*പിഎം ശ്രീ: സംസ്ഥാനത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ല; പിന്മാറാൻ തീരുമാനിക്കേണ്ടത് കേന്ദ്രം, നയം നോക്കി കേരളം*
തിരുവനന്തപുരം : കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഒപ്പിട്ട പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിലെ പ്രധാന ഉപാധികളിലൊന്നുതന്നെ കരാർ റദ്ദാക്കാനുള്ള അവകാശം കേന്ദ്രത്തിനു മാത്രമാണെന്നതാണ്. സർക്കാർ മാറിയാലും സംസ്ഥാനത്തിന് പദ്ധതിയിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാനോ കരാർ റദ്ദാക്കാനോ കഴിയില്ലെന്നു വ്യക്തം. പിന്നെ യുഡിഎഫ് സർക്കാരിനു മുന്നിലുള്ളത് 2 വഴികളാണ്- 1) ധാരണാപത്രം അനുസരിച്ച് പദ്ധതി നടപ്പാക്കുക, 2) അടുത്ത വർഷത്തോടെ അവസാനിക്കുന്ന പദ്ധതി നടപ്പാക്കുന്നത് തുടർനടപടികളില്ലാതെ നീട്ടിക്കൊണ്ടുപോകുക.
രണ്ടാമത്തെ വഴിയാണെങ്കിൽ വിദ്യാഭ്യാസ പദ്ധതികൾക്കുള്ള കേന്ദ്ര ഫണ്ട് തുടർന്നും തടസ്സപ്പെടും. അതിനാൽ, രാഷ്ട്രീയമായി എതിർക്കുന്ന കേന്ദ്ര പാഠ്യപദ്ധതി കേരളത്തിൽ ഒഴിവാക്കണമെന്നതടക്കമുള്ള ഉപാധികളോടെ പിഎം ശ്രീ നടപ്പാക്കാമെന്ന നിലപാടിൽ യുഡിഎഫ് സർക്കാർ എത്തിച്ചേരുകയായിരുന്നു.
ഇതിനായി സംസ്ഥാനം മുന്നോട്ടുവയ്ക്കുന്ന 2 ഉപാധികളും നിലവിൽ കേന്ദ്രം അംഗീകരിച്ചതാണ്. കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) മാതൃകാ കേന്ദ്രങ്ങളായാണു പിഎം ശ്രീ സ്കൂളുകളെ കേന്ദ്രം വിഭാവനം ചെയ്യുന്നതെങ്കിലും കേന്ദ്ര സിലബസ് വേണമെന്നു നിർബന്ധമില്ല. നിലവിൽ പദ്ധതി നടപ്പാക്കിയ സംസ്ഥാനങ്ങളിൽ അതത് ഇടത്തെ സിലബസും സംസ്ഥാന ബോർഡ് പരീക്ഷയും തന്നെയാണ്. പദ്ധതിക്കുള്ള സ്കൂളുകളെ തിരഞ്ഞെടുക്കാനുള്ള വിലയിരുത്തൽ നടത്തേണ്ടതും സംസ്ഥാനം നിയോഗിക്കുന്ന സമിതിയാണ്. അതിനാൽ ഈ 2 കാര്യങ്ങളിലും പുതിയ സർക്കാർ മുന്നോട്ടുവയ്ക്കുന്ന ഉപാധികളിൽ തർക്കത്തിനു സാധ്യതയില്ല.
പിഎം ശ്രീ പദ്ധതി നടപ്പാക്കുമ്പോൾ കേന്ദ്ര വിദ്യാഭ്യാസ നയം സംസ്ഥാനത്താകെ നടപ്പാക്കണമെന്നാണു ധാരണാപത്രത്തിലെ മറ്റൊരു വിവാദ ഉപാധി. എന്നാൽ അത് പിഎം ശ്രീ സ്കൂളുകളിൽ മാത്രമാണോ, അതോ എല്ലാ സ്കൂളുകളിലുമാണോ എന്നതിൽ വ്യക്തതയില്ല. പദ്ധതി നടപ്പാക്കിയ സംസ്ഥാനങ്ങളിൽ എൻഇപി കർശനമായി നടപ്പാക്കിയിട്ടുമില്ല.
സ്കൂൾതലങ്ങളുടെ ഘടനാമാറ്റം, ഒന്നാം ക്ലാസ് പ്രവേശന പ്രായം 6 വയസ്സാക്കൽ എന്നിവയാണ് എൻഇപിക്കു വേണ്ടി വരുന്ന പ്രധാന മാറ്റങ്ങൾ. ഇതിൽ 6 വയസ്സ് പരിധി അടുത്ത അധ്യയന വർഷം നടപ്പാക്കാൻ എൽഡിഎഫ് സർക്കാർ തന്നെ തീരുമാനിച്ചിരുന്നു. എൻഇപി നിർദേശിക്കുന്ന പല ഘടകങ്ങള്‍ കൂടി പരിഗണിച്ചാണ് പുതിയ പാഠ്യപദ്ധതി പരിഷ്കരണവും നടന്നത്. എൻഇപിയിൽ അനുകൂലിക്കാവുന്ന കാര്യങ്ങളുമുണ്ടെന്നായിരുന്നു കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെയും നിലപാട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments