കേരള മുസ്ലിം ജമാഅത്ത് കേരളയാത്ര:തിരൂർ സ്വീകരണ സമ്മേളനം വ്യാഴാഴ്ച നടക്കും
മലപ്പുറം : കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളയത്രക്ക് 2026 ജനു. 8 ന് വ്യാഴം തിരൂരിൽ സ്വീകരണം നൽകും.
'മനുഷ്യർകൊപ്പം' എന്നതാണ് ഇത്തവണ കേരള യാത്ര ഉയർത്തിപ്പിടിക്കുന്ന സന്ദേശം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായാണ് കേരളയാത്ര നടത്തുന്നത്. കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കാന്തപുരം എ പി അബൂബക്കർ
മുസ്ലിയാരാണ് യാത്ര നായകൻ. സയ്യിദ് ഇബ്രാഹിം ഖലീൽബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി എന്നിവർ ഉപനായകരാണ്.
മനുഷ്യർക്ക് അറിവ്, വസ്ത്രം, പാർപ്പിടം, സ്വസ്ഥ ജീവിതം എല്ലാം ആവശ്യമാണ്. അതവരുടെ അവകാശമാണ്.
അഭിപ്രായ സ്വാതന്ത്യവും മത സ്വാതന്ത്ര്യവും ജീവിത സ്വാതന്ത്ര്യവും ജന്മാവകാശങ്ങളാണ്. അവ തന്റെ അവകാശമാണെന്നും ചോദിച്ചു വാങ്ങേണ്ടതാണെന്നും അറിയാത്ത മനുഷ്യർ വിവിധ തരം അതിവൈകാരികതകളുടെ ആജ്ഞാനുവർത്തികളായി മാറുന്നു. ചൂഷകമനസ്സുള്ളവർ അവരെ വെറുപ്പ് വിതക്കാനുള്ള ഉപകരണങ്ങളാക്കുന്നു. അറിവില്ലാത്ത മനുഷ്യർ പോർവിളിച്ച് അന്യോന്യം കൊല്ലുന്നു. ലഹരിക്കടിമയാവുന്നു. മറ്റുള്ളവരെ ലഹരിക്ക് കീഴ്‌പ്പെടുത്തുന്നു. അങ്ങനെ കിട്ടുന്ന നൈമിഷിക സുഖത്തിലും സാമ്പത്തിക ലാഭത്തിലും ആകൃഷ്ടരാവുന്നു. അനീതിക്കെതിരായ ധർമസമരം ലോകത്ത് ഇല്ലാതാകുന്നു. ലാഭക്കൊതിയന്മാർക്ക് അവരുടെ താല്പര്യങ്ങൾ വിറ്റഴിക്കാനുളള വെറുമൊരു കമ്പോളമായി മനുഷ്യരാശി മാറുന്നു. ഫലമോ, ദുർബല വിഭാഗങ്ങൾ എന്നും ദുർബലരും ചൂഷകർ എന്നും ചൂഷകരുമായിത്തീരുന്നു. ഈയൊരു സ്ഥിതി ലോകത്തിന്റെ ദുരന്തമാണ്. ഓരോ ജീവിക്കുമുള്ള അവകാശങ്ങൾ വകവെച്ചു കൊടുത്തു കൊണ്ടുളള നന്മ നിറഞ്ഞ ജീവിതവും പരസ്പര കരുതലും സംരക്ഷണവും സ്‌നേഹവും നല്‍കുന്ന ഒരു ആദർശ സമൂഹത്തിന്റെ നിർമ്മിതിയാണ് നാം അടിയന്തിരമായി ലക്ഷ്യം വെക്കേണ്ടത്. അതാണ് ഈ യാത്രയുടെയും അനുബന്ധ പദ്ധതികളുടെയും ഉള്ളടക്കം.
എല്ലാ ജനവിഭാഗങ്ങളും ചേർന്നതാണ് മനുഷ്യകുലമെന്ന് ജനങ്ങൾ പരസ്പരം പറയുന്ന, വിശ്വസിക്കുന്ന ഒരു കാലം തിരിച്ചു വരണം. വരാനിരിക്കുന്ന തലമുറകൾക്കും കൂടി ഒരു നല്ല ഭാവി കാത്തുവെക്കാൻ കഴിയേണ്ടതുണ്ട്. മനുഷ്യൻ എന്ന നല്ല കാഴ്ചപ്പാട് ഇവിടെ തീരാൻ അനുവദിച്ചു കൂടാ. എല്ലാ മനുഷ്യർക്കും ഒരു തരത്തിലുമുള്ള വിവേചനം നേരിടാതെ അന്തസ്സോടെ ജീവിക്കാൻകഴിയണം. മനുഷ്യനെ വംശീയമായി വേർതിരിക്കുന്ന ഒന്നും നമ്മുടെ രാജ്യത്തിനും നാടിനും അഭികാമ്യമല്ല. മനുഷ്യവിരുദ്ധമായ എല്ലാ പ്രവർത്തനങ്ങളെയും തള്ളിക്കളയാൻ കഴിയണം.
മനുഷ്യർകൊപ്പം എന്ന സന്ദേശം കൂടുതൽ ശക്തമായി പറയേണ്ടതും നടപ്പിലാക്കേണ്ടതുമായ കാലമാണിത്. വേർതിരിവുകൾ ഇല്ലാതെ എല്ലാവരെയും ചേർത്തുപിടിക്കുക എന്ന ആശയമാണ് ഈ പ്രമേയം മുന്നോട്ടുവെക്കുന്നത്. വൈജാത്യങ്ങളെ ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമാണ് അത് സാധ്യമാവുക. വിശ്വാസപരവും രാഷ്ട്രീയവും സാമൂഹികവുമായ വൈജാത്യങ്ങൾ രാജ്യത്തുണ്ട്. അത് അങ്ങനെത്തന്നെ നിലനിൽക്കുമ്പോഴും അതിന്റെ പേരിൽ കലഹിക്കാനോ ശത്രുത പുലർത്താനോ പാടില്ല.
കേരള യാത്ര ഈ സന്ദേശമാണ് മുന്നോട്ടുവെക്കുന്നത്.
സാധാരണ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ഏറ്റവും പ്രധാനപ്പെട്ടത്. എല്ലാവിധ വര്‍ഗീയ-ഭീകരവാദ-തീവ്രവാദ പ്രവർത്തനങ്ങളെയും തള്ളിപ്പറയാനും അതിനെതിരെ ശക്തമായ പ്രചാരണങ്ങൾ നടത്താനും കേരള മുസ്ലിം ജമാഅത്ത് പ്രതിജ്ഞാബദ്ധമാണ്. വ്യത്യസ്ത മത രാഷ്ട്രീയ കാഴ്ചപ്പാടുകൾ പുലർത്തുന്ന എല്ലാ മനുഷ്യരെയും സഹിഷ്ണുതയോടെ കാണാൻ കഴിയുമ്പോഴാണ് നാം മനുഷ്യർക്കൊപ്പം ആണെന്ന് അഭിമാനിക്കാൻ കഴിയുന്നത്.
1999 ൽ മനുഷ്യമനസ്സുകളെ കോർത്തിണക്കാൻ എന്ന പ്രമേയത്തിലും 2012 ഏപ്രിലിൽ മാനവികതയെ ഉണർത്തുന്നു എന്ന സന്ദേശത്തിലും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നടത്തിയ യാത്രയും ആ യാത്രകൾ മുന്നോട്ടുവെച്ച പ്രമേയങ്ങളും കേരളീയ സമൂഹം ഗുണകരമായി ചർച്ച ചെയ്തിട്ടുണ്ട്.
കേരള മുസ്ലിം ജമാഅത്തിന്റെ മാതൃ സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് നൂറ്റാണ്ട് പൂർത്തിയാകുമ്പോൾ 2026 ൽ സമസ്തയുടെ സമ്പൂർണ്ണ സമ്മേളനം നടക്കും. സമ്മേളനത്തോടനുബന്ധിച്ച് വിപ്ലവകരമായ കർമ്മ പദ്ധതികളാണ് സമസ്ത മുന്നോട്ടുവെക്കുന്നത്. മത ഭൗതിക വിദ്യാഭ്യാസ രംഗത്ത് നൂതനമായ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കും.
ജനുവരി ഏഴിന് രാവിലെ 9 മണിക്ക് ഒതുക്കുങ്ങലിൽ വെച്ച് യാത്രക്ക് വെസ്റ്റ് ജില്ലയിലേക്ക് പ്രാസ്ഥാനിക നേതാക്കളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ പ്രോജ്ജ്വല വരവേൽപ്പ് നൽകും.വൈകുന്നേരം 4.30 ന് തിരൂർ മുൻസിപ്പൽ സ്റ്റേഡിയം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന യാത്രയിൽ പ്രത്യേകം തയ്യാറാക്കിയ സെൻ്റിനറി ഗാർഡ് അംഗങ്ങൾ അണിനിരക്കും.വൈകുന്നേരം 4 മണിക്ക്
റിംഗ് റോഡ് ജംഗ്ഷനിൽ പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടിൽ നടക്കുന്ന സ്വീകരണ സമ്മേളനം സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാരുടെ അധ്യക്ഷതയിൽ ന്യുനപക്ഷ ഹജ്ജ് വഖഫ് കാര്യവകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും.യാത്രാനായകൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും.ഉപനായകരായ സയ്യിദ് ഇബ്രാഹിം ഖലീൽബുഖാരി,പേരോട് അബ്ദുറഹിമാൻ സഖാഫി വിഷയാവതരണം നടത്തും. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ എ മുഖ്യാതിഥിയാകും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട്, ജില്ല പ്രസിഡൻ്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ജില്ല ജനറൽ സെക്രട്ടറി ഊരകം അബ്ദുറഹ്മാൻ സഖാഫി, കുറുക്കോളി മൊയ്തിൻ എം.എൽ.എ., കെ ടി ജലീൽ എം എൽ എ,മുനിസിപ്പൽ ചെയർമാൻ ഇബ്രാഹിം ഹാജി,
സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം ഇ.ജയൻ, കെ.പി.സി.സി. സെക്രട്ടറി കെ.പി. നൗഷാദലി, യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. അജയ് മോഹൻ,മുൻ എം.പി.സി. ഹരിദാസ്, അബ്ദുസമദ് മുട്ടനൂർ പ്രസംഗിക്കും.
നിർധനരായ രോഗികൾക്ക് ഹെൽപ്പ് ആൻ്റ് ക്വാളിറ്റി കെയർ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ഇരുപത്തിമൂന്ന് സോണിലെ 115 ആളുകൾക്ക് ചികിൽസ സഹായം ചടങ്ങിൽ വിതരണം നടക്കും.
പത്രസമ്മേളനത്തിൽ പങ്കെടുക്കുത്തവർ:
1 സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ
(വൈസ് ചെയർമാൻ, തിരൂർ കേരള യാത്ര സ്വീകരണം ജില്ല സമിതി )
2 പി ടി മുഹമ്മദ് അഫ്ളൽ
(ജനറൽ സെക്രട്ടറി ,എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല )
3 അബ്ദു സ്സമദ് മുട്ടനൂർ( പ്രവർത്തകസമിതി അംഗം, കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി
4. അബ്ദുറഹ്മാൻ മുഈനി ( വൈസ് പ്രസിഡന്റ്, കേരള മുസ് ലിം ജമാഅത്ത് തിരൂർ സോൺ)
5. ഗഫൂർ തലക്കടത്തൂർ ( വർക്കിംഗ് കൺവീനർ,തിരൂർ കേരള യാത്ര സ്വീകരണം ജില്ല സമിതി)
6. അബ്ബാസ് കൂട്ടായി(സെക്രട്ടറി,കേരള മുസ് ലിം ജമാഅത്ത് തിരൂർ സോൺ)
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments