Breaking News

*'കൊച്ചിയിൽ വിദ്യാഭ്യാസ തട്ടിപ്പ്, ഉപയോഗിച്ചത് എൻ്റെ ചിത്രം,മുന്നൂറിലധികം കുട്ടികൾ പറ്റിക്കപ്പെട്ടു': ഗായത്രി**കേരളത്തില്‍ വിദ്യാഭ്യാസത്തിന്റെ പേരില്‍ ഇങ്ങനെ ഒരു തട്ടിപ്പ് നടത്തുന്ന ടീം ഉണ്ടെങ്കില്‍ അവരെ എത്രയുംവേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഗായത്രി അരുണ്‍ പറഞ്ഞു.*

കൊച്ചി : എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ പരാതിയുമായി നടി ഗായത്രി അരുണ്‍. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പണം അടച്ച് മുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും തന്റെ ചിത്രമാണ് സ്ഥാപനം മാര്‍ക്കറ്റിംഗിന് ഉപയോഗിക്കുന്നതെന്നും ഗായത്രി അരുണ്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നടി വിദ്യാഭ്യാസ തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നല്‍കിയത്. പറ്റിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഉടന്‍ തന്നെ നിയമപരമായി മുന്നോട്ടുപോകണമെന്നും തട്ടിപ്പ് നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഗായത്രി അരുണ്‍ പറഞ്ഞു. സ്ഥാപനത്തിന്റെ പേര് വെളിപ്പെടുത്താതെയാണ് നടി ഇക്കാര്യം പറഞ്ഞത്. അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ചതിന് സ്ഥാപനത്തിന് നോട്ടീസയച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
'2024 സെപ്റ്റംബര്‍ മൂന്നാം തിയതി കൊച്ചിയിലുളള ഒരു ഓണ്‍ലൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഞാൻ ഉദ്ഘാടനം ചെയ്തിരുന്നു. മറ്റ് പല പ്രമുഖരും അതിലുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ഈ ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ നിരവധി പരാതികള്‍ വരുന്നുണ്ട്. പൈസ അടച്ച് പറ്റിക്കപ്പെട്ടു എന്ന് പറഞ്ഞ് കുട്ടികള്‍ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ എനിക്ക് അയക്കുകയാണ്. എന്റെ ഫോട്ടോയാണ് എന്റെ അനുവാദമില്ലാതെ ഇവര്‍ ബിസിനസിന് ഉപയോഗിക്കുന്നത്. ഇത് എന്റെ അറിവോട് കൂടിയല്ല. അതുകൊണ്ട് നിയമപരമായി ഞാന്‍ നോട്ടീസയച്ചിരിക്കുകയാണ്. എനിക്കൊപ്പം അന്ന് ഉദ്ഘാടനത്തില്‍ പങ്കെടുത്ത കൊച്ചിയിലെ തന്നെ ഒരു രാഷ്ട്രീയ നേതാവിനെയും വിവരം അറിയിച്ചിട്ടുണ്ട്. അദ്ദേഹവും നടപടികള്‍ എടുത്തോളാം എന്ന് എനിക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്': ഗായത്രി പറഞ്ഞു.
പി ആര്‍ ഏജന്‍സികള്‍ വഴിയാണ് പൊതുവെ ഉദ്ഘാടനങ്ങള്‍ വരികയെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതരുമായി നേരിട്ട് യാതൊരു ബന്ധവും തനിക്കില്ലെന്നും ഗായത്രി വ്യക്തമാക്കി. 'ഉദ്ഘാടനം വരുമ്പോള്‍ അത് ഇന്‍സ്റ്റിറ്റ്യൂട്ട് ആണെങ്കില്‍ അവര്‍ക്ക് എല്ലാ സര്‍ട്ടിഫിക്കേഷനും ഉണ്ടോ എന്ന് അന്വേഷിക്കും. എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഉണ്ട് എന്ന അറിവോടെയാണ് ഞാനും ഉദ്ഘാടനത്തില്‍ പങ്കെടുത്തത്. ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പും ശേഷവും എനിക്ക് ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആരുമായും നേരിട്ട് യാതൊരു തരത്തിലും ബന്ധമില്ല. വ്യക്തിപരമായി എനിക്കറിയില്ല. എന്റെ സമ്മതമില്ലാതെയാണ് ഇവര്‍ അന്ന് ഉദ്ഘാടനത്തിന് എടുത്ത ഫോട്ടോ പബ്ലിസിറ്റിക്കായി ഉപയോഗിച്ചിരിക്കുന്നത്. ഇത് കണ്ട് പല കുഞ്ഞുങ്ങളും മാതാപിതാക്കളും നല്ല ഭാവി മുന്നില്‍കണ്ട് പൈസ അടച്ചു. പിന്നെ ഇവരെ കോണ്ടാക്ട് ചെയ്യുമ്പോള്‍ ഒരു വിവരവുമില്ല. ഇവരുടെ ഗൂഗിള്‍ അക്കൗണ്ട് നോക്കിയപ്പോള്‍ നിരവധി പേര്‍ പറ്റിക്കപ്പെട്ട ഒരുപാട് പേരുടെ റിവ്യൂ ഞാന്‍ കണ്ടു. മുന്നൂറിലധികം കുട്ടികളാണ് ഇവരുടെ തട്ടിപ്പിന് ഇരയായിരിക്കുന്നത്. നിങ്ങള്‍ എത്രയും വേഗം നിയമപരമായി മുന്നോട്ടുപോവുക; ഗായത്രി അരുണ്‍ പറഞ്ഞു.

കേരളത്തില്‍ വിദ്യാഭ്യാസത്തിന്റെ പേരില്‍ ഇങ്ങനെ ഒരു തട്ടിപ്പ് നടത്തുന്ന ടീം ഉണ്ടെങ്കില്‍ അവരെ എത്രയുംവേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സമയം ഒട്ടും കളയാതെ വിദ്യാര്‍ത്ഥികള്‍ നിയമപരമായി മുന്നോട്ടുപോകണമെന്നും ഗായത്രി അരുണ്‍ പറഞ്ഞു. 'ഞാന്‍ എന്റെ സമ്മതമില്ലാതെ തട്ടിപ്പിന് എന്റെ മുഖം ഉപയോഗിച്ചതിന് നിയമപരമായി മുന്നോട്ടുപോകുന്നുണ്ട്. നോട്ടീസ് അയച്ചു. ഇനിയും ആരും തട്ടിപ്പിന് ഇരയാവാതിരിക്കാനാണ് ഞാന്‍ വീഡിയോ ചെയ്തത്. നിയമതടസം ഉളളതുകൊണ്ടാണ് അവരുടെ പേര് ഞാന്‍ പറയാത്തത്. തട്ടിപ്പ് നടത്തിയവരെ എത്രയുംവേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ നമുക്ക് ശ്രമിക്കാം': അവര്‍ കൂട്ടിച്ചേര്‍ത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments