*മുട്ടിൽ മരംമുറിക്കേസ്; പ്രതികൾക്ക് വനംവകുപ്പ് ‘സഹായം’; കോടതിയിൽ കേസ് വന്നപ്പോൾ വിവരങ്ങൾ നൽകിയില്ല*
കണ്ണൂർ : കഴിഞ്ഞ സർക്കാറിന്റെ കാലത്ത് വിവാദമായ മുട്ടിൽ മരംമുറിക്കേസിൽ പുതിയ സർക്കാർ വന്നിട്ടും വനംവകുപ്പ് ഉഴപ്പുന്നു. വിവരങ്ങൾ നൽകാൻ അഡ്വക്കറ്റ് ജനറൽ ഓഫീസ് തുടർച്ചയായി ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ കൂട്ടാക്കാത്തതിനാൽ മുറിച്ച മരങ്ങൾ കണ്ടുകെട്ടിയ കേസിൽ ഹൈക്കോടതിയിൽ തിരിച്ചടി നേരിട്ടു. കണ്ടുകെട്ടിയത് ശരിവെച്ചും ലേലംചെയ്യാൻ അനുമതി നൽകിയും വയനാട് ജില്ലാ കോടതി പുറപ്പെടുവിച്ച വിധി 22-നാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
17-ന് അഡ്വക്കറ്റ് ജനറൽ ഓഫീസ് സൗത്ത് വയനാട് ഡി.എഫ്.ഒ. ഓഫീസിൽനിന്ന് വിശദാംശങ്ങൾ ആവശ്യപ്പെട്ടിരുന്നു. കിട്ടാതായതോടെ വനംവകുപ്പ് ലെയ്‌സൺ ഓഫീസർ വീണ്ടും ആവശ്യപ്പെട്ടെങ്കിലും അവഗണിച്ചു. ഇതോടെ പ്രതികൾ നൽകിയ അപ്പീലിൽ പ്രോസിക്യൂഷൻ വാദം ദുർബലമായെന്നാണ് ആരോപണം. 2021-ൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ വിവാദ ഉത്തരവിന്റെ മറവിലാണ് സർക്കാരിലേക്ക് നിക്ഷിപ്തമാക്കിയ ഈട്ടിമരങ്ങൾ മുറിച്ചുകടത്തിയത്."
അഞ്ഞൂറോളം കേസുകൾ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർചെയ്തു. വയനാട് മുട്ടിൽ വില്ലേജിലെ മരംകൊള്ളയിൽ 14 കോടി രൂപ സർക്കാറിന് നഷ്ടമായെന്നാണ് കണക്കാക്കിയത്. ഇവിടത്തെ 41 കേസുകളിൽ 36 എണ്ണത്തിലും ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരാണ് പ്രതികൾ.
വനം, പോലീസ് കേസുകൾ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇവർ 28 ഹർജികൾ ഹൈക്കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്. വിവാദം നിലനിൽക്കുമ്പോൾ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നേരിട്ടാണ് ഹൈക്കോടതിയിൽ ഹാജരായിരുന്നത്. പ്രതികൾക്കെതിരായ വിധികളാണ് അപ്പോഴുണ്ടായതും. കേസ് മാധ്യമശ്രദ്ധയിൽനിന്ന് മാറിയശേഷം ഗവൺമെന്റ് പ്ലീഡർമാർ ഹാജരാകാൻ തുടങ്ങി. ഇതിനുശേഷം പലതരത്തിൽ സ്വാധീനം ഉപയോഗിച്ച് പ്രതികൾ അനുകൂല ഉത്തരവുകൾ നേടിയതായി വനംവകുപ്പ് ഉദ്യോഗസ്ഥർക്കിടയിൽ മുറുമുറുപ്പുണ്ടായിരുന്നു. ഇതോടൊപ്പമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആരോപണമുയരുന്നത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments