*ബിജെപി പോലും മുസ്ലിം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നത് അറിയില്ലേ? സജി ചെറിയാന് മറുപടിയുമായി മുസ്ലിം ലീഗ്**തീപ്പൊരി വീഴാൻ കാത്തിരിക്കുന്നവർക്ക് തീക്കൊള്ളി നൽകുന്ന നിലപാടാണ് സിപിഎമ്മിന്റേത്; വിഡി സതീശൻ*
കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയികളുടെ പേര് പരാമർശിച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ സിപിഎമ്മിന്റെ ലെവൽ തെറ്റിയിരിക്കുകയാണെന്നും വർഗീയതയെ പ്രീണിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. സ്ഥാനാർത്ഥികളുടെ പേര് നോക്കി കാര്യങ്ങൾ നിശ്ചയിക്കാനാണോ സജി ചെറിയാൻ പറയുന്നതെന്നും പേര് നോക്കിയാണോ ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നും സലാം ചോദിച്ചു.
മുസ്‌ലിം ഭൂരിപക്ഷ മേഖലകളിൽ മാർക്സിസം എന്തെന്നറിയാത്ത മുസ്ലീങ്ങളെ സ്ഥാനാർത്ഥികളാക്കുന്നത് സിപിഎമ്മാണ്. മലപ്പുറത്ത് എട്ട് സീറ്റുകളിൽ ഇത്തരത്തിലാണ് അവർ മത്സരിപ്പിച്ചത്. കാസർകോട് നഗരസഭയിലെ കണക്കുകൾ പറയുന്ന മന്ത്രിക്ക് ബിജെപി പോലും മുസ്ലിം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നത് അറിയില്ലേ എന്നും അദ്ദേഹം പരിഹസിച്ചു. ലീഗിന് തീവ്രത പോരെന്ന് പറഞ്ഞ് രൂപീകരിച്ച സംഘടനകളെ കേരളത്തിൽ വളർത്തിയത് സിപിഎമ്മാണ്. പിഡിപിയെയും എസ്ഡിപിഐയെയും പ്രോത്സാഹിപ്പിച്ച ചരിത്രം ഇടതുപക്ഷത്തിനുണ്ടെന്നും സലാം കുറ്റപ്പെടുത്തി.
ലീഗിനെ പ്രകോപിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. എന്നാൽ അതിന് ലീഗ് നിന്ന് കൊടുക്കില്ല. വർഗീയതയെ തടഞ്ഞുനിർത്തുന്നത് മുസ്‌ലിം ലീഗാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിനോട് ശക്തമായ ഭാഷയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രിയുടെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്നും മന്ത്രി കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു. സജി ചെറിയാന്റേത് വിദ്വേഷ പ്രസ്താവനയാണെന്നും വർഗീയത ആളിക്കത്തിക്കുന്നത് തലമുറകളോടുള്ള ക്രൂരതയാണെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യം ബാലനും ഇപ്പോൾ സജി ചെറിയാനും വിവാദ പ്രസ്താവനകൾ പറയുന്നു. ആപത്കരമായ ഈ പ്രസ്താവനകൾ മുഖ്യമന്ത്രിയുടെ അറിവോടെയാണ് പറയുന്നത്. ഇത് കേരളത്തെ അപകടകരമായ അവസ്ഥയിൽ എത്തിക്കും. കേരളത്തിന്റെ അടിത്തറക്ക് തീ കൊളുത്തുന്ന രീതിയാണ്. സതീശനും പിണറായിയും നാളെ ഓർമയാകും, എന്നാൽ കേരളം ബാക്കിയുണ്ടാകണം. തീപ്പൊരി വീഴാൻ കാത്തിരിക്കുന്നവർക്ക് തീക്കൊള്ളി നൽകുന്ന നിലപാടാണ് സിപിഎമ്മിന്റേത്. ഇത് സിപിഎമ്മിന്റെ അവസാനത്തിന്റെ ആരംഭമാണെന്നും തന്റെ വാക്കുകൾ ചരിത്രത്തിൽ കുറിച്ചുവെച്ചോളാനും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം, സമുദായ നേതാക്കളെപ്പറ്റി മോശമായി പറയില്ലെന്നും വി ഡി സതീശൻ ആവർത്തിച്ചു. സമുദായ നേതാക്കൾക്ക് മുന്നിൽ ഇരുന്നാൽ മതി കിടക്കേണ്ട എന്നാണ് തന്റെ നിലപാട്. പോകുന്നത് തിണ്ണ നിരങ്ങലാണ് എന്ന് അവർ കരുതുന്നുണ്ടെങ്കിൽ പോകാതിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു എന്നായിരുന്നു മന്ത്രിയുടെ ആരോപണം. മലപ്പുറം ജില്ലാ പഞ്ചായത്തിലോ കാസർകോട് നഗരസഭയിലോ ജയിച്ചവരുടെ പേര് പരിശോധിച്ചാൽ പ്രത്യേക സമുദായത്തിൽപ്പെട്ടവർ മാത്രമാണ് ജയിക്കുന്നതെന്ന് കാണാം. ഇത് കേരളത്തെ ഉത്തർപ്രദേശും മധ്യപ്രദേശും ആക്കുന്നതിന് തുല്യമാണെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു. മന്ത്രിയെ ന്യായീകരിച്ച് സിപിഎം നേതാവ് എം.എ ബേബിയും രംഗത്തെത്തിയിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments