Breaking News

*കൗമാരക്കാര്‍ക്കിടയിലെ ബന്ധങ്ങളെ പോക്‌സോ നിയമത്തില്‍ നിന്ന് ഒഴിവാക്കണം, റോമിയോ ആന്‍ഡ് ജൂലിയറ്റ് വ്യവസ്ഥ വേണം: സുപ്രിംകോടതി*

ന്യൂഡല്‍ഹി : കൗമാരക്കാര്‍ക്കിടയിലെ പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളെ പോക്‌സോ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്ന് സുപ്രിംകോടതി. വിദേശരാജ്യങ്ങളില്‍ നിലവിലുള്ള ' റോമിയോ ആന്‍ഡ് ജൂലിയറ്റ് വ്യവസ്ഥ' പോലൊന്ന് പോക്‌സോ നിയമത്തിലും വേണമെന്നാണ് സുപ്രിംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. പോക്‌സോ നിയമത്തിന്റെ ദുരുപയോഗം തടയാനാണ് ഈ വ്യവസ്ഥ വേണ്ടതെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍ സിങ്, എന്‍ കോടീശ്വര്‍ സിങ് എന്നിവര്‍ അടങ്ങിയ ബെഞ്ച് പറഞ്ഞു. പോക്‌സോ കേസില്‍ ആരോപണ വിധേയനായ യുവാവിന് ജാമ്യം നല്‍കിയതിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് സുപ്രിംകോടതി നിര്‍ദേശം. '' പ്രണയബന്ധത്തിലെ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെങ്കില്‍, പ്രണയബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെങ്കിലും റൊമാന്റിക് ആണെങ്കിലും പോക്‌സോ നിയമം ഇടപെടുന്നു. ഇത് യുവജനങ്ങള്‍ക്കിടയിലെ ബന്ധങ്ങളെ കുറ്റകരമാക്കുന്നു. കൂടാതെ പ്രായപൂര്‍ത്തിയായ ആള്‍ കടുത്ത പ്രത്യാഘാതങ്ങളും നേരിടേണ്ടി വരുന്നു. ഇത് പ്രതിയായ ആണ്‍കുട്ടിക്ക് മാത്രമല്ല, പെണ്‍കുട്ടിയേയും പ്രതികൂലമായി ബാധിക്കുന്നു.''-കോടതി വിശദീകരിച്ചു. തുടര്‍ന്നാണ് വിധി പകര്‍പ്പ് കേന്ദ്രസര്‍ക്കാരിന് കൈമാറാന്‍ നിര്‍ദേശിച്ചത്. ഈ വിധി പ്രകാരം സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണം.

റോമിയോ ആന്‍ഡ് ജൂലിയോ വ്യവസ്ഥ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ പ്രായപൂര്‍ത്തിയായ ആളുമായി പരസ്പര സമ്മതത്തോടെ ബന്ധമുണ്ടായാല്‍ അതില്‍ പീഡനക്കേസുകള്‍ പാടില്ലെന്ന വ്യവസ്ഥയാണിത്. പലരാജ്യങ്ങളിലും ഇത്തരം വ്യവസ്ഥകള്‍ നിലവിലുണ്ട്. ഉദാഹരണത്തിന് 2021ല്‍ ഫ്രാന്‍സ് കൊണ്ടുവന്ന നിയമപ്രകാരം 15 വയസിന് താഴെയുള്ളവരുമായുള്ള ലൈംഗികബന്ധം ബലാല്‍സംഗമാണ്. പക്ഷേ, അതില്‍ റോമിയോ ആന്‍ഡ് ജൂലിയറ്റ് വ്യവസ്ഥയുണ്ട്. പ്രായപൂര്‍ത്തിയാവാത്ത വ്യക്തി പരമാവധി അഞ്ചു വര്‍ഷം കൂടുതല്‍ പ്രായമുള്ള ആളുമായി പരസ്പര സമ്മതത്തോടെ ബന്ധമുണ്ടാവുകയാണെങ്കില്‍ അത് കുറ്റകരമല്ലെന്നാണ് ഈ വ്യവസ്ഥ പറയുന്നത്. ഉദാഹരണത്തിന് പതിമൂന്ന് വയസ് പ്രായമുള്ള പെണ്‍കുട്ടി 17 വയസ് പ്രായമുള്ള ആണ്‍കുട്ടിയുമായി സമ്മതത്തോടെ ബന്ധമുണ്ടായാല്‍ അത് പീഡനമായി കണക്കാക്കില്ല. കൗമാരക്കാര്‍ തമ്മിലുള്ള പ്രണയബന്ധങ്ങളെ കുറ്റകരമാക്കാതിരിക്കാനാണ് ഈ വ്യവസ്ഥയെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍, നിഷിദ്ധബന്ധങ്ങളില്‍ ഈ വ്യവസ്ഥ ബാധകമല്ല.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments