Breaking News

മടിക്കൈയിലെത്തിയ കാട്ടുപോത്തിനെ മയക്കുവെടിവെച്ച് പിടിച്ച് കാട്ടിൽ വിട്ടു


മടിക്കൈ
: മടിക്കൈ ഗ്രാമത്തിലും പരിസരത്തും മൂന്നുദിവസമായി തമ്പടിച്ച കാട്ടുപോത്തിനെ മയക്കുവെടിവെച്ച് പിടിച്ചു. തൃശ്ശൂരിൽനിന്നെത്തിയ വിദഗ്ധരാണ് മയക്കുവെടിവെച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെ കാര്യളത്തെ കിണറ്റിൽ കാട്ടുപോത്ത് വീണിരുന്നു. തിങ്കളാഴ്ച പുലർച്ചെ വനപാലകരും പോലീസും ചേർന്ന് കരകയറ്റിയെങ്കിലും കാട്ടിലേക്ക് പോയില്ല.

തുടന്നാണ് മയക്കുവെടിവെക്കാൻ വനംവകുപ്പധികൃതർ തയ്യാറായത്. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ്‌ തൃശ്ശൂരിൽനിന്നുള്ള വിദഗ്ധരെത്തിയത്‌. മയക്കുവെടി വെക്കുന്ന സമയം സമീപത്തെ വീടുകളിൽനിന്ന് ആരും പുറത്തിറങ്ങരുതെന്ന് വനംവകുപ്പ് നിർദേശിച്ചു. പടക്കം പൊട്ടിച്ചതോടെ പോത്ത്‌ ഇറങ്ങിയോടി. ഒരുകിലോമീറ്റർ അകലെ കിനാനൂർ-കരിന്തളം പഞ്ചായത്തിലെ മാനൂരി പുല്ലാഞ്ഞിവള്ളിയിലാണ് നിന്നത്.

അവിടെവെച്ചാണ് പത്തരയോടെ ആദ്യ മയക്കുവെടിവെച്ചത്. രണ്ടുമണിക്കൂർ കഴിഞ്ഞിട്ടും പോത്ത് മയങ്ങിയില്ല. മയക്കുവെടിയുടെ ആദ്യ ഡോസ് ഉദ്ദേശിച്ച ഫലം ചെയ്യാത്തതിനെ തുടർന്ന് 100 മീറ്റർ അകലെവെച്ചാണ് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ രണ്ടാമത്തെ ഡോസ് വെടിയുതിർത്ത് പിടിച്ചത്. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് ലോറിയിലേക്ക് കയറ്റി വനമേഖലയിലേക്ക് കൊണ്ടുപോയി.

ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർമാരായ ഡേവിഡ് എബ്രഹാം, ആർ. രാജ് എന്നിവരാണ് നേതൃത്വം നൽകിയത്. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീതയും അംഗങ്ങളും സ്ഥലം സന്ദർശിച്ചു. 

No comments