകൾ കിട്ടിയില്ല എന്നാണ്.”

കോടതിയുടെ മേൽനോട്ടം കാര്യക്ഷമമാണ് എന്നാണ്  പുന്നൂസ് വിശ്വസിക്കുന്നത്  “നിർബന്ധിച്ചു നടത്തുന്ന കുറ്റസമ്മതങ്ങൾ തെളിവായി അവതരിപ്പിക്കുമ്പോൾ, കോടതികൾ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഒരു പ്രത ലമായി പ്രവർത്തിക്കുന്നു. നിരവധി കേസുകളിൽ, ഈ പ്രവണതയുടെ പേരിൽ കോടതി ഉദ്യോഗസ്ഥരെ ശാസിച്ചിട്ടുമുണ്ട്.”

2025 ജൂലൈ 26 ന് Times of India പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ വിവർത്തനം



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments