Breaking News

*'അയ്യപ്പന്റെ സ്വത്ത് കൂട്ടം ചേര്‍ന്ന് കൊള്ളയടിച്ചു; എവിടെ ബാക്കി സ്വർണം?' അന്വേഷണം ഊർജിതമാക്കണമെന്ന് ഹൈക്കോടതി*

കൊച്ചി :  ശബരിമലയിൽ നടന്നത് കൂട്ടക്കൊള്ളയെന്നും കൊള്ള ചെയ്ത ബാക്കി സ്വർണം എവിടെയെന്നു കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കാനും ഹൈക്കോടതി. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ തുടങ്ങിയവരുടെ ജാമ്യാപേക്ഷകൾ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ. ബദറുദീന്റെ ഉത്തരവ്. ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കർദാസിന് ആശുപത്രിയിൽ തുടരാൻ മാത്രം ഗുരുതരമായ അസുഖമുണ്ടോയെന്ന് മെഡിക്കൽ ബോർഡ് ചേർന്ന് പരിശോധിക്കാനും ഇതിന്റെ റിപ്പോർട്ട് ഈ മാസം 27നകം സമർപ്പിക്കാനും കോടതി നിർദേശിച്ചു.

അയ്യപ്പന്റെ സ്വത്ത് പ്രതികള്‍ കൂട്ടം ചേര്‍ന്ന് കൊള്ളയടിച്ചുവെന്ന് കോടതി പറഞ്ഞു. കേസിൽ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് അന്വേഷിക്കണം. എസ്‌ഐടി കണ്ടെത്തിയ രേഖകളില്‍ നിന്ന് കൂട്ടക്കൊള്ള പ്രഥമദൃഷ്ട്യാ വ്യക്തമാണ്. രണ്ട് കേസുകളിലായി  4.147 കിലോ സ്വർണ്ണമാണ് കൊള്ളയടിച്ചത്. ഇതിൽ 475 ഗ്രാം സ്വർണം മാത്രമാണ് കണ്ടെടുക്കാനായിട്ടുള്ളത്. കൊള്ള ചെയ്ത ബാക്കി സ്വര്‍ണ്ണം എവിടെയെന്നാണ് കണ്ടെത്തേണ്ടതുണ്ടെന്നും ഇതിന് അന്വേഷണം ഊർജിതപ്പെടുത്താനും സിംഗിൾ ബെഞ്ച് നിർദേശിച്ചു.

 എ.പത്മകുമാര്‍ മുന്‍ എംഎല്‍എയും ദേവസ്വം ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റുമാണ്. അതുകൊണ്ടുതന്നെ അന്വേഷണത്തെ സ്വാധീനിക്കാനും ശേഷിയുണ്ട്. അതിനാൽ ജാമ്യം നൽകാൻ കഴിയില്ല. ഗോവർധൻ തനിക്ക് സ്വർണം ലഭിച്ചെന്നും എന്നാൽ ഇതിന്റെ വില നല്‍കിയെന്നും പറയുന്നു. എന്നാൽ ഇത്ര വലിയ കുറ്റകൃത്യത്തിലെ അന്വേഷണം നടക്കുമ്പോൾ ജാമ്യം അനുവദിക്കാൻ കഴിയില്ല. മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ മുൻപ് നിരസിച്ചതാണ്. അന്വേഷണത്തിൽ പുരോഗതിയുണ്ടെന്ന് കാട്ടിയാണ് വീണ്ടും ജാമ്യത്തിന് അപേക്ഷിച്ചത്. എന്നാൽ അന്വേഷണം പാതിവഴിയിലേ ആയുള്ളൂ. ഇപ്പോൾ ജാമ്യം നൽകിയാൽ അത് അന്വേഷണത്തെ തടസപ്പെടുത്തും. അതിനാൽ ജാമ്യം നൽകുന്നില്ലെന്നും കോടതി വ്യക്തമാക്കി. അതേ സമയം, 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം ലഭിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. 

ജാമ്യാപേക്ഷ കോടതിയുടെ മുൻപാകെയില്ലെങ്കിലും കെ.പി.ശങ്കർദാസിന്റെ അറസ്റ്റ് സംബന്ധിച്ച് കോടതി ഇന്നും ഉത്തരവിൽ പരാമർശിച്ചു. കഴിഞ്ഞ തവണ മറ്റു പ്രതികളുടെ ജാമ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിൽ കോടതി പരാമർശങ്ങൾ ഉണ്ടായതിനു പിന്നാലെയാണ് അന്വേഷണം വീണ്ടും ഊര്‍ജിതമായത്. അതിനു ശേഷം പങ്കജ് ഭണ്ഡാരിയും ഗോവർധനും വിജയകുമാറും കെ.പി.ശങ്കർദാസും അറസ്റ്റിലായത്. ശങ്കർദാസിന്റെ അറസ്റ്റ് ആശുപത്രിയിൽ വച്ച് നേരത്തെ തന്നെ രേഖപ്പെടുത്താമായിരുന്നെങ്കിലും ജനുവരി നാലിനു മാത്രമാണ് അത് ചെയ്തത്. ശങ്കർദാസിന് ആശുപത്രിയിൽ തുടരാൻ ഗുരുതര രോഗമുണ്ടോ എന്ന കാര്യം മെഡിക്കൽ ബോർഡ് പരിശോധിക്കണം. ജയിലിൽ ചികിത്സ തുടരാനാകുമോ എന്നതടക്കമാണ് പരിശോധിക്കേണ്ടത്. ഈ മാസം 27ന് മുൻപ് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ടിന് കോടതി നിർദേശം നൽകി. .



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments