Breaking News

*പി.എം. ശ്രീയിൽ നിന്ന് പിന്മാറുക, ഭാവിതലമുറയെ നശിപ്പിക്കുന്നതിന് സർക്കാർ കൂട്ടുനിൽക്കാതിരിക്കുക.* *വേക്ക് അപ് കേരളം.*

കേന്ദ്രസർക്കാരിൻ്റെ പി.എം. ശ്രീ പദ്ധതി, വിദ്യാർത്ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കാവുന്ന നാഷണൽ എഡ്യൂക്കേഷൻ പോളിസിയെ സ്കൂൾ വിദ്യാഭ്യാസത്തിലേക്ക് കൂടി ഒളിച്ചു കടത്താനുള്ള നീക്കമാണെന്ന് തിരിച്ചറിഞ്ഞാണ് അധ്യാപകർ ഉൾപ്പെടെയുള്ള പൊതുസമൂഹം എൽ.ഡി.എഫ് ഭരണകാലത്ത് അതിനെ എതിർത്തത്. ഘടകക്ഷിയായ സി.പി.ഐ. കൂടി ഇടഞ്ഞതോടെ വിദഗ്ധസമിതിയുടെ തീരുമാനം വരും വരെ താൽക്കാലികമായി ഇതിൻ്റെ നടത്തിപ്പ് നീട്ടിവെക്കണമെന്ന നിവേദനം കേന്ദ്രത്തിന് അയക്കുകയുമുണ്ടായി.

2027 മാർച്ചിൽ അവസാനിക്കാനിരിക്കുന്ന പദ്ധതിയിൽ, ഭരണത്തിലേറി ഒരു മാസം കഴിയുമ്പോഴേക്കും പങ്കുചേരാനുള്ള തീരുമാനത്തിന് നിരത്തുന്ന മുടന്തൻ ന്യായങ്ങൾ പുതിയ സർക്കാരിന് ഇതുവരെ ലഭിച്ച സ്വീകാര്യതയ്ക്ക് തുരങ്കം വെക്കുന്നതാണ്. എൽ.ഡി.എഫ് സർക്കാർ ഒപ്പിട്ട എം.ഒ.യു.വും പിന്നീട് നീട്ടിവെക്കാനായി അയച്ച നിവേദനവും വിശകലനം ചെയ്ത വേക്ക് അപ് കേരളം പ്രതിനിധികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങളെ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ദയവായി വിഡ്ഢികളാക്കാൻ ശ്രമിക്കരുത്. ഒപ്പിട്ട എം.ഒ.യു. അനുസരിച്ച് ഫെഡറലിസത്തിന് എത്ര വലിയ കുരുക്കുവീഴ്ത്തുന്ന നിബന്ധനകളാണ് അതിലുള്ളതെന്നും ഭാവിയിൽ അത് എത്ര വലിയ സാമ്പത്തിക ബാധ്യതകളും സാംസ്കാരിക ആഘാതങ്ങളും ഉണ്ടാക്കുമെന്നതും സ്ഫടികസമാനം വ്യക്തമാണ്.   അതുകൊണ്ടുതന്നെ, ഇടതുപക്ഷ സർക്കാർ ഒപ്പിട്ടുപോയതുകൊണ്ട് പിന്മാറാനാവില്ല എന്നത് ന്യായീകരിക്കാവുന്ന വാദമല്ല. ചുരുങ്ങിയത് ഇതിനെപ്പററിയുള്ള തിരക്കിട്ട ചർച്ചകളെങ്കിലും ഒഴിവാക്കാമായിരുന്നു. ഇനി, പുതിയ കമ്മറ്റി രൂപീകരിക്കപ്പെട്ടുവെങ്കിൽ അതിൻ്റെ തീരുമാനമായി ഇതിൽ നിന്ന് പിന്മാറുന്നു എന്ന വിവരം കേന്ദ്രത്തെ അറിയിക്കുക എന്നതാണ് ഉത്തരവാദിത്തപ്പെട്ട സർക്കാരിൻ്റെ കടമ. അതിനു വിഘാതമായ കാര്യങ്ങൾ ഉണ്ട് എന്നാണെങ്കിൽ മുഖ്യമന്ത്രി വിശദമായ പത്രസമ്മേളനം നടത്തി ജനങ്ങളെ അതു ബോധ്യപ്പെടുത്തണം. അതിൻ്റെ പേരിൽ എസ്.എസ്.കെ ഫണ്ടോ മറ്റേതെങ്കിലും അവകാശപ്പെട്ട വിഹിതമോ നിഷേധിക്കുകയാണെങ്കിൽ നിയമപരമായ വഴി തേടുക. ഭീഷണിക്ക് വഴങ്ങി ഒരു തലമുറയെ കേന്ദ്രീകൃതവും വിഭാഗീയത വളർത്തുന്നതും, ചരിത്രത്തെ വികലമാക്കുന്നതും കോർപ്പറേറ്റ് അടിമത്തം ഊട്ടിയുറപ്പിക്കുന്നതുമായ വിദ്യാഭ്യാസ സമ്പ്രദായത്തിന് വിട്ടുകൊടുക്കരുത്. കേന്ദ്രീകൃത പരീക്ഷാനടത്തിപ്പിലെയും ഫലപ്രഖ്യാപനത്തിലെയും ഭീകരമായ വൈകല്യങ്ങൾക്കെതിരെ വിദ്യാർത്ഥികൾ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വന്നിരിക്കുന്ന ഈ സന്ദർഭം ഭാവി വിദ്യാഭ്യാസത്തിൻ്റെ തകർച്ചയിലേക്കുള്ള ചൂണ്ടുവിരൽ കൂടിയാണെന്നതും തിരിച്ചറിയുക.

*വേക്ക് അപ് കേരളത്തിനു വേണ്ടി,*
കെ. സച്ചിദാനന്ദൻ - ചെയർപെഴ്സൺ
ഖദീജാമുംതാസ് - ജനറൽ കൺവീനർ.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments